ഞാനൊരു പാവം പാലാക്കാരന്‍

ശശി 1

>> Tuesday, January 12, 2010

അങ്ങനെ പൈകയെ പിരിഞ്ഞിരുന്ന ഏറ്റവും നീണ്ട കാലയളവിനു ശേഷം, അവുധിക്കു വന്നു ഭാര്യയുടെ ശാരീരിക വ്യതിയാനങ്ങള്‍ കണ്ടു ഞെട്ടുന്ന പാവം ഗള്‍ഫുകാരനെ പോലെ പൈകക്കുവന്ന വന്ന മാറ്റങ്ങള്‍ തേടി ഞാന്‍ നടന്നു. കുട്ടപ്പായി പോയതോടെ ജീവനില്ലാതായ ഞങ്ങളുടെ കത്തിമുക്കിനു ഡോക്ടര്‍ സാബുവും, ബിജുവും ഒക്കെ കൂടി ക്രിതൃമശ്വാസോഛ്വാസം നല്‍കി നിലനിര്‍ത്താന്‍ നോക്കുന്നു. പുതിയ കുറച്ചു ലഡുക്കളും ജിലേബികളും ഒക്കെ പൈകയില്‍ പുതുതായി എത്തി എന്ന മാറ്റം മാത്രം.


നാട്ടില്‍ ചെന്നപ്പോള്‍ മുതല്‍ എന്തെന്നില്ലാത്ത ആക്രാന്തം ആണ് ഭക്ഷണത്തോട്. അതിനാല്‍ തന്നെ ആദ്യം സാബു വൈദ്യന്റെ അടുത്ത് ചെന്ന് രണ്ടു വായുഗുളിക ചവച്ചരച്ച് ദശമൂല ജീരകാരിഷ്ടം കുടിച്ചു. കാമില്ലാരി കഴിക്കുന്നത് കുടിയന്മാര്‍ക്കു നല്ലതാണ് എന്ന പരസ്യം പോലെ ഈ മരുന്നു തീറ്റഭ്രാന്തന്മാര്‍ക്കും കഴിക്കാവുന്നതാണ്. ഏതോ ഹതഭാഗ്യന്‍ കാലിന്റെ വേദന പറഞ്ഞ് ഡോക്ടറിന്റെ അടുത്ത് എത്തിയപ്പോള്‍ ഇനി ഒരാഴ്ചത്തേക്കുള്ള തിരുമ്മിന്റെ കണക്കുകൂട്ടലില്‍ ഇരുന്ന സാബുഡോക്ടറിന്റെ അവിടെനിന്നു പതുക്കെ ഒന്നു മൂത്രമൊഴിക്കാനായി ഞാന്‍ എണീറ്റു ചന്തയുടെ ഭഗത്തേക്കു പോയി.

പൈകയിലും കംഫര്‍ട്ട് സ്റ്റേഷന്‍! നമ്മുടെ നാട്ടിലെന്തിനാ ഇതൊക്കെ എന്ന ശരാശരി മലയാളിയുടെ ചിന്തയുമായി അതിന്റെ ഭിത്തിയില്‍ തന്നെ റ യും ന യും വരച്ചു കഴിഞ്ഞു അവസാനത്തെ രോമാഞ്ചവും അനുഭവിച്ചു തിരിച്ചു നടന്നപ്പോളാണ് ഇരുട്ടത്തിരിക്കുന്ന സൈക്കിളു ശശിയെ കണ്ടത്.

“എന്താ സഖാവേ ഇരുട്ടത്തിരിക്കുന്നത്? ബള്‍ബ് അടിച്ചു പോയോ?” ഞാന്‍ ചോദിച്ചു.

ഹേയ്, ഒരു ലോക്കല്‍ കമ്മറ്റി മെംബര്‍ എന്ന നിലയില്‍ ഒരു മാതൃക കാണിക്കുകയാണ് എന്നു ശശി. ഏതായാലും ആറുമണികഴിഞ്ഞ് പണിയുന്നില്ല, പിന്നെ എന്തിനാ കറണ്ട് കണക്ഷന്‍? എടുത്തു കഴിഞ്ഞാ ഇവിടെ തന്നെ ഇരിക്കും, അതുകൊണ്ട് വേണ്ടാ എന്നു വെച്ചു.

പാവം ശശിച്ചേട്ടന്‍, ഞാന്‍ കാണുമ്പോള്‍ മുതല്‍ യാതൊരു മാറ്റവും ഇല്ലാത്തയാള്‍. അന്നുമുതല്‍ ആ സൈക്കിളു റിപ്പയര്‍ ചെയ്യുന്ന കടക്കു ഒരു മാറ്റവും വന്നിട്ടില്ല, ശശിക്കും. കറ തീര്‍ന്ന കമ്മ്യൂണിസ്റ്റ് ആയ ശശി, പാര്‍ട്ടിയുടെ ഭരണം വരുമ്പോള്‍ ഷര്‍ട്ടിടും, മുണ്ട് മടക്കിക്കുത്താതെ നിവര്‍ന്നു നിന്നു സംസാരിക്കും. കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ ഷര്‍ട്ടില്ലാതെ മുണ്ടു മടക്കിക്കുത്തി പണിയും. അങ്ങനെ കേരളത്തിലെ ജനങ്ങളുടെ വിവരമില്ലായ്മ അനുസരിച്ച് ശശി നിവരുകയും കുനിയുകയും ചെയ്തുകൊണ്ടേ ഇരുന്നു, വര്‍ഷങ്ങളായി.

വാ മോനേ ഇരിക്കു എന്നു പറഞ്ഞ് ശശി കുരണ്ടി വലിച്ചിട്ടു, ഒരു ഇരുപതു വര്‍ഷത്തില്‍ കൂടുതലായി ശശിയുടെ കടയിലെ അതിഥികള്‍ക്കുള്ള ഇരിപ്പിടം. അതില്‍ ഇരുന്നപ്പോളേ നായനാര്‍, പി കെ വി, കെ എം മാണി, ഡി വൈ എസ് പി അശോക് കുമാര്‍ എന്നിവര്‍ ഒക്കെ എന്റെ സൈഡില്‍ ഇരിക്കുന്നതായി തോന്നി. ഇങ്ങനെയുള്ള അസംഖ്യം മഹാന്മാര്‍ വന്നിരിന്നിട്ടുള്ള കുരണ്ടിയാണ് അത്. ഇവര്‍ ഒക്കെ കുരണ്ടിയില്‍ ഇരുന്നതിന്റെ കഥകള്‍ ശശിയുടെ ഓര്‍മ്മക്കുറവിനനുസരിച്ച് പലപ്രാവശ്യം കേല്‍ക്കുകയും ചെയ്തു. നായനാരെയും മറ്റും ഒളിവില്‍ താമസിപ്പിച്ചതു മുതലുള്ള കഥകള്‍കൊണ്ട് ഞങ്ങളെ ഭാവനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ മഹാന്‍ കൂടിയാണ് ഈ ശശി.

ഞാന്‍ ഇരുന്നു, ശശി ഒരു ബീഡി കത്തിച്ചു, പിന്നെ ഒരു തിരിയും. എന്നാ ഉണ്ട് ശശിച്ചേട്ടാ വിശേഷം? സുഖമൊക്കെയല്ലേ എന്നു ഞാന്‍. സുഖമാണെന്നും കടയും പാര്‍ട്ടി പ്രവര്‍ത്തനവും ഒക്കെയായി നല്ലതിരക്കെന്നും ശശി. വീട്ടിലെ കറിയെല്ലാം തീര്‍ത്തതിനാല്‍ അമ്മ വീണ്ടും കോഴിയെ അടുപ്പത്തു വെച്ചതേ ഉള്ളൂ. ഇനി ഇതു വേവുന്നതു വരെ ഇവിടെയെങ്ങാനും ഇരിക്കാം എന്നു ഞാനും, ഒരു ഇരയെ കിട്ടിയ ആവേശത്തില്‍ ശശിയും.

ജോലി ഒക്കെ എങ്ങനെ പോകുന്നു മോനേ എന്നു ശശിച്ചേട്ടന്‍ ചോദിച്ചു. വലിയ മെച്ചമൊന്നുമില്ല, ഒന്നു മാറണം എന്നു വിചാരിക്കുന്നു എന്നു ഞാന്‍. അവിടുത്തെ സാമ്പത്തിക മാന്ദ്യം ഒക്കെ ശശി വായിച്ചിരുന്നു എന്നും ഇതൊക്കെ മുതാളിത്ത വ്യവസ്ഥിതിയുടെ പ്രശ്നമാണെന്നും വിവരിച്ചു. ഞാന്‍ പതുക്കെ അന്തിപത്രം ഒന്നെടുത്തു നോക്കി, സ്ഫോടനവിവരങ്ങളായിരുന്നു പത്രത്തില്‍. ഞാന്‍ താല്പര്യത്തോടെ അതു വായിക്കുന്ന കണ്ട് ശശി പറഞ്ഞു, മോനേ, ഇവന്മാര്‍ക്കൊന്നും നേരെ ചൊവ്വെ കാര്യങ്ങള്‍ ചെയ്യാന്‍ അറിയില്ല. ഇതൊക്കെ പണ്ട് ഞങ്ങള്‍ ചെയ്ത പോലെ ചെയ്യണം.

ശശി ഇതുവരെ കേള്‍ക്കാതിരുന്ന കഥയിലേക്കു കടന്നു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന അടിയന്തിരാവസ്ഥകാലം, അത്യാവശ്യം ബോംബ് ഒക്കെ നമ്മുടെ ഇവിടെയും സൂക്ഷിച്ചിരുന്നു. ഒന്നാമത്തെ കാര്യം ഇവിടെ ആരും തപ്പി നോക്കാന്‍ വരില്ല. പക്ഷെ മുഖ്യമന്ത്രിക്ക് എവിടെനിന്നോ ഒരു ഇന്‍ഫര്‍മേഷന്‍ കിട്ടി,പൈകയില്‍ ഒരു ശശിയുടെ വീട്ടില്‍ ബോംബ് ഒളിപ്പിച്ചു വച്ചിരിക്കുന്നു. പാലായില്‍ നിന്നും പൊന്‍കുന്നത്തു നിന്നും പോലീസ് ലൈറ്റും നിലവിളി ശബ്ദവും ഇട്ടു പാഞ്ഞുവന്നു. നമ്മുടെ ചാരന്‍ വഴി വിവരം അറിഞ്ഞ ഞാന്‍ സൈക്കിളില്‍ വിട്ടു ചെന്ന് ബോംബ് ഒളിപ്പിക്കാന്‍ വഴി നോക്കി. ബോംബുകള്‍ എടുത്ത് കുഞ്ഞാപ്പന്‍ എന്ന സഖാവിന്റെ കയ്യില്‍ കൊടുത്ത് തോടിന്റെ അക്കരെ പൊന്തക്കാട്ടിലെ രഹസ്യ അറയില്‍ വെച്ചോളാന്‍ പറഞ്ഞു.

പോലീസിന്റെ വണ്ടികളുടെ ഒച്ച കേള്‍ക്കാറായപ്പോളാണ് നമ്മുടെ മോന്‍ ഒരു ബോംബ് കയ്യില്‍ പിടിച്ചു നടക്കുന്നത് കണ്ടത്. കുഞ്ഞാപ്പു പോകുകയും ചെയ്തു, ഇതെവിടെ ഒളിപ്പിക്കും എന്നു നോക്കിയപ്പോളാണ് കഞ്ഞിക്കലം എടുത്തുകൊണ്ട് പുറത്തോട്ട് പോകുന്ന ഭാര്യയെ കണ്ടത്. നേരെ ആ ബോംബു അതിനകത്തിട്ടു, അവള്‍ അത് പ്ലാവിന്റെ ചോട്ടില്‍ കൊണ്ട് പോയി വെച്ച്. പോലീസുകാര്‍ വന്നു വീടു മുഴുവന്‍ തപ്പി, എന്തുകിട്ടാന്‍? ഞാനാരാ മോന്‍.

അവരുടെ അന്വേഷണം ഒക്കെ കഴിഞ്ഞ് ഞാന്‍ സൈക്കിള്‍ അവിടെ വെച്ചിട്ട് നടന്നു പൈകക്കു പോയി. പൈകയില്‍ എത്തിയപ്പോള്‍ എല്ലാവരും എന്നെ ബഹുമാനത്തോടു കൂടി നോക്കുന്നു, എല്ലാവരുടെയും മുഖത്ത് ഒരു ഭയവും. ഒരാള്‍ ഒതുക്കത്തില്‍ പറയുന്ന കേട്ടു, ഇവന്റെ കയ്യിലും ചിലപ്പോള്‍ ബോംബ് കാണും എന്ന്.

ഇതൊക്കെ എങ്ങനെ ഇവര്‍ അറിഞ്ഞു എന്നു ഞാന്‍ അത്ഭുതപ്പെട്ടു കടയില്‍ എത്തിയപ്പോള്‍ ഒരു ജീപ്പ് വന്നു, കേറെടാ ശശീ എന്നൊരു വിളി,സഖാവ് കടയാടി ആയിരുന്നു അതില്‍. ഞാന്‍ ചാടി കയറി, വണ്ടി പാഞ്ഞു, ചേറ്റുതോടിന്റപ്പറെ ഉള്ള ഒരു ഒളി സങ്കേതത്തിലേക്ക്.

ശശി കഞ്ഞിക്കലത്തില്‍ ഇട്ട ബോംബ് ഒരു പ്ലാവിന്‍ ചുവട്ടില്‍ ആണ് വെച്ചത്. കൃത്യം അതില്‍ ഒരു ചക്ക വീഴുകയും ആ ബോംബ് പൊട്ടുകയും ചെയ്തു. ഹോ..നാട്ടുകാര്‍ ഒക്കെ ലോകാവസാനം ആണെന്നു കരുതി പോയത്രെ...

2 comments:

ഭായി January 12, 2010 at 4:17 PM  

##എല്ലാവരുടെയും മുഖത്ത് ഒരു ഭയവും. ഒരാള്‍ ഒതുക്കത്തില്‍ പറയുന്ന കേട്ടു, ഇവന്റെ കയ്യിലും ചിലപ്പോള്‍ ബോംബ് കാണും എന്ന്.##


കഞിക്കലമുണ്ടോ ശശീ ഒരു ബോംബ് ഇട്ടൂവെക്കാന്‍..
ബോംബുണ്ടോ ശശീ ഒരു തീപ്പെട്ടി ഒന്നുരക്കാന്‍...

ഹ ഹ ഹാ...മൊത്തത്തില്‍ രസകരമായി പറഞു!
അവസാനം കടിപൊളി ആയിട്ടുണ്ട് :-)

പുപ്പുതുവത്സരാശംസകള്‍!

കുമാരന്‍ | kumaran January 12, 2010 at 9:28 PM  

ചക്ക വീണ് ഇപോ ബോംബ് പൊട്ടിയെന്നോ.. അതു കലക്കി.

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP