ഞാനൊരു പാവം പാലാക്കാരന്‍

റഷ്യന്‍ സുന്ദരികള്‍

>> Wednesday, January 27, 2010

ഒരു തരത്തില്‍ സമാധാനമായി ഒന്നു ജീവിച്ചു വന്നപ്പോളാ‍ണ് അടുത്ത പ്രശ്നം ജോലിയുടെ രൂപത്തില്‍ അവതരിച്ചത്. പുറമേ നല്ല വിനയാന്വിതനെങ്കിലും അകമേ നല്ല അഹങ്കാരിയായ ഞാന്‍ ജോലി എനിക്കു പുല്ലാണെന്നും പറഞ്ഞ് വലിച്ചെറിഞ്ഞു. ഭാര്യയേയും കുട്ടികളേയും നാട്ടിലാക്കി പുതിയ അന്വേഷണവും തുടങ്ങി. മാസം മൂന്നായെങ്കിലും ജോലിയുടെ കാര്യം ഗോപി. ആ പിന്നെ, വാഴക്കാവരയനോടാ ജോലിയുടെ വാശി? ഞാന്‍ പോയി ചുമ്മാ വീട്ടിലിരിക്കും, എന്റെ ഭാര്യ്ക്കും മക്കള്‍ക്കും അവള്‍ടെ മാതാപിതക്കളും അമ്മയിഅമ്മയും ചിലവിനു കൊടുക്കും, കളി എന്നോടാണോ?



അല്ലേലും ഒരിടത്തും സ്ഥിരമായി നില്‍ക്കുന്ന സ്വഭാവം ഇല്ലാത്തവനാണ് ഞാന്‍. എന്നാ പിന്നെ ഇനി നാട്ടിലേക്ക് ഒന്നൂടെ പോയേക്കാം എന്നു മനസില്‍ തോന്നി തുടങ്ങി. എന്തെല്ലാം പ്രശ്നങ്ങള്‍ , വണ്ടി വില്‍കണം - അതിനിനി വിറ്റുകിട്ടുന്ന കാശ് പോരാതെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കണം. ഫ്ലാറ്റ് ഒഴിവാകണേല്‍ രണ്ടു മാസത്തെ വാടക ഫൈന്‍ കൊടുക്കണം. എന്തു ചെയ്താലും കയ്യില്‍ നിന്ന് കാശ് പോകും. നാട്ടില്‍ പോയി പൂക്കളുടെയും പുഴുക്കളുടെയും ഫോട്ടോ എടുക്കുന്നതും, തോട്ടില്‍ ചാടുന്നതും, ചക്കപ്പഴം തിന്നുന്നതുമൊക്കെ മനസില്‍ വിരിഞ്ഞെങ്കിലും മുമ്പു പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് ഒഴിവായില്ലേല്‍ വീട്ടില്‍ ചക്കപ്പഴം തിന്നോണ്ടിരിക്കുമ്പോള്‍ വല്ലോരും വന്ന് കൊങ്ങാക്കു പിടിച്ച്
ചക്കക്കുരുവും വയറ്റിലാക്കി തരും എന്നാണ് കേട്ടറിവ്. വയറ്റില്‍ ചക്കക്കുരു കിടന്ന് കിളിര്‍ത്ത് പ്ലാവായി ആരാണ്ടുടെ മുതുകില്‍ ആലുകിളുത്തപോലെ ഒക്കെ നിന്നാലത്തെ അവസ്ഥ ആലോചിച്ചപ്പോള്‍ പേടിയായി, അങ്ങനെ ശ്രമങ്ങള്‍ തുടങ്ങി. കാര്യം പേടിച്ചുതൂറിയും ഉണ്ണാക്കനുമാണെങ്കിലും പിള്ളേരുടെ മുമ്പില്‍ ഭയങ്കര ധൈര്യശാലിയും ബുദ്ധിമാനുമായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. സ്കൂളില്‍ പോയി അവര്‍ക്കു ബുദ്ധിവരുമ്പോള്‍ അതൊക്കെ മാറുമെങ്കിലും ഇപ്പോളേ അവരുടെ മുമ്പില്‍ വെച്ച് തല്ലുകൊള്ളുന്നത് മോശമല്ലേ.എന്തായലും വണ്ടിയും വീടും വില്‍ക്കാനായി പരസ്യവും നല്‍കി.

വണ്ടി ഫ്രീ ആയി കൊടുക്കുമോന്ന് ആരും ചോദിക്കുന്നില്ല, ഭാഗ്യം. പക്ഷെ ലോണ്‍ ക്ലോസ് ചെയ്യണമെങ്കില്‍ ബാങ്കുകാര്‍ക്ക് ഇതുവരെ കിട്ടുമായിരുന്ന പലിശയുടെ എന്തോ ഒരു പലിശ കൊടുക്കണമത്രേ. ഹോ ഇക്കണക്കിന് മരിക്കുവാണേല്‍ പോലും ഇവന്മാര്‍ നരകത്തിലോട്ട് വിടുമെന്നു തോന്നുന്നില്ല. കുറേ നാള്‍ കൂടെ ജീവിക്കുന്നതിനുള്ള കാശ് തന്നിട്ട് പോയാല്‍ മതിയെന്ന് ആത്മാവിനോട് വരെ പറഞ്ഞുകളയും, തെണ്ടികള്‍.

വീടിന്റെയാണ് പ്രശ്നം കൂടുതല്‍. വാങ്ങാന്‍ ആരും വരുന്നില്ല. ഷെയറിങിനു കൊടുക്കാം എന്നു വെച്ചപ്പോള്‍ വിളിക്കുന്നതു മുഴുവന്‍ പെണ്ണുങ്ങള്‍. കാര്യം ഒരു രണ്ടു പേണ്ണുങ്ങളൂടെ കൂടെ നില്‍ക്കാന്‍ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. പോരാത്തതിനു ഞാന്‍ ആരെയും ആക്രമിക്കുകയൊന്നും ഇല്ല, ഇനി അവര്‍ക്കു എന്നെ ആക്രമിക്കണം എന്നുണ്ടെങ്കില്‍ അതിനു പോലും ഞാന്‍ എതിരു നില്‍ക്കുകയില്ല. പക്ഷെ അതൊക്കെ അവര്‍ക്കു തോന്നണ്ടേ? കാര്യം കെട്ടി രണ്ടു പിള്ളേരൊക്കെ ആയെങ്കിലും സ്നേഹം കൊണ്ട് ഭാര്യ വീര്‍പ്പുമുട്ടിക്കാറുണ്ടെങ്കിലും ഏതൊരു ശരാശരി ആണിനെയും പോലെ നല്ല പെണ്ണുങ്ങളെ ഒക്കെ കാണുമ്പോള്‍ ഒന്നു നോക്കുകയും, ഇവളെ ഇന്നൊന്നു കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്നൊക്കെ തോന്നുകയും ചെയ്യാറുണ്ട്. എന്നും ചോറുണ്ണുന്നവന് ഒരു ബിരിയാണി ഒക്കെ കാണുമ്പോള്‍ അല്ലെങ്കില്‍ അതിന്റെ മണമടിക്കുമ്പോള്‍ ഒരു കൊതി തോന്നുന്നത് സ്വാഭാവികം. ഞാന്‍ ബിരിയാണി തിന്നാന്‍
പോകാറില്ല, പക്ഷെ ഇപ്പോള്‍ പട്ടിണി ആയതിനാല്‍ ചോറില്ലെങ്കില്‍ ഒരു ബിരിയാണി ആയാലും തരക്കേടില്ല എന്നു മനസില്‍ ചിലപ്പോള്‍ തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ?

അങ്ങനെ ഇടക്കിടെ വരുന്ന പെണ്ണുങ്ങളുടെ വിളി ഒക്കെ ആസ്വദിച്ച് ഇങ്ങനെ ഇരിക്കുന്ന കാലത്താണ് അവള്‍ വിളിച്ചത്. ഫ്ലാറ്റ് നോക്കാന്‍ അവള്‍ക്ക് താല്പര്യമുണ്ടത്രേ. കൂടുതലൊന്നും വിവരിക്കാതെ വന്നു കണ്ടിട്ട് കാര്യങ്ങള്‍ സംസാരിക്കാം എന്നു ഞാന്‍. കസാക്കിസ്ഥാന്‍ ഉസ്ബെസ്കിസ്ഥാന്‍ എന്നൊക്കെ പറയുന്നപോലെ ഏതോ ഒരു സ്ഥാനില്‍ നിന്നുള്ളവളാണ് അവള്‍. എന്തായാലും അവള്‍ക്ക് മലയാളം സംസാരിക്കാന്‍ പറ്റുമായിരിക്കും, കാരണം അവളുടെ രാജ്യത്തിന്റെ പേര്‍ അങ്ങനെയാണ്. മനസില്‍ സങ്കല്പങ്ങള്‍ ഉരുത്തിരിയാന്‍ തുടങ്ങി, സുന്ദരിയായിരിക്കും അവള്‍.

അങ്ങനെ അവള്‍ ഇന്നലെ വിളിച്ച്, വൈകിട്ടു വരട്ടെ എന്ന് ചോദിച്ചു കൊണ്ട്, സന്തോഷം എന്നു ഞാന്‍. അവള്‍ വരുന്നതിന് അരമണിക്കൂര്‍ മുമ്പേ വീട്ടിലെത്തി. ആകെ ഒരു മണം ആണ് വീട്ടില്‍, അതെങ്ങനാ മൂന്നു ദിവസം മുമ്പുള്ള മീനിന്റെ അവശിഷ്ടങ്ങള്‍ വേസ്റ്റ് ബോക്സില്‍. വേഗം പാര്‍ക് അവന്യൂവിന്റെ ബോഡീ സ്പ്രേ എടുത്ത് ഒരു റൌണ്ട് അടിച്ചു. ദൈവമേ, ഒരണ്ടര്‍വെയര്‍ കസേരയില്‍,മറ്റൊരെണ്ണം മേശയുടെ പുറത്ത്, കട്ടിലില്‍ രണ്ടെണ്ണം അങ്ങനെ അവിടെയും ഇവിടെയുമായി ധാരാളം. വല്ല കാള്‍വിന്‍ കെന്‍ ഒക്കെയായിരുന്നെങ്കില്‍ പുറത്തിട്ടാലും ഒരു ഗമ ഉണ്ടായിരുന്നു, ഇതിപ്പോള്‍ നമ്മള്‍ ഇതൊക്കെ ഉപയോഗിക്കുന്ന ആളാണ് എന്നും കുറേ സ്റ്റോക്ക് ഉണ്ട് എന്നും പ്രൂവ് ചെയ്യാം എന്നു മാത്രം. എല്ലാം കൂടി വാരിക്കൂട്ടി ഒരു ഷെല്‍ഫിനകത്ത് വെച്ചു. ഇനി അവരെങ്ങാനും ആ ഷെല്‍ഫ് തുറന്നാല്‍, ടി വി ഇല്‍ ഇപ്പോള്‍ കാണിക്കുന്ന ഒരു റേസറിന്റെ പരസ്യം പോലെ ആകും എന്നു മാത്രം. ബെഡ് ഒക്കെ ഒന്നു വിരിച്ചു ഒരു ചെറിയ വൃത്തി ഒക്കെ ആക്കി. ഇനി അവള്‍ക്കെങ്ങാനും ഒന്നു കിടക്കെണമെന്നു തോന്നിയാലോ? എല്ലാം പ്രതീക്ഷിച്ചിരിക്കണമല്ലോ, മണവാളനെ കാത്തിരുന്ന കന്യകമാരുടെ ഉപമ വഴി കര്‍ത്താവു വരെ പറഞ്ഞിരിക്കുന്നത് അതല്ലേ?

അഞ്ചരയായപ്പോല്‍ അവള്‍ വിളിച്ചു, റൂട്ട് പറഞ്ഞത് അവള്‍ക്ക് നന്നായി മനസിലാകാഞ്ഞതുകൊണ്ട് ഞാന്‍ ബുര്‍ജുമാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു അവരെ വീട്ടിലേക്ക് കോണ്ടുപോക്കോളാം എന്ന് പറഞ്ഞു. ചിലപ്പോള്‍ ഞാന്‍ മലയാളം പറഞ്ഞാല്‍ മനസിലായേനെ. എന്തായാലും അങ്ങനെ ഞാന്‍ മെട്രോ സ്റ്റേഷനില്‍ കാത്തു നിന്നു. അതാ വരുന്നു നമ്മുടെ അങ്കിളിന്റെ കൂട്ടുകാരന്‍ ഒരു പെന്തക്കോസ്ത് ആയ ജോണ്‍സാര്‍. എന്തുണ്ട് മോനേ വിശേഷം, പുതിയ ജോലി വല്ലതും ആയോ എന്നൊക്കെ ചോദ്യം. എനിക്കൊരു അപകടം മണത്തു, അവള്‍ വരുമ്പോള്‍ ജോണ്‍സാര്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അപ്പോള്‍ അവള്‍ ഫോണ്‍ വിളിച്ചു, ഞങ്ങള്‍ റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നു, അവിടെയുള്ള ഷൂമാര്‍ട്ടിന്റെ മുമ്പില്‍ ആണോ നില്‍ക്കുന്നത് എന്ന്. ദൈവമേ ഒന്നില്‍ കൂടുതല്‍ ഉണ്ടെന്നാ തോന്നുന്നേ, മിക്കവാറും ജോണ്‍ സാര്‍ വിചാരിക്കും രണ്ടു റഷ്യന്‍ പെണ്ണുങ്ങളെ ഭാര്യയില്ലാത്ത തക്കം നോക്കി പൂശാന്‍ കൊണ്ടു പോകുകയായിരിക്കും ഞാന്‍ എന്ന്. കാര്യം അങ്ങനെയൊക്കെ ആള്‍ക്കാര്‍ സിനിമയില്‍ ഒക്കെ കാണിക്കുന്ന കണ്ട് ഒരാ‍ഗ്രഹം ഒക്കെയുണ്ടെങ്കിലും ഇതിപ്പോള്‍ അങ്കിള്‍ അറിയും എന്നൊക്കെയുള്ള ടെന്‍ഷന്‍ എനിക്കു വരാന്‍ തുടങ്ങി. എന്തായാലും ഞാന്‍ ഫോണില്‍ തന്നെ യേസ്, ആള്‍ റൈറ്റ് എന്നൊക്കെ പറയുന്ന കേട്ടപ്പോള്‍ ജോണ്‍ സാര്‍ പോകുവാ എന്ന് ആംഗ്യം കാണിച്ച് പോയി.

ആശ്വാസമായി നിന്നപ്പോള്‍ അതാ വരുന്നു രണ്ടു സുന്ദരികള്‍. വന്നയുടനെ സലാം ആലിക്കും എന്നു പറഞ്ഞ് കൈ തന്നു. കൃതാര്‍ഥനായി ഞാന്‍ വഴി കാണിച്ച് നടന്നു. ഒരു 150 മീറ്റര്‍ മാത്രമേ എന്റെ ഫ്ലാറ്റിലേക്കുള്ളൂ. രണ്ടുപേരുടെയും നടുക്കായി കേരളത്തെക്കുറിച്ചും ഒക്കെ വിവരിച്ചുകൊണ്ട് ഞാന്‍ നടന്നു. ഫ്ലാറ്റില്‍ കയറി, അവര്‍ മൊത്തത്തില്‍ ഒന്നു നോക്കി. ഞാന്‍ അവര്‍ ഇരിക്കുമോ കിടക്കുമോ എന്നൊക്കെ ആലോചിച്ച് നിന്നു. റെന്റ് നെഗോഷ്യേറ്റ് ചെയ്യുമോ എന്ന് അവര്‍, ഇല്ല എന്ന് ഞാന്‍. റെന്റ് കൂടുതല്‍ എന്നു പറഞ്ഞ് അവര്‍ പതുക്കെ നടന്നു. എല്ലാം പ്രതീക്ഷയും നശിച്ച് ഞാന്‍ ഫ്ലാറ്റില്‍ ഇരുന്നു.

ഒന്നു വലിച്ചേക്കാം എന്നു കരുതി സിഗരറ്റ് നോക്കിയപ്പോള്‍ തീര്‍ന്നിരിക്കുന്നു. അതു വാങ്ങാന്‍ കടയിലേക്കിറങ്ങിയപ്പോള്‍ ഭാര്യയുടെ കൂട്ടുകാരികള്‍ ആയിരുന്ന അപ്പുറത്തെ ഫ്ലാറ്റിലെ മാലതിയും ആര്യയും എന്നെ നോക്കി പുച്ഛത്തോടെ ഒരു ആക്കിയ ചിരി.

ഞാന്‍ രണ്ട് റഷ്യാക്കാരികളുടെ കൂടെ ഫ്ലാറ്റിലേക്ക് പോകുന്നത് അവര്‍ കണ്ടിരിക്കാം, അവസാനം എല്ലാം തകര്‍ന്നവനെപ്പോലെ അരമണിക്കൂറിനു ശേഷം പുറത്തേക്ക്. ആരാണെങ്കിലും സംശയിക്കില്ലേ? ബിരിയാണി പോയിട്ട് ചോറു പോലും ഉണ്ടിട്ട് ആഴ്ചകളായി, വയറു നിറച്ചു വലിച്ചു കേറ്റിയിട്ട് അവശനായി റെഡ് ബുള്‍ അടിക്കാന്‍ പുറത്തു പോകുവെന്നായിരിക്കും അവര്‍ വിചാരിച്ചിട്ടുണ്ടാവുക.

വേറെ നല്ല ജോലി കിട്ടി ഭാര്യയുമായി ഇനിയും ഈ ഫ്ലാറ്റില്‍ തന്നെ താമസിക്കേണ്ടി വരുമോ ആവോ?

5 comments:

നിലാവ്‌ January 27, 2010 at 7:13 PM  

സത്യം പറ...അവർക്കെത്ര ദിർഹം കൊടുത്തു??

എറക്കാടൻ / Erakkadan January 28, 2010 at 9:56 AM  

സംഗതി ഇങ്ങനെ തന്നെ ആണോ...അതോ വളച് ഒടിച്ചതോ

Jenshia January 28, 2010 at 7:17 PM  

ആവോ :-D

മുക്കുവന്‍ January 29, 2010 at 12:26 AM  

ഞങ്ങളൊക്കെ ഇവിടെ ഉണ്ടേ.. കുറച്ച് ദിര്‍ഹം ഞങ്ങള്‍ക്കും വീതിക്കാത്തതിനാലാണോ ചിരി?

Anil cheleri kumaran January 29, 2010 at 8:38 PM  

:)‌


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP