ചായക്കടയിലെ മാനേജര്‍
>> Wednesday, January 13, 2010
എന്തായാലും മാസം ഒന്നു കഴിഞ്ഞു, ഇതുവരെ ഒരു സാധനവും രുചിച്ചു നോക്കാൻ പോലും പറ്റിയില്ല. ഡ്രൈവര്‍മാരോട് ചോദിച്ചു പഠിക്കാം എന്നു വെച്ചാല്‍ എന്റെ സകല വിലയും പോവില്ലെ? ഇല്ലാത്ത എയര്‍ ഒക്കെ വീര്‍പ്പിച്ച്, ടൈ ഒക്കെ ഇറുക്കി കെട്ടി ശ്വാസം വിടാതെയാണ് നടക്കുന്നത്. പോരാത്തതിന് സകല പീറകളും ആഷ് പുഷ് ഡയലോഗ് ആണ് പറയുന്നതും. മൗനം വിദ്വാനു ഭൂഷണം എന്ന മലയാള
പഴമൊഴിയില്‍ ഇറുകിപിടിച്ച് ഞാന്‍ പറ്റുന്നിടത്തോളം മിണ്ടാതിരുന്നു. എല്ലാരും കൂടി തമാശ പറയുമ്പോള്‍ അവർ ചിരിക്കുന്ന കൂടെ ഞാനും ചിരിച്ചു. എങ്കിലും പൊതുവേ മറ്റുള്ളവരുടെ കൂടെയുള്ള പരിപാടികള്‍ മാറ്റിവെച്ച് വലിയ തിരക്കുകാരനും ജാഡക്കാരനുമായി ഞാന്‍ കുറച്ചു നാള്‍ നടന്നു.
എന്തായാലും കാലക്രമേണ ഞാനും കപ്പൂച്ചിനോ,അമേരിക്കാനോ എന്നൊക്കയുള്ളത് കാപ്പി ആണെന്നും അവിടെ ഐസ് ഇട്ട കാപ്പിയും ചായയും വരെ കിട്ടുമെന്നും മനസിലാക്കി. സാന്‍ഡ് വിച്ചിനൊക്കെ ചിക്കണും മറ്റും അളന്നാണ് ഉപയോഗിക്കുന്നതെന്നുമുള്ള വിവരങ്ങള്‍ ഞാന്‍ നാട്ടില്‍ കൂട്ടുകാരെ വരെ വിളിച്ച് അറിയിച്ച് സ്വയം സുഖം കണ്ടെത്തിയെങ്കിലും ഞാന്‍ ആകെ കുടിക്കുന്നത് ഫ്രെഷ് ഓറഞ്ച് ജ്യൂസ് മാത്രം. വെറും കാപ്പിക്കു വരെ അവര്‍ സ്കിമ്ഡ് മില്‍ക് വേണോ, കടുപ്പം എത്ര ഷോട്ട് വേണം എന്നൊക്കെയുള്ള കൊണഷ്ട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. പഞ്ചസാര വെള്ളയാണോ, ബ്രൌണ്‍ ആണോ വേണ്ടത് എന്ന കണ്‍ഫ്യൂഷനും പിന്നെ എടുത്തത് പഞ്ചസാരയാണോ ഉപ്പാണോ എന്നൊക്കെയുള്ള സംശയങ്ങളും ഒക്കെ കാരണം ഞാന്‍ ആ പണിക്കു പോയതേ ഇല്ല. ആരെങ്കിലും എടുക്കുന്നതും കഴിക്കുന്നതും നോക്കി നിന്നാല്‍ അതും മോശമല്ലേ, നമ്മള്‍ കൊതിവിട്ടു നോക്കുവാണെന്ന് വല്ല മാദമ്മക്കും തോന്നിയാല്‍ നമ്മുടെ ഇന്‍ഡ്യാക്കരന്റെ അല്ലെ മാനം പോകുന്നത്?
നമ്മുടെ ചായക്കടയില്‍ ചെന്നിരുന്ന് “ ഒരു കാലിച്ചായേം രണ്ടു പരിപ്പുവടേം“ എന്നു പറയുന്നതിനു പകരം എന്തൊക്കെ കാര്യങ്ങളാ ഇവിടെ ചെയ്യേണ്ടത്? പിന്നെ കാശു കൂടുതല്‍ കൊടുക്കണം താനും. വെറുതെയല്ല സാധാരണക്കാര്‍ ഫൈവ് സ്റ്റാറില്‍ ഒന്നും കയറാത്തത്. നമ്മുടെ പാവം എ കെ ആന്റണി
ഡെല്‍ഹിയില്‍ കഞ്ഞികുടിച്ചോണ്ടിരുന്നതിന്റെ ഗുട്ടന്‍സ് ഒക്കെ ചിലപ്പോല്‍ ഇതായിരിക്കും.
ഡാറ്റാബേസില്‍ നിന്നും ഓരോന്നിന്റെയും റസീപ്പി ഒക്കെ എടുത്ത് ഏതൊക്കെ ഐറ്റങ്ങള്‍ ഉണ്ടെന്നും മറ്റും പഠിച്ചു. ട്രൈനിങിനു വരുന്ന പുതിയ സ്റ്റാഫിനു കൊടുക്കുന്ന ട്രൈനിങ് ഒളിഞ്ഞു നിന്നു കേട്ട് കാപ്പിയെക്കുറിച്ചും ചായയെക്കുറിച്ചും പഠിച്ചു. പക്ഷെ അവര്‍ എന്താ കുടിക്കാന്‍ വേണ്ടത് എന്നതിനു പകരം ഓറഞ്ചു ജ്യൂസ് എടുക്കട്ടെ എന്നു ചോദിക്കന്‍ തുടങ്ങി. അവസാനം ഞാന്‍ രണ്ടും കല്‍പിച്ച് ഒരു ദിവസം ഗെറ്റ് മി വണ്‍ കപ്പൂച്ചിനോ പ്ലീസ് എന്നു പറഞ്ഞു. അങ്ങനെ കാലക്രമേണ ഞാനും കാപ്പിയും ചായയും ഒക്കെ കുടിച്ചു തുടങ്ങി.
അങ്ങനെ രണ്ടുമാസത്തിനുള്ളില്‍ തന്നെ ഞാന്‍ ഹോസ്പിറ്റാലിറ്റി ഫീള്‍ഡില്‍ പിടിച്ചു നില്‍ക്കാറായി. പാസ്തയും സാലഡും സാന്‍ഡ് വിച്ചുമൊന്നും കഴിക്കുന്നില്ലെങ്കിലും, കാപ്പിയും ഐസ് ബ്ലെന്‍ഡഡുമൊക്കെ കുടിക്കാറായി. നാശം ഇതെന്താ ശരിയാവാത്തത്, പണ്ടാരമടങ്ങാനിതു വര്‍ക്കുചെയ്യുന്നില്ലല്ലോ എന്നതിനൊക്കെ പകരം ഫ*, ഷി*മൊക്കെ എന്റെ വായിലും വന്നുതുടങ്ങി. എന്തിനു...ബബിള്‍ഗം വരെ ചവച്ചു തുടങ്ങി.
അങ്ങനെ ഒരു ദിവസം ഞാന്‍ ഓപ്പറേഷന്‍ മാനേജരുടെ കൂടെ അലൈന്‍ എന്ന സ്ഥലത്തുള്ള ഔട്ട്ലെറ്റില്‍ പോയി. പുള്ളിക്കാരനാനെങ്കില്‍ ഒരു വാചകത്തില്‍ ഒരു എഫ്* എങ്കിലും ഉപയോഗിച്ചില്ലെങ്കില്‍ ആ വാചകം തെറ്റാണെന്നുള്ള ഗ്രാമറുകാരന്‍. സ്കൂബ ഡൈവിങും റേസിങും ഒക്കെ പുള്ളി വാ തോരാതെ സംസാരിച്ചപ്പോള്‍ ഞാന്‍ കേട്ടിരുന്നു. വല്ല ക്രിക്കറ്റോ ഫുട്ബോളോ ചാക്കിൽ ചാട്ടമോ ആയിരുന്നെങ്കില്‍ ഞാന്‍ കാണിച്ചു കൊടുത്തേനെ.
പുള്ളിക്കാരന്‍ അവിടെ ചെന്ന് അവിടുത്തെ സ്റ്റാഫിനെ കുറെ എഫ്* വിളിച്ചു കഴിഞ്ഞ് നിര്‍വൃതിയോടെ ഇരുന്നു. ഞാന്‍ എന്റെ ചെറിയ തുടക്കലും വൃത്തിയാക്കലും നടത്തി. അവസാനം പുള്ളിക്കാരന്‍ പറഞ്ഞു, ലെറ്റ്സ് ഈറ്റ് സംതിങ്. എന്റെ മനസില്‍ ഒരു ചെറിയ ചോദ്യച്ചിഹ്നം വന്നു. ഞാന്‍ പറഞ്ഞു, ഞാന്‍ വല്ലതും കുടിച്ചോളാം, ഐ അം നോട്ട് ഹങ്രി നൌ. പുള്ളി സമ്മതിച്ചില്ല, അവസാനം സെയ്ഫ് ആയ കാര്യം എന്ന നിലക്ക് ഞാന്‍ ഒരു ചിക്കണ്‍ സാന്‍ഡ് വിച്ച് പറഞ്ഞു. പുള്ളി എന്തൊക്കെയോ കുറേ മാങ്ങാത്തൊലി ഇട്ട പാസ്തായും. വാ ഇവിടെ ഇരിക്കൂ എന്നു പറഞ്ഞ് എന്നെ പുള്ളിയുടെ ടേബിളില്‍ തന്നെ ഇരുത്തി.
പുള്ളിക്കാരന്‍ പതുക്കെ കുറെ പാക്കറ്റുകള്‍ പൊട്ടിച്ച് പാസ്തായില്‍ ഇട്ടു ഇളക്കി. ഞാനാരാ മോന്‍, ഈതൊന്നും ഇടാതിരിക്കനല്ലേ ഞാന്‍ സാന്‍ഡ് വിച്ച് പറഞ്ഞത്. എന്തായാലും ഞാനും കത്തിയും മുള്ളും എടുത്തു. അപ്പോള്‍ പ്രശ്നം, ഇതു മുറിക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും തെന്നുന്നു, അകത്തെ സാധനങ്ങള്‍ പുറത്തു വരുന്നു, ആകെ കോലാഹലം. ആഞ്ഞു മുറിച്ചപ്പോള്‍ കത്തി രണ്ടു പ്രാവശ്യം താഴെ വീണു. എസി യുടെ തണുപ്പിലും ഞാന്‍ വിയര്‍ത്തു, കൈകള്‍ ഒക്കെ വിറച്ചും തുടങ്ങി. വായില്‍ ഒരു കഷണം വെക്കുമ്പോള്‍ അതിന്റെ പകുതി താഴെ പോകുന്നു.
നാട്ടിലായിരുന്നെങ്കില്‍ ചോറെടുത്ത് ഉരുട്ടി അല്ലെങ്കില്‍ കപ്പ എടുത്ത് ഇത്തിരി മീഞ്ചാറില്‍ മുക്കി അങ്ങോട്ട് തട്ടിയാല്‍ മതിയാരുന്നു. ഞാന്‍ ക്ഷമ നശിക്കാതെ വീണ്ടും പരിപാടി തുടരാന്‍ തന്നെയായിരുന്നെങ്കിലും എന്റെ മാനേജറുടെ ക്ഷമ നശിച്ചു. വാട്ട് തെ എഫ്* ആര്‍ യു ഡൂയിങ് എന്ന ആദ്യത്തെ എഫ്* കേട്ടു. ഞാന്‍ ഒരു വളിച്ച ചിരിയുമായി അങ്ങേരെ നോക്കി. കൈകൊണ്ട് എടുത്തു കഴിക്കെടേ എന്ന് ഇംഗ്ലീഷില്‍ ഒരു എഫ്* കൂടി അനുബന്ധമായിപ്പറഞ്ഞുകൊണ്ട് ഇടിവെട്ടുന്ന ശബ്ദത്തില്‍ ആ പണ്ടാരക്കാലന്‍ പറഞ്ഞപ്പോള്‍ പൂർത്തിയായി. ഇയാൾക്ക് വെടി പൊട്ടുന്ന പോലെയല്ലാതെ ഇത്തിരി മര്യാദക്ക് പറഞ്ഞുകൂടേ
കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി എന്ന പോലെ, പോയ മാനത്തിന്റെ പേരില്‍ പിന്നെ ഞാന്‍ ഒരിക്കലും കഴിക്കാതിരുന്നിട്ടില്ല. എപ്പോള്‍ പോയാലും ഔട്ലെറ്റില്‍ നിന്ന് എന്തെങ്കിലും കഴിച്ച് കഴിച്ചു അവസാനം ഇന്നത്തെ പാസ്തായിലെ കോഴി വെന്തില്ല എന്നു വരെ പറയാനുള്ള ഏക്കം ആയി. മാനം പോയാലെന്താ, തിന്നാനുള്ള പേടി മാറിയില്ലെ?
11 comments:
ഹ ഹ.. ഈ കത്തീം സ്പൂണും കൊണ്ട് ഓരോരുത്തര് ചിക്കന്‍ ബിരിയാണി വരെ തിന്നുന്നത് കാണാം.. ഭയങ്കരം തന്നെ.. നമുക്ക് പിന്നെ നമ്മുടെ കയ്യിനെ നല്ല വിശ്വാസമാണല്ലോ..
രസകരമായിട്ടുണ്ട്
മ്........... കൊള്ളാം :)
കഴിഞ്ഞ ഓണം ആഘോഷം നടക്കുമ്പോള്‍ ഇലയില്‍ നിന്നും സദ്യ കഴിക്കാന്‍ സ്പൂണ്‍ തേടിപ്പോയ മലയാളി സുന്ദരിക്ക് ഞങ്ങള്‍ നല്‍കിയ പേര് ആണ് ഇലനക്കി മാദമ്മ.
ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം തിന്നണമെന്ന പഴമൊഴിയും കൊണ്ടുനടന്നാല്‍ നമ്മള്‍ പട്ടിണിയാകും എന്ന് തീര്‍ച്ചതന്നെ.
കൊള്ളാം.
നല്ല രസകരം
ലളിതവും രസകരവുമായ അവതരണം.
:):)
നര്‍മ്മം ചോര്‍ന്നു പോകാത്ത അവതരണത്തിന് നന്ദി.
ഹ ഹ കലക്കീ. എനിക്കും ഇങ്ങിനെ ഒരു അനുഭവമുണ്ട് 1999 ഇലെ ഒരു ചുട്ട്പഴുത്ത വേനൽക്കാലം ടൈ കെട്ടാനറിയാതെ അടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന സിന്ദിയെ കൊണ്ട് കെട്ടിച്ച് കുട്ടപ്പനായി ഞാൻ ഒഫീസിൽ കാലുകുത്തി ആദ്യ മാസം വലിയ കുഴപ്പമില്ലാതെ പോയി. പുതിയ സ്റ്റാഫ് ആയതിനാൽ മീറ്റിങ്ങീനൊന്നും കാര്യമായി പറയുകയൊന്നും വേണ്ട അവർ ചിരിക്കുമ്പൊ ചിരിച്ച് നിന്നു.
ദിവസങ്ങൾ കഴിയുന്തോറും മീറ്റിങ്ങിലൊക്കെ എന്തെങ്കിലും പറഞ്ഞേ തീരൂ എന്ന അവസ്ഥ ആയി മുറി ഇംഗ്ലീഷ് ഞാനും എന്തൊക്കെയൊ പറഞ്ഞൂ. തീരെ സഹിക്കാൻ പറ്റാത്തത് മീറ്റ് കഴിഞ്ഞുള്ള ലഞ്ച് ആണ് വൃത്തിക്കെട്ട കൊറിയൻ കമ്പനി ആയതിനാൽ ഇവന്മാർ കൊറിയൻ റെസ്റ്റോരന്റിലേ പോകൂ അവിടെ ആണെങ്കിൽ നൈഫും ഫോർക്കുമൊന്നുമില്ല ആകെ ഭക്ഷണത്തിനൊപ്പം രണ്ട് വടി തരും ചോപ്പ് സ്റ്റിക്ക് ആണു പോലും അവന്മാർ മുക്ര ഇട്ട് അകത്താക്കുമ്പൊൾ കൈ കൊണ്ട് മാത്രം ഭക്ഷണം കഴിച്ച് പരിചയമുള്ള ഞാൻ ചോപ്പ്സ്റ്റിക്ക് കൊണ്ട് ഒരു പീസ് ചിക്കൻ എടുക്കാനുള്ള ശ്രമത്തിലായിരിക്കും അവർ ഭക്ഷണം കഴിച്ച് എഴുന്നേൽക്കുമ്പൊ ഒരു ചിക്കൻ പീസ്സ് പോലും തിന്നാനാവാതെ വിശന്നവയറുമായി എഴുന്നേൽക്കും
ദിവസങ്ങൾ കഴിയുന്തോറും മീറ്റ് എന്ന് പറയുന്നതെ വെറുപ്പായി അവസാനം അതു തന്നെ സംഭവിച്ചു മീറ്റ് കഴിഞ്ഞുള്ള ലഞ്ചിനിടക്ക് ഞാൻ ചോപ്പ്സ്റ്റിക്ക് ചൂണ്ടി പാന്റിന്റെ പോക്കറ്റിൽ ഭദ്രമായി നിക്ഷേപിച്ചു ഫ്ലറ്റിൽ വന്ന് പ്രാക്റ്റീസ് തുടങ്ങി ചോറും കറിയും മുതൽ പൊറോട്ടയും ബീഫും വരെ ചോപ്പ്സ്റ്റിക്ക് കൊണ്ട് തിന്നാനുള്ള കട്ട പ്രാക്ടീസ് ആരംഭിച്ചു എതാണ്ട് 2 മാസം കൊണ്ട് ചോപ്പ്സ്റ്റിക്ക് കൊണ്ട് കടുക് വരെ തിന്നാൻ പഠിച്ചു.
സംഭവം മാനം പോയില്ലെങ്കിലും ആ കൈ കൊണ്ട് തിന്നുന്ന ആ സുഖം ഒരുഒന്നൊന്നര സുഖമാ
hello!
you can download free fonts at our website
ചാത്തനേറ്:“ബബിള്‍ഗം വരെ ചവച്ചു തുടങ്ങി” ഹോ...
അപ്പോള്‍ സാന്‍ഡ് വിച്ച് അത്രേം കാലം ഫോര്‍ക്കു വെച്ചായിരുന്നോ തട്ടിയത്!.
ഹ...ഹാ.ഹാ..കൊള്ളാം.
അല്ല്ലാ, ഇതു മുമ്പ് ഒന്നു പൊസ്റ്റിയത് അല്ലെ ?
Post a Comment