ഞാനൊരു പാവം പാലാക്കാരന്‍

Showing posts with label അമ്മ. Show all posts
Showing posts with label അമ്മ. Show all posts

അമ്മ

>> Thursday, December 16, 2010

അങ്ങനെ വാഴക്കാവരയനും സെഞ്ചുറി അടിക്കുന്നു. സിക്സര്‍ അടിച്ചു വേണോ അതോ സിംഗിള്‍ എടുത്തു വേണോ എന്നോക്കെ ചിന്തിച്ചു നോക്കുന്നു. പതിവിനു വിപരീതമായി പാവങ്ങളുടെ രഥം എന്ന് പേരുള്ള ട്രെയിനിലെ മുകളിലെ ബര്‍ത്തില്‍ കമന്ന് കിടന്നാണ് ചിന്ത.

ഒത്തിരി കമന്റും നൂറുകണക്കിന് ഹിറ്റും ഒക്കെ കിട്ടുന്ന ഒരു അടിപൊളി ബ്ലോഗ്‌ ഇട്ടേക്കാം എന്നൊക്കെ ആശ ഉണ്ടെങ്കിലും വീട്ടില്‍ നിന്നും പടിയിറങ്ങുന്ന ദിവസങ്ങള്‍ പൊതുവേ മനസ് അശാന്തമായിരിക്കും. എന്നാ പിന്നെ ആര്‍ക്കെങ്കിലും ഡഡിക്കെറ്റ് ചെയ്തേക്കാം എന്ന് തോന്നി. കരഞ്ഞുകൊണ്ട് യാത്രയാക്കിയ ഭാര്യ, പനീ പിടിച്ചുറങ്ങുന്ന കറിയാച്ചന്‍ , കെട്ടിപിടിച്ചുമ്മ തന്ന കോക്കു ഇവരൊക്കെയാണ് ആദ്യം മനസ്സില്‍ വന്നത്. എന്താണവരെക്കുറിച്ച് എഴുതുന്നത് എന്നാലോചിച്ചിങ്ങനെ ഇരുന്നപ്പോള്‍ വയറ്റില്‍ നിന്നും ഒരു കൊച്ചു ഏമ്പക്കം, വത്തല മുളക് ചുട്ടരച്ച ചമ്മന്തിയുടെ രുചി വീണ്ടും വായില്‍ വന്നു.

എന്റെ നൂറാമത്തെ ബ്ലോഗ്‌ എന്റെ അമ്മയെക്കുറിച്ചല്ലാതെ മറ്റെന്താണെഴുതുക? യാത്രയില്‍ കഴിക്കാനായി ഇലയില്‍ പൊതിഞ്ഞു തന്ന ചോറിനും ചമ്മന്തിക്കും മുട്ടപൊരിച്ചതിനും ഒരു പക്ഷെ അതെന്നെ ഓര്‍മ്മിപ്പിക്കുന്ന ഒരു ദൌത്യവും ഉണ്ടായിരിക്കാം.

പൈകയിലെ ഒരു റോമന്‍ കാത്തലിക്‌ കുടുംബത്തിലെ ബിസിനസുകാരനായ ഒരു അപ്പന്റെ രണ്ടാമത്തെ മകളായി ജനനം. ചെറുപ്പകാലം അപ്പന്റെ തറവാട്ടില്‍ . പിന്നീട് മൂന്നനിയന്മാരും മൂന്നനിയത്തിമാരും. ചെറുപ്പത്തിലേ തന്നെ ഒരനിയത്തിയെ നഷ്ടമായി.

ആനയെ സ്വപ്നം കണ്ടു നിലവിളിച്ചു കരഞ്ഞിരുന്ന ആ പെണ്‍കുട്ടിക്ക് കുഞ്ഞുനാളില്‍ തന്നെ കാലില്‍ ഒരു ഓപ്പറേഷന്‍ , അവസാനം കാലിലൊരു കുഞ്ഞു മുടന്തു ബാക്കി. എങ്കിലും അവള്‍ പഠിച്ചു, അവളുടെ അപ്പന്‍ അവള്‍ പഠിപ്പിച്ചു. ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ചങ്ങനാശ്ശേരി അസംഷന്‍ കോളേജില്‍ നിന്നും ഡിഗ്രീ, എസ് ബി കോളേജില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രീ, പിന്നെ ബീയെഡും. ഇടക്കിത്തിരി കാലം ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജില്‍ അധ്യാപനവും.

പിന്നീട് കല്യാണം, ചടപടാന്ന് നാല് പിള്ളേര്‍ , കെട്ടിയവന്റെ മരണം, ഒരു യുവതിയുടെ മനസിന്‌  ഒന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നതിനു മുമ്പ് സംഭവങ്ങളുടെ പെരുമഴ. എങ്കിലും തളര്‍ന്നില്ല, എല്‍ പി സ്കൂളില്‍ തുടങ്ങിയ ജോലി അവസാനം ഹൈസ്കൂളില്‍ എത്തി റിട്ടയര്‍ ആയി. അന്ന് കൂടെ പഠിച്ചവര്‍ ഒക്കെ വലിയ പ്രൊഫസര്‍മാര്‍ ഒക്കെ ആയി ആവശ്യത്തിന് സമ്പാദിച്ച് മക്കളെ ഒക്കെ നല്ല നിലയില്‍ ആക്കികാണുമായിരിക്കാം. പക്ഷെ അമ്മയും പെണ്മക്കളെ ഒക്കെ കെട്ടിച്ചു, ഇനി ഇളയ മകന്റെ കല്യാണം കൂടികഴിഞ്ഞാല്‍ എല്ലാ ഉത്തരവാദിത്വങ്ങളും തീരും.

എവിടെ തീരാന്‍ ..... അനുഭവങ്ങളുടെ തീചൂളയിലൂടെ നടന്നവളെന്കിലും ഒരു സാധാരണ സ്ത്രീ ആണ് എന്റെ അമ്മ. നാല് ദിവസം മുമ്പ്‌ ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ പറഞ്ഞു, ഇനി എന്റെ കാലം കഴിഞ്ഞാലേ നിങ്ങള്‍ക്കും ഒരു ഗതിയുണ്ടാവൂ എന്നാ തോന്നുന്നേ, അത്രയ്ക്ക് ഗതികെട്ട ജന്മാമായിരിക്കും എന്റേത് എന്ന്. ഞങ്ങളില്‍ ആര്‍ക്കെങ്കിലും ഒക്കെ എന്തെങ്കിലും പ്രശ്നങ്ങള്‍ എപ്പോളും ഉണ്ടായിരിക്കുന്നതിനാല്‍ അമ്മക്ക് ഒരിക്കലും സന്തോഷിക്കാന്‍ പറ്റില്ല.

എന്നും കഷ്ടകാലങ്ങളും ദുരന്തങ്ങളും അനുഭവിക്കേണ്ടി വന്ന ഒരു ജന്മം, സപ്തതിയോടടുക്കുന്ന ഇനിയെങ്കിലും ഇത്തിരി സന്തോഷം അമ്മക്ക് ലഭിക്കുമോ? ഇടക്കൊക്കെ സന്തോഷത്തിന്റെ നാമ്പുകള്‍ ഞാന്‍ കാണുന്നു. പണ്ട് കോളേജില്‍ ഒന്നിച്ചു പഠിച്ച, ഒരുമിച്ചു ഹോസ്റ്റലില്‍ താമസിച്ച ഒരു കൂട്ടുകാരിയുമായി മൂന്നു മാസം മുമ്പ് കണ്ടുമുട്ടി. ഭയങ്കര സന്തോഷമായിരുന്നു അപ്പോള്‍ . രണ്ടു ദിവസം മുമ്പ് ഊട്ടിയില്‍ ചെന്നപ്പോള്‍ അവിടുത്തെ പൂക്കള്‍ കണ്ടപ്പോള്‍  ബോട്ടണിക്കാരിയായ അമ്മയുടെ സന്തോഷം.



എന്റെ ദൈവമേ.... ഇനിയും ബെറ്റിക്കോട്ടും ഇട്ടു നിലവിളിച്ചുകൊണ്ട് ആനയുടെ മുമ്പില്‍ നില്‍കുന്ന സ്വപ്നങ്ങള്‍ അമ്മയെ കാണിക്കരുതെ... പൂക്കളും ചെടികളും പൂമ്പാറ്റകളും മാത്രമുള്ള മുറ്റത്ത്‌ ചിരിയുമായി നില്‍ക്കുന്ന അമ്മയോട്... "ഞാന്‍ എന്നാ ഇറങ്ങുവാ കേട്ടോ" എന്ന് പറഞ്ഞു ദിവസവും ജോലിക്ക് പോകാനുള്ള ഒരനുഗ്രഹം നാലുമക്കളില്‍ എനിക്ക് മാത്രം നല്‍കണമേ....ഞങ്ങളുടെ അമ്മക്ക് ഇനിയുള്ള കുറച്ചു കാലമെന്കിലും  നല്ല സന്തോഷമുള്ള നിമിഷങ്ങള്‍ സമ്മാനിക്കുവാന്‍ ഞങ്ങള്‍ക്ക്‌ എല്ലാവര്‍ക്കും അനുഗ്രഹം നല്‍കണമേ........

Read more...

ഒരു അമ്മയുടെ ചിന്തകള്‍

>> Saturday, October 4, 2008

ഞാന്‍ നാലു മക്കളുടെ അമ്മ, ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു പോയി. ഒത്തിരി അധികം കഷ്ടപ്പെട്ടു എങ്കിലും ഇപ്പോള്‍ എല്ലാം ഒന്നു കലങ്ങിത്തെളിഞ്ഞപോലെ. മക്കളെല്ലാവരും നല്ല നിലയില്‍ സ്വദേശത്തും വിദേശത്തുമായി ജീവിക്കുന്നു. ഇളയ മകന്റെ കല്ല്യാണം കൂടി നടത്തിയാല്‍ കടമകള്‍ എല്ലാം തീര്‍ന്നു. വാതത്തിന്റെയും പിന്നെ കൊതുകിന്റെ സംഭാവനയായ ചിക്കന്‍ ഗുനിയായുടെയും അസ്കിതകള്‍ ഒഴിച്ചാല്‍ ജീവിതം സുഖകരം.

എങ്കിലും എന്തോ ബാക്കി കിടക്കുന്നപോലെ. ഞാനിന്നു ഏകയാണ്. മക്കളേല്ലാം ഓരോ സ്ഥലങ്ങളില്‍. എല്ലാവരും അവരുടെ കൂടെ താമസിക്കാന്‍ വിളിക്കുന്നു. എന്തോ എനിക്കു ഇവിടുന്നു പോകാന്‍ തോന്നുന്നില്ല. കാര്യം ഒറ്റക്കു ജീവിക്കാന്‍ പേടിയുണ്ട്, എന്നാലും വയ്യ. ഇവിടെ തന്നെ ജീവിച്ചാല്‍ മതിയെനിക്ക്. നിങ്ങള്‍ വിചാരിക്കുന്ന പോലെ എന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ വീടല്ല ഇത്. എന്റെ മക്കള്‍ പിച്ചവെച്ചു നടന്ന വീടല്ല ഇത്. മക്കളുടെ കൂടെ അമേരിക്കയിലും ഗള്‍ഫിലും നാട്ടില്‍ തന്നെയും ഇതിലും സുഖസൌകര്യങ്ങളും എന്റെ മിടുക്കരായ കൊച്ചുമക്കളും ഒക്കെയായി ജീവിക്കാന്‍ എല്ലാവരും പറയുന്നെങ്കിലും എന്തോ എനിക്കു ഇവിടെ നില്‍ക്കാനാണിഷ്ടം. എന്താണാവോ കാര്യം?


ഓര്‍മ്മകള്‍ പിന്നോട്ടോടി. ഭര്‍ത്താവിന്റെ മരണശേഷം എന്റെ പിഞ്ഞു കുഞ്ഞുങ്ങളെയും എന്റെ തറവാട്ടില്‍
മാതാപിതാക്കളെ ഏല്‍പ്പിച്ചു മലയോരങ്ങളില്‍ അധ്യാപികയായി നടന്ന സമയങ്ങള്‍. ആഴ്ചാവസാനം കൊതിയോടെ ഓടിച്ചെന്നാ ഇരുട്ടില്‍ എന്നെ കാത്തിരിക്കുന്ന എന്റെ പൊന്നു മക്കളെ കാണാനുള്ള ആ വെമ്പല്‍, കാണുമ്പോളുള്ള ആ നിര്‍വൃതി. തിങ്കളാഴ്ച രാവിലെ ചങ്കു പറിച്ചെറിയുന്ന പോലെ അവരെ പിരിയുന്നതിന്റെ വേദന. എന്തായിരുന്നു ആ കാലം.


എല്ലാ വെള്ളിയാഴ്ച്കയും ഹെഡ്മാസ്റ്ററുടെ പ്രത്യേക അനുവാദത്താല്‍ കട്ടപ്പനിയിലെ ഒരു കുഗ്രാമത്തില്‍ നിന്നും രാജു മോട്ടോര്‍സില്‍ കയറി രാത്രിയോടെ തറവാട്ടില്‍ എത്തുമ്പോള്‍ എന്റെ അപ്പനോ അനിയനോ ബസ് സ്റ്റോപ്പില്‍ കാണും. വീടിന്റെ മുമ്പിലെ പതിനെട്ടാം പടിയുടെ ഏറ്റവും മുകളിലത്തെ പടിയില്‍ എന്റെ അമ്മയുടെ ശകാരങ്ങളെ മാനിക്കതെ എന്റെ നാലു മക്കളും നോക്കിയിരിപ്പുണ്ടാവും. മൂന്നു വയസുകാരനായ ഇളയവനെ കൈ പിടിച്ചു നട ഇറക്കുന്ന മൂത്ത മകള്‍. പാമ്പോ പ്രേതമോ പിടിക്കുമെന്നുള്ള പേടിയിലും എന്നെ കാണാനുള്ള കൊതിയോടെ ഇറങ്ങിവരുന്ന മൂത്തമകന്‍. ഇന്നമ്മേടെ കൂടെ ഞാനാ കിടക്കുന്നേ എന്നു പറഞ്ഞു വരുന്ന ഇളയമോള്‍. അമ്മേ മുത്തായി വാങ്ങിയോ എന്നു ചോദിക്കുന്ന ഇളയ മോന്‍. ആരെയാ ഞാനാദ്യം എടുക്കുക? തവണ വെച്ചാണ് ആദ്യ ഉമ്മ. ഇരുട്ടത്തു കണ്ണുതുറക്കാന്‍ പോലും പേടിയുള്ള മൂത്തമകന്‍ വരെ അവന്റെ തവണയില്‍ ഉമ്മക്കായി ഇരുട്ടത്ത് ഓടി വരും.


കുരിശുവരയിടെ നേരത്ത് എന്റെ മടിയില്‍ കിടന്നു ശാന്തമായുറങ്ങുന്ന ഇളയമകന്റെ മുഖത്തേക്കു നോക്കുമ്പോള്‍ ഇനിയെങ്ങനാ ഞാന്‍ ഇവനെ ഇട്ടേച്ചു തിങ്കളാഴ്ച വീണ്ടും പോകുക എന്ന ചിന്തയാണ് ആദ്യം വരുക. സന്തോഷ സമയങ്ങളിലും വരാനിരിക്കുന്ന ദുഖചിന്തകളാണോ മനസില്‍ എപ്പോളും വരുക? ആര്‍ക്കറിയാം, ഒരു പക്ഷെ സുരക്ഷിതബോധത്തോടെ നെഞ്ചില്‍ തലചായ്ച്ചുറങ്ങാന്‍ ഒരാളില്ലാത്തതിനാലാവാം ഈ ഭയം. രണ്ടു ദിവസം മുമ്പ് കൊക്കയില്‍ വീണ് നിരവധി ആള്‍ക്കാര്‍ മരിച്ച കൊണ്ടോടി ബസിന്റെ ചിത്രം മനസില്‍ വന്ന മൂത്തമകള്‍ ലുത്തിനിയായുടെ ഇടക്കു വെച്ചു വിങ്ങി പൊട്ടി അമ്മ ഇനി കിഴക്കുദേശത്തു പഠിപ്പിക്കാന്‍ പോകണ്ടാ എന്നു പറഞ്ഞപ്പോള്‍ ഞാനും അറിയാതെ തേങ്ങി. ഈ വക ചിന്തകള്‍ എന്റെ മക്കളുടെ മനസില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും വിഹ്വലതകളും പരിഹരിക്കാന്‍ വഴി കാണാതെ ഞാന്‍ കുഴഞ്ഞു.


മലയോര ഗ്രാമങ്ങളിലെ ജനങ്ങളുടെ കഷ്ടപ്പാടും മറ്റു കുഞ്ഞുങ്ങളുടെ ജീവിത സാഹചര്യവും ഓര്‍ക്കുമ്പോള്‍ എന്റെ മക്കള്‍ ഭാഗ്യമുള്ളവരെന്നു കരുതി ഞാന്‍ ആശ്വസിക്കും. ഡാന്‍സിനും പാട്ടിനും പ്രസംഗത്തിനും ഒക്കെ കിട്ടിയ സമ്മാനങ്ങളുമായി പെണ്മക്കള്‍ എനിക്കഭിമാനം തരും. മടിയില്‍ കിടന്ന് തലമുടിയില്‍ വിരലോടിക്കാന്‍ പറഞ്ഞു മൂത്തമകന്‍ അവനു നഷ്ടപ്പെട്ട അമ്മയുടെ സ്നേഹം അനുഭവിക്കും. കൊഞ്ചലുകളും കെട്ടിപ്പിടുത്തവുമായി ഇളയ മകന്‍, വല്ലപ്പോളും കിട്ടുന്ന പായസത്തിന്റെ രുചി എത്ര വയസായാലും നാവില്‍ നിന്നു മാറാത്ത പോലെ എന്റെ മക്കളുടെ ആ സ്നേഹം ഇന്നും മനസില്‍ നിന്നു പോകുന്നില്ല.


ഫോണ്‍ അടിക്കുന്നു, മകനാ.. ഗള്‍ഫില്‍ നിന്നും. അവന്റെ രണ്ടാമത്തെ കുട്ടിയും അടുപ്പിച്ചുണ്ടായപ്പോള്‍
അവരുടെ രണ്ടാമനു കൊടുത്തിട്ടു മിച്ചമുള്ള മുലപ്പാല്‍ മൂത്തവനു കൊടുത്ത് അവനു അവനു പറ്റിയ നഷ്ടം
കോമ്പന്‍സേറ്റ് ചെയ്യാനുള്ള ശ്രമം പാളിയത് പറയാന്‍ വിളിച്ചതാ. മൂത്ത കുട്ടിക്കു മാസങ്ങളായപ്പോളേ രണ്ടാമതും മരുമകള്‍ ഗര്‍ഭിണി ആയി. അവന്റെ ഒരേയൊരു സങ്കടം മൂത്തവന്റെ മുലപ്പാല്‍ കുടി നിര്‍ത്തേണ്ടി വരുമല്ലോ എന്നുള്ളതായിരുന്നു. മൂന്നാലുമാസം കഴിഞ്ഞപ്പോല്‍ മുലപ്പാല്‍ തനിയെ വറ്റി, അവനു കൊടുക്കാതെയായി. എന്നാലും ഇടക്കു കൊതിയോടെ നോക്കുന്ന കുഞ്ഞുമകന് മരുമകള്‍ ഇടക്കു കൊടുക്കും, ഒന്നുമില്ലാതെ ഒരു ചവര്‍പ്പു മാത്രം ഉള്ള ആ അമ്മിഞ്ഞയില്‍ അവന്‍ ആസ്വദിച്ചു നുണയും. മലര്‍ന്നും കമഴ്ന്നും തലയുംകുത്തി നിന്നും അവന്‍ കുടിക്കും. അന്നേ അവര്‍ തീരുമാനിച്ചു പറഞ്ഞു, രണ്ടാമത്തെ കൊച്ചു കുടിച്ചു മിച്ചമുണ്ടെങ്കില്‍ അവനു കൊടുക്കും എന്ന്. പഴമക്കാരുടെ അഭിപ്രായം മാനിച്ചു ഞാന്‍ എതിര്‍ത്തു, എങ്കിലും അവര്‍ കൊടുത്തു. പക്ഷെ അവന്‍ കുടിച്ചില്ല, നാണത്തോടെ നോക്കി മാറിപ്പോയ്യത്രെ. പാവം, എന്റെ മൂത്തമകന്റെ മുലകുടി ചെന്നിനായം തേച്ചാണ് എന്നു നിര്‍ത്തിയത്. അതിനാലാവം അവന്‍ അവന്റെ മകനു കൊടുത്തു നോക്കിയത്.


ഞാന്‍ വീണ്ടും പഴയകാല പോയി. തുണിയലക്കും പിള്ളേരുടെ പരാതികേള്‍ക്കലും ഒക്കെയായി അവധി സമയം വേഗം പോകും. പരസ്പരം മത്സരിക്കുമെങ്കിലും മക്കള്‍ക്കെല്ലാവര്‍ക്കും നല്ല സ്നേഹമായിരുന്നു. എന്റെ മൂത്ത സഹോദരന്റെ പെട്ടിയില്‍ നിന്നും പഴയ സിഗരറ്റ് എടുത്തു കത്തിച്ചതിന് നാലെണ്ണത്തിനിട്ടും പൊട്ടിച്ച കാര്യം അമ്മ പറഞ്ഞു. പെണ്ണുങ്ങളു പോരാഞ്ഞിട്ടു ഏറ്റവും കുഞ്ഞവന്‍ വരെ വലിച്ചത്രെ, മൂത്തവനാ അതിന്റെ സൂത്രധാരന്‍ എന്നതിനാല്‍ അവനിട്ടു രണ്ടെണ്ണം കൂടുതലും കൊടുത്തു. എന്നും വരുമ്പോള്‍ പരാതികളുടെ പ്രളയം ആണ്. അപ്പനും അമ്മയും ഇല്ലാതെ നാലു കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ചില്ലറ പാടല്ലല്ലോ? പോരാത്തതിനു വളര്‍ത്തുദോഷവും അവര്‍ക്കല്ലേ കിട്ടുക. എങ്കിലും എന്റെ മക്കള്‍ക്കു നഷ്ടമായ നിരവധിയായ കാര്യങ്ങല്‍ ഓര്‍ത്ത് ഞാന്‍ പോകുന്ന വഴി മുഴുവന്‍ ബസിലിരുന്നു കരയും. തിങ്കളാഴ്ച വെളുപ്പിനെ മഞ്ഞത്തു പുറത്തിറങ്ങണ്ടാ എന്ന എന്റെ അപ്പന്റെ ശാസനയാല്‍
കാര്‍പോര്‍ച്ചില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന മക്കളുടെ മുഖം എങ്ങനെ മറക്കും. മൂന്നു വയസുമാത്രമുള്ള എന്റെ ഇളയമകന്‍ ഒന്നുമറിയാതെ ചിരിച്ചുകൊണ്ടു തരുന്ന റ്റാറ്റ മനസില്‍ ഇന്നും കൊത്തിവച്ചിരിക്കുകയാണ്. ഇന്നിപ്പോള്‍ അവനു മീശയും താടിയും ഒക്കെയായി. എങ്കിലും എനിക്കവന്‍ കുഞ്ഞുകൊച്ചു തന്നെയാണ്.
കുറഞ്ഞപക്ഷം കല്ല്യാണം കഴിക്കുന്ന വരെയെങ്കിലും.


പേരക്കിടാങ്ങള്‍ക്കൊക്കെ എന്നെ വലിയ കാര്യമാണ്, മക്കള്‍ക്ക് എന്നോടുള്ള സ്നേഹം അവരിലേക്കും
പകര്‍ന്നതാവാം. അവര്‍ക്കു ഇവിടെ വരുന്നത് വളരെ ഇഷ്ടവുമാണ്, അമ്മമ്മേ എന്നു വിളിച്ചു കൊണ്ട് ഓടി നടക്കും. അവര്‍ക്കൊക്കെ ലഭിക്കുന്ന സൌഭാഗ്യങ്ങള്‍ കാണുമ്പോള്‍ അവരുടെ മാതാവോ പിതാവോ ആയ എന്റെ മക്കള്‍ അവര്‍ക്കു നഷ്ടപ്പെട്ടതൊക്കെ മക്കള്‍ക്കു കൊടുക്കാനായി നടത്തുന്ന വ്യര്‍ഥശ്രമങ്ങള്‍ കണ്ട് വേദനിക്കും. വിശക്കുന്നവര്‍ക്കല്ലേ ഭക്ഷണത്തിന്റെ വിലയറിയൂ?


അന്നൊക്കെ കിഴക്കന്‍ മലയോരങ്ങളിലേക്ക് ബസിലിരുന്നു യാത്ര ചെയ്യുന്ന അവസരങ്ങളില്‍ ഏതൊരു
അമ്മയേയും പോലെ എന്റെ മനസിലും മക്കളെ കുറിച്ചുള്ള ആശങ്കകള്‍ നിറഞ്ഞുനിന്നു. പേരക്കമ്പില്‍
ഊഞ്ഞാലാടുമ്പോള്‍ കൈവിട്ടുപോയി കല്ലില്‍ തലയിടിച്ചാലോ, അല്ലെങ്കില്‍ തോട്ടില്‍ കുളിക്കാന്‍ പോകുമ്പോള്‍
മുങ്ങിപ്പോയാലോ‍ എന്നൊക്കെയുള്ള വിവിധതരം പേടികളാല്‍ എന്റെ മനസ് എന്നും സങ്കടങ്ങളിലും ആശങ്കകളിലും നിറഞ്ഞു നിന്നു. ഇന്നും അതു തന്നെ അവസ്ഥ. അപകടങ്ങളുടെ വാര്‍ത്തയല്ലേ കേള്‍ക്കാനുള്ളൂ. ഇന്നു കുട്ടികള്‍ കട്ടിലില്‍ നിന്നും താഴെ പോകതിരിക്കാനും, മരത്തിലും ജനലിലും വലിഞ്ഞു കയറാതിരിക്കാനുമൊക്കെയായി മാതാപിതാക്കള്‍ കാണിക്കുന്ന പരാക്രമങ്ങള്‍ കാണുമ്പോള്‍ ഞാന്‍ എന്റെ അന്നത്തെ അവസ്ഥ ആലോചിക്കും. കുളങ്ങള്‍ , തോട്, പാറ, പാമ്പ്, ഇലക്ട്രിക് ഷോക്ക് തുടങ്ങി എത്രയോ സാഹചര്യങ്ങള്‍.


ഇവിടെ എന്റെ വീട്ടില്‍ ഇപ്പോള്‍ ഒറ്റക്കാണെങ്കിലും എനിക്കെന്റെ ഓര്‍മ്മകള്‍ കൂട്ടിനുണ്ട്, ഏതു കാലത്തിലേക്കു വേണമെങ്കിലും നമുക്കു പറന്നു പോകാം. നാട്ടിലേക്കിറങ്ങിയാല്‍ എല്ലാവരും എന്നെ അറിയാവുന്നവര്‍. ഇടക്കൊക്കെ വന്നു നില്‍ക്കുന്ന മക്കളും കൊച്ചുമക്കളും. എന്നെ കാണാന്‍ വരുന്ന എന്റെ സഹോദരങ്ങള്‍. എല്ലാത്തിനും ഉപരി എന്റെ വീടെന്ന് എനിക്കു തോന്നുന്ന വീട്. ഞാന്‍ ഏത് മക്കളുടെ കൂടെ പോയാലും എന്നെ അവര്‍ പൊന്നു പോലെ നോക്കും, പക്ഷെ എനിക്കവിടെ സ്വന്തമെന്നു തോന്നില്ല. മാത്രവുമല്ല അവര്‍ നാട്ടില്‍ വരുമ്പോളല്ലേ എനിക്കും വരനാവൂ? ഇതാകുമ്പോള്‍ എല്ലവരും വരുന്ന സമയത്ത് ഞാന്‍ ഇവിടെ കാണും. കപ്പയും ചക്കയും മാങ്ങയും ചേനയും കൂട്ടി നല്ല ഭക്ഷണം കഴിക്കാം. മാടത്തയേയും മൈനയേയും കാണാം. പ്രഭാതത്തില്‍ കുയിലിന്റെ നാദം കേല്‍ക്കാം. മറ്റൊരു സ്ഥലത്ത് ആരും അറിയാതെ കഴിയുന്നതിലും നല്ലതല്ലെ ഏല്ലാവരുടെയും സ്നേഹവും അന്വേഷണവും ഒക്കെയായി ഇവിടെ ഒറ്റക്കു കഴിയുന്നത്? മാത്രവുമല്ല, ഇടക്കു കിട്ടുന്ന ആ സ്നേഹത്തിനും സന്തോഷത്തിനും ഒത്തിരി മാറ്റു കൂടുതല്‍ ഉണ്ട്. ഏകയാണെന്ന വിചാരം എനിക്കില്ല, കൂട്ടിനെന്റെ നല്ല ഓര്‍മ്മകള്‍, നഷ്ടപെട്ട പലതിന്റെയും കൂടെ എനിക്കു ലഭിച്ച നന്മകള്‍.


ഇന്നെനിക്കെല്ലാവരും ഉണ്ട്, മക്കളെല്ലാം അവരെയാണ് എനിക്കിഷ്ടം എന്നു വിചാരിക്കുന്നു. എന്റെ സ്നേഹം ആരിലേക്കും മാത്രമായി ഒഴുകുന്നില്ല. ചെറുപ്പത്തില്‍ തവണ വെച്ചു കൂടെ കിടന്നിരുന്ന അവര്‍ക്കു ഇന്ന് തവണ വെച്ചു വന്നു കിടക്കാം. ഇതു തന്നെ നല്ലത്, എനിക്കെല്ലാവരെയും വേണം. ജീവിതത്തിന്റെ സിംഹഭാഗവും മറ്റുള്ളവരുടെ ഇഷ്ടത്തിനു വേണ്ടി എന്റെ ഇഷ്ടങ്ങള്‍ മാറ്റി വെച്ച എനിക്കു ഇനിയെങ്കിലും കുറച്ചു നാള്‍....

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP