ഞാനൊരു പാവം പാലാക്കാരന്‍

ചിന്താവിഷ്ടനായ വാഴക്കാവരയന്‍

>> Monday, January 31, 2011

കുറച്ചു നാളുകളായി പഠനം ആണ് എന്ന് പറഞ്ഞു തേരാ പാരാ നടക്കാന്‍ തുടങ്ങിയിട്ട്. ഇടയ്ക്കു ബാംഗ്ലൂര്‍ പോകുന്നു, തിരിച്ചു വരുന്നു അങ്ങനെ ആകെ കോലാഹലങ്ങള്‍. പറയാന്‍ എല്ലാവര്ക്കും എളുപ്പമാ..ഞാന്‍ ഈ വയസാന്‍ കാലത്ത്‌ എങ്ങനെ സമാധാനമായി പഠിക്കും?


കുറച്ചു ദിവസമായി നാട്ടിലാണ് ഇപ്പോള്‍. രാവിലെ ഒരു പത്തുമണി ആകുമ്പോള്‍ എണീക്കും, അപ്പോഴേക്കും ഭാര്യ പിള്ളേരെ ഒക്കെ ഒരുക്കി പ്ലേ സ്കൂളിലും അവള്‍ ജാവാ പഠിക്കാനും പോകും. പിന്നെ പതുക്കെ കുളിയും ജപവും, മലാശയത്തിനു ആശ്വാസവും ആമാശയത്തിനു പണിയും കൊടുത്ത്‌ പതുക്കെ ഇനിയെന്ത്‌ എന്നാലോചിക്കും. ടീ വീ യില്‍ ആണെങ്കില്‍ ക്രിക്കറ്റിന്റെ ഹൈലൈറ്റ്സ് അല്ലെങ്കില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്. അതൊന്നുമില്ലെന്കില്‍ സിനിമാ, കോമഡി അങ്ങനെ എന്തേലും. അമ്മയും കൂടി പുറത്തു പോകുവാണേല്‍ എഫ് ടീ വീ. അത് മടുക്കുമ്പോള്‍ ഇമെയില്‍ നോക്കും. പിന്നെ ഫേസ് ബുക്ക്‌ ഓര്‍ക്കുട്ട് അങ്ങനെ എല്ലാം. അതിനകത്തൊന്നും പിന്നെ കുരുത്തക്കേട് നടക്കില്ല, എല്ലാരും കാണില്ലേ? ഇനി ഒരു കള്ള ഐ ഡി ഉണ്ടാക്കണം, പക്ഷെ ഇതാണ് എന്റെ കള്ള ഐ ഡി എന്ന് എങ്ങനെ ആള്‍ക്കാരോട് പറയും? അതൊക്കെപോട്ടെ.

 അങ്ങനെ ഉച്ചയാകും, പിന്നെയും ആമാശയത്തിനിട്ടു പണി കൊടുക്കും. പാവം ഞാന്‍ ആമാശയത്തിനു മാത്രം എക്സര്‍ സൈസ്‌ കൊടുത്ത്‌ വയറിനു മസില് കയറി കയറി കക്ഷം വരെ ആയി. ജിമ്മില്‍ പോയി ടംബില്സ് അടിച്ച് മസിലും വിംഗ്സും കാരണം കക്ഷത്തില്‍ കുരു വന്ന പിള്ളേരെ പോലെ.

ഉച്ച കഴിയുമ്പോള്‍ ഭാര്യ വരും. പിന്നെ അവള്‍ കാച്ചിയ എണ്ണയോ വല്ല മുല്ലപ്പൂവോ ചൂടിയിട്ടുണ്ടെങ്കില്‍ പിന്നെ ഒരു എക്സര്‍സൈസ്, അതില്ലെങ്കില്‍ വെറുതെ വീണ്ടും ഒരു വിശ്രമം. പിന്നെ പിള്ളേര് വരുന്നു, അവരുമായി സാറ്റു കളി, കുടു കുടു, വല്ല മരത്തിലോ മുരിക്കിലോ വല്ലോം കയറുക അങ്ങനെ പലവക. വൈകിട്ട് പൈകക്ക് പോയി ചുമ കോര വലി വാതമെന്നു പറയുന്ന പോലെ മുറുക്ക് വലി കുടി വെടി. ഇതിനിടക്ക് ഞാനെങ്ങനെ പഠിക്കാനാ...?

എല്ലാരും എന്നെ കൊണ്ട് മടുത്തു. അവസാനം കുട്ടപ്പായിയും ടോമിച്ചനും റെജിയും കൂടി എന്നെ ഒരു ധ്യാനത്തിന് പോകാന്‍ നിര്‍ബന്ധിച്ചു. ഒരു ഞായറാഴ്ചയും നിവൃത്തി ഉണ്ടെങ്കില്‍ പള്ളീല്‍ പോകാത്ത, കുമ്പസാരിച്ചിട്ടു പഞ്ചവല്സരങ്ങള്‍ കഴിഞ്ഞ, മതങ്ങളെല്ലാം തന്നെ വെറും സംസ്കാരങ്ങളോ അല്ലെങ്കില്‍ കുടുംബ കഥകളുടെ കൂടെ തത്വങ്ങള്‍ ചേര്‍ന്നതോ ആണെന്ന വിശ്വാസം ഉള്ള ഞാന്‍ ഇനി ധ്യാനത്തിന് പോയി കൈകൊട്ടി ഹല്ലേലൂയ പാടാനോ.. എന്റെ പട്ടി പോകും. പക്ഷെ അവര്‍ പറഞ്ഞു, മകനെ ഇത് വേറെ ആണ്.

വാഗമണ്ണിലെ കുരിശുമല ആശ്രമം. അവിടെ കുറച്ചു സന്യാസികള്‍ ആണ് ഉള്ളത്. നഗ്നപാദരായി കാഷായ വസ്ത്രവുമണിഞ്ഞു, എല്ല് മുറിയെ പണിത് പക്ഷെ പല്ലുമുറിയാതെ മാത്രം തിന്ന്, പച്ചക്കറികളും കായ്കനികളും മറ്റു കിഴങ്ങ് പയറുവര്‍ഗ്ഗങ്ങളും എല്ലാം അവിടെ തന്നെ കൃഷി ചെയ്തു, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവര്‍. ഭാരതീയ രീതികളുമായി ചേര്‍ന്ന് പോകുന്നവര്‍. അവിടെ പോകുക, മര്യാദക്കിരുന്നു പഠിക്കുക, ആവശ്യത്തിന് മാലിന്യമില്ലാത്ത നല്ല ഭക്ഷണം കഴിക്കുക, അങ്ങനെ ഒരു ചിട്ടയാകുക. ഞാന്‍ നോക്കിയപ്പോള്‍ കുഴപ്പമില്ല.
ടീ വീ ഇല്ല, പത്ര മാസികകള്‍ ഇല്ല, പുറം ലോകവുമായി അവിടുത്തെ സന്യാസികള്‍ക്ക് പോലും പരിമിതമായ ബന്ധം മാത്രം. ഫോണും കാര്യങ്ങളും ഒന്നോ രണ്ടോ പേര്‍ മാത്രം ബിസിനസ് (പാല് കച്ചവടം) കാര്യത്തിനായി ഉപയോഗിക്കും. കൊള്ളാം, മറ്റു തടസങ്ങള്‍ ഒന്നുമില്ലാതെ പഠിക്കാന്‍ പറ്റിയ സ്ഥലം.

ഇറച്ചിയും മീനും മുട്ടയും ഇല്ലാതെ വിഷാംശം തീരെയിലാത്ത പച്ചക്കറികള്‍ കഴിക്കുമ്പോള്‍ വയറു ശുചിയാകും, ആമാശയത്തിന്റെ എക്സര്‍സൈസ് കുറയും, ദുര്‍മേദസ് കുറയും. അവിടുത്തെ തണുത്ത കാറ്റില്‍ എന്റെ ശരീരത്തിലെ കൊഴുപ്പുകള്‍ അലിഞ്ഞു തീരും, മലയോരങ്ങളിലെ പച്ചമരചില്ലകളില്‍ ഉരുമ്മിയെത്തുന്ന ശുദ്ധ വായു നാസാരന്ധ്രങ്ങള്‍ വഴി ശ്വാസകോശത്തിലെത്തി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് വിറ്റാമിന്‍ ഇറു വരെയായി കിഡ്നി കാണാതെ കശേരുക്കളില്‍ എത്തും. അങ്ങനെ ഞാന്‍ ആരോഗ്യവാനാകും. പിന്നെ രാവിലെ എണീക്കുക, കാര്യങ്ങള്‍ ഒക്കെ സ്വന്തമായി ചെയ്യുക, സന്യാസിമാരുടെ കൂടെ വല്ല പശൂനെ കറക്കാനോ കറിക്കരയാനോ കൂടുക, എല്ലാം കഴിഞ്ഞു ബോറടിക്കുമ്പോള്‍ പഠിക്കുക. എന്തായാലും കുറച്ചെങ്കിലും പഠിച്ചു പോകും എന്ന് മനസിലായി.

ഇനി അവിടെ പോയി എനിക്കെന്തെലും മാറ്റങ്ങള്‍ സംഭവിച്ചാലോ? ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപോലെ, അല്ലെങ്കില്‍ ബുദ്ധന് ബോധോദയം ഉണ്ടായ പോലെ !

പന്നിയും പോത്തും തവളയും കോഴിയും മാക്‌ഡോണാള്‍ഡും കെ എഫ് സിയുമൊക്കെ കഴിച്ചിരുന്ന ഞാന്‍ ഇനി അതൊക്കെ ഉപേക്ഷിച്ച് പയറും പരിപ്പും ഇലകളും പുല്ലും മാത്രം കഴിക്കുമോ?

ലകൊസ്റ്റെ, നൈക്കി തുടങ്ങി പട്ടിണി കിടന്നു വരെ വാങ്ങിയ ബ്രാന്‍ഡുകളും പിന്നെ നമ്മുടെ ചിരച്ചു കയറ്റി ഉടുക്കുന്ന സാദാ കൈലിമുണ്ട് വരെ മാറ്റി ഞാന്‍ കാഷായ വസ്ത്രം അണിയുമോ?

ലതര്‍ ഷൂ, ക്യാന്‍വാസ്‌ ഷൂ, കൊവാടീസ്‌ ചെരുപ്പ് തുടങ്ങി റബ്ബര്‍ ചെരുപ്പ് വരെ ഞാന്‍ ഉപേക്ഷിച്ച് നഗ്ന പാദനാകുമോ?

റെമി മാര്‍ട്ടിന്‍, ഷിവാസ്, എം എച്ച്, സെലിബ്രേഷന്‍, ബിയര്‍ തുടങ്ങി വാറ്റും പനംകള്ളും വരെ കുടിച്ചിരുന്ന ഞാന്‍ ചൂടുവെള്ളവും കരിങ്ങാലി വെള്ളവും മാത്രം കുടിച്ചു കഴിയുമോ? ദൈവമേ അങ്ങനെ തോന്നാന്‍ ഇടയാക്കരുതേ...

ബീഡി സിഗരറ്റ് കഞ്ചാവ് തുടങ്ങി ഹാന്സും പാന്‍ പരാഗും ഒക്കെ ഒഴിവാക്കി ഞാന്‍ ജീരകവും കല്‍ക്കണ്ടവും വായിലിട്ടു നടക്കുമോ?

സെറ്റ് സാരിയും ഉടുത്തു ഈറനണിഞ്ഞു വരുന്ന എന്റെ പ്രിയതമയെ കാണുമ്പോള്‍ ഞാന്‍ എങ്ങനെ.....  ആഞ്ജനേയാ... കണ്ട്രോള്‍ തരണേ....

എല്ലാം പോട്ടെ സ്വന്തത്തിലുള്ളവരും വേണ്ടപെട്ടവരുമല്ലാതെയുള്ള ഏതു പെണ്ണിനെ കണ്ടാലും ഒന്ന് പൂശ്... ഛെ..പുണരാന്‍ മോഹിക്കുന്ന ഞാന്‍ എങ്ങനെ എല്ലാവരെയും സഹോദരിമാരായി കാണും?

താടി ഒക്കെ നീട്ടി ബിന്‍ ലാദന്റെ കണക്ക്‌ തിരിച്ചു വീട്ടില്‍ ചെന്നാല്‍ എന്റെ മക്കള്‍ എന്ത് വിചാരിക്കും?

ഭാര്യ ബാഗും ഒക്കെ റെഡി ആക്കി കയ്യില്‍ തന്നു. അമ്മ വന്നു നന്നായി വരട്ടെ എന്ന് പറഞ്ഞു അനുഗ്രഹിച്ചു. ആ കണ്ണുകളില്‍ അടുത്ത ആഴ്ച മുതല്‍ പള്ളിയില്‍ ഒക്കെ പോകുകയും വീട്ടില്‍ ഇരുന്നു മുട്ടെക്കുത്തി അമ്പത്തിമൂന്നു മണി ജപം ചെല്ലുകയും ഹല്ലേലൂയ പാടുകയും ചെയ്യുന്ന ഒരു മകനെ കാണാമെന്നുള്ള പ്രതീക്ഷ ഞാന്‍ കണ്ടു.

കെട്ടിപിടിച്ചു ഒരുമ്മയും ഞാന്‍ കാത്തിരിക്കാം എന്ന ഡയലോഗും പിന്നെ ആരോഗ്യമൊക്കെ നോക്കി നടക്കണേ എന്നുള്ള ഉപദേശവുമായി ഭാര്യ. ചുമ്മാ എന്റെ പുറകെ മണത്തോണ്ട് നടക്കാതെ മര്യാദക്ക് വല്ല ജോലിയും കണ്ടുപിടിച്ചു രണ്ടു ക്യാഷ്‌ ഉണ്ടാക്കെടാ മടിയാ എന്നൊരു ധ്വനി ആ നോട്ടത്തില്‍ ഉണ്ടായിരുന്നോ?... ഹേയ് കാണില്ല.

ചാച്ച ഞങ്ങളെ കൂടാതെ എവിടെയോ പോകുകയാണ് എന്ന് മനസിലായി സങ്കടത്തോട്‌ കൂടെ കറിയാച്ചന്‍ ആന്‍ഡ്‌ കോക്കു. ഇടക്കിടക്കൊക്കെ ഓരോ പോക്കുണ്ട്, ഇനി വേറെ വല്ല ഭാര്യേം പിള്ളേരും കാണുമോ എന്നാവും അവര്‍ ചിന്തിച്ചത്. 

ഞാന്‍ യാത്ര പറഞ്ഞു ആര്‍ എക്സ് 100 സ്റ്റാര്‍ട്ട്‌ ചെയ്തു. അവന്‍ എന്നെയും കൊണ്ട് പറക്കാന്‍ കുതിച്ചു നിന്നു. എല്ലാവരും റ്റാറ്റാ തന്നു വിട്ടു. ഞാന്‍ മുന്നോട്ടെടുത്തു...

പുറകില്‍ നിന്നും ഒരു വിളിക്ക് കാതോര്‍ത്ത്‌ ഞാന്‍ പിന്നെയും തിരിഞ്ഞു നോക്കി, അച്ഛാ അച്ഛാ പോകല്ലേ.. അച്ഛാ അച്ഛാ പോകല്ലേ.. എന്നൊരു വിളിയെങ്ങാനും കേള്‍ക്കുന്നുണ്ടോ?..... പിന്നെ കോപ്പാ... ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്‍ ഒന്നും അല്ലല്ലോ ഞാന്‍.

NB - ശേഷം ഒരു സന്യാസിയായില്ലെങ്കില്‍........

6 comments:

ചാര്‍ളി (ഓ..ചുമ്മാ ) January 31, 2011 at 6:34 PM  

കൊള്ളാം കൊള്ളാം
കുരിശുമലപാലിന്റെ കവറില്‍ ഇനി മൂലവെട്ടി കാണുമോ കര്‍ത്താവേ...

പോയി നന്നായി വാ മാഷേ..
പറഞ്ഞ ഐറ്റംസില്‍ ഒന്നു മാത്രം കൊതിപ്പിച്ചു..
തവള...
ഈ വര്‍ഷകാലത്ത് തീര്‍ച്ചയായും നാട്ടീല്‍ വരണമെന്ന് വിചാരിക്കുന്നു.

Prabhan Krishnan February 2, 2011 at 3:28 PM  
This comment has been removed by the author.
Prabhan Krishnan February 2, 2011 at 3:32 PM  

രസമുല്ല വായന..സന്യാസിആയാലും( ആ പിള്ളേരുടെ ഭാഗ്യം..) ഇല്ലെങ്കിലും, വീണ്ടും കാണാം..ആശംസകള്‍...!!( ഫോണ്ട് കുറച്ചുകൂടി വലുതാക്കണം..പഴേപോലെ കണ്ണിന് വോള്‍ട്ടേജു പോരാ..!)

ചിതല്‍/chithal February 3, 2011 at 2:35 PM  

ഇഷ്ടാ.. പെട്ടെന്നു്‌ പോയി വരു.
ബാക്കി വായിക്കാനുള്ള ആക്രാന്തം കൊണ്ട് പറഞ്ഞതാ. പതുക്കെ സ്വഭാവമൊക്കെ മാറ്റി വന്നാൽ മതി.

ഉത്രം നക്ഷത്രം February 3, 2011 at 3:29 PM  

അങ്ങനെ അല്ല, ചാര്‍ളി മാമാ, പൈകെലെ "ആ" കടയില്ലേ, അതിന്‍റെ ബ്രാഞ്ച് ഒരെണ്ണം വാഗമണ്ണില്‍ തുടങ്ങാന്‍ സാധ്യത ഉണ്ട്.

breaking News:
വാഗമണ്‍: കുരിശു മല ആശ്രമത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ, പുറത്തു നിന്ന് ഉള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. ഫീകരാക്രമണത്തിന് ശേഷം താജ് ഹോട്ടല്‍ അടച്ചിട്ടതും, ഈ നടപടിയുമായി കൂട്ടി വായിക്കാവുന്നതാണ് എന്ന് വിലയിരുത്തുന്നു.
അവിടെ കുറച്ചു പേരുടെ ജീവന്‍ പോയി, ഇവിടെ മാനവും.

നെല്‍സണ്‍ താന്നിക്കല്‍ July 14, 2011 at 8:31 AM  

വളരെ മാനം മര്യാദക്ക് ജീവിക്കുന്ന അവരെ വഴിതെറ്റിക്കരുതേ പ്ലീസ്


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP