കുട്ടപ്പായി കഥകള്‍ 1
>> Saturday, January 10, 2009
എന്റെ പേരു കുട്ടപ്പായി. പൈകയില്‍ എന്നെ അറിയാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തെ കളിയായും കാര്യമായും പഠിച്ചു കൊണ്ടിരുന്ന ഞാന്‍ ജീവിതത്തെ കുറെയൊക്കെ മനസിലാക്കി വന്നപ്പോളാണ് വാഴക്കാവരയനുമായി കൂട്ടാവുന്നത്. അങ്ങനെ ഞാന്‍ ജീവിതവുമായും അവന്‍ ജോലിയുമായും അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ ഒരു ഡിഗ്രി കൈയ്യില്‍ വന്നു. അപ്പോള്‍ വീണ്ടും അഹങ്കാരം, ഒരു മാസ്റ്റര്‍ ഡിഗ്രി കൂടെയെടുത്തേക്കാം, ഇത്തിരി സോഷ്യല്‍ വര്‍ക്കും കൂടിയായേക്കാം.
അതിനു ചേര്‍ന്നപ്പോളാണ് അടുത്ത പ്രശ്നം, സര്‍ട്ടിഫിക്കേറ്റ്, മാര്‍ക്കുലിസ്റ്റ്, റ്റി സി തുടങ്ങിയ സാധനങ്ങള്‍ വേണം, അതിനു യൂണിവേര്‍സിറ്റിയില്‍ ചെല്ലണം. പാലായില്‍ നിന്നും കാലിക്കട്ട് യൂണിവേര്‍സിറ്റിയില്‍ പോകുന്നത് അത്ര എളുപ്പ കാര്യമല്ലല്ലോ. പിന്നെ അവിടെ നിന്നും എന്തെങ്കിലും പേപ്പര്‍ കിട്ടണമെങ്കില്‍ എത്ര പ്രാവശ്യം പോകണം?
വാഴക്കാവരയന്റെ കൂട്ടുകാരനായ രാമപുരംകാരന്‍ ഫുട്ബോള്‍ താരം മനോജ് യൂണിവേര്‍സിറ്റിയിലാണ് M.PEd (Master in Physical Education) നു പഠിക്കുന്നത്. അങ്ങനെ ഞാനും വാഴക്കാവരയനും അവരുടെ കൂടെയായി യൂണിവേര്‍സിറ്റിയില്‍
ചെല്ലുമ്പോള്‍. അവര്‍ക്ക് ഞങ്ങള്‍ വെളുപ്പാന്‍ കാലത്ത് തന്നെ റമ്മുമായി എത്തുന്ന പാലാക്കാരായ അച്ചായന്മാര്‍. ഞങ്ങള്‍ക്ക് അവര്‍ യൂണിവേര്‍സിറ്റിയിലെ കാര്യങ്ങള്‍ പെട്ടെന്ന് ചെയ്തു തീര്‍ക്കാര്‍ വണ്ടിയും പരിചയവും ഉള്ള സീനിയര്‍ തല്ലിപ്പൊളികള്‍. ആവശ്യത്തിലധികം കള്ളും തമാശയും പൊങ്ങച്ചവുമായി എത്തുന്ന രണ്ട് നിരുപദ്രവകാരികളെ ആര്‍ക്കെങ്കിലും വെറുക്കാനാവുമോ? അങ്ങനെ രണ്ട് പ്രാവശ്യത്തെ സന്ദര്‍ശനം കൊണ്ട് യൂണിവേര്‍സിറ്റി പിള്ളേരുടെ, പ്രത്യേകിച്ച് M.PEd കുട്ടികളുടെ കണ്ണിലുണ്ണികളായി ഞങ്ങള്‍.
ഫുട്ബോള്‍ താരങ്ങള്‍, വോളീബോള്‍ കളീക്കാര്‍, ഗുസ്തിക്കാര്‍, ഓട്ടക്കാര്‍, ചാട്ടക്കാര്‍ തുടങ്ങി എന്തിനേറേ, ഖൊ ഖൊ കളിക്കുന്നവര്‍ വരെ അവിടെയുണ്ടായിരുന്നു. പുറത്തു താമസിച്ചിരുന്ന മനോജും സംഘവും കോളേജ് ഹോസ്റ്റലിലേക്ക് മാറി. കഴിഞ്ഞ പ്രാവശ്യം വാഴക്കാവരയന്‍ പോയതിനാല്‍ അവന് സ്ഥലം സ്ഥലം അറിയാം.
എറണാകുളം വരെ ഞങ്ങള്‍ ബൈക്കിനു വന്നു. അതിനിടയില്‍ പുതുതായി പാടേണ്ട പാരടി (ഭരണി) ഗാനങ്ങള്‍ ഞങ്ങള്‍ റെഡിയാക്കി. പഴയതിന്റെ ഒക്കെ സ്റ്റോക്ക് മൊത്തം തീര്‍ത്തിട്ടാണ് ആ തല്ലിപ്പോളി സ്പോര്‍ട്സ് കാരുടെ അടുത്ത് ഞങ്ങള്‍ പിടിച്ചു നിന്നത്. ഇനി പുതിയതില്ലെങ്കില്‍ അവന്മാര്‍ക്ക് നമ്മളെ ഒരു വിലിയില്ലെന്നായാലോ? പോരാത്തതിനു വിവരം ഇല്ലാത്ത തടിയന്മാര്‍ ആണെങ്കിലും ഗുസ്തിക്കാരൊക്കെ അല്ലേ, തൂക്കിയെടുത്തെറിഞ്ഞാലോ? വാഴക്കാവരയനെ ഇടക്കൊക്കെ അമേരിക്കയില്‍ പോയി വരുന്ന ഒരു സമ്പന്നനായിട്ടാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്നെ അവന്‍ ഭയങ്കര ബുദ്ധിജീവി ആയിട്ടും, മലബാറിലും തമിഴ്നാട്ടിലും ഒക്കെ എസ്റ്റേറ്റ് ഉള്ളവനായും അവതരിപ്പിക്കുന്നു. ഈ പ്രാവശ്യം അവന്‍ അമേരിക്ക മാറ്റി അവന്റെ പെങ്ങള്‍ ഉള്ള
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിനെക്കുറിച്ച് അവള്‍ പറഞ്ഞകാര്യങ്ങളും അവിടത്തെ പള്ളിയും മറ്റു ക റെ വിവരങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചു വെച്ചു. വെറും നാടനാണെന്ന് വിചാരിച്ച് വില കുറയണ്ടാ എന്നു കരുതി ഞാന്‍ വാനില കൃഷിയെക്കുറിച്ച് ഗവേഷണം നടത്താന്‍ മഡഗാസ്കറിനു പോയതായി പറയാനും തീരുമാനിച്ചു.
എറണാകുളത്തു നിന്നും വയറു നറച്ചു ഫുഡും ആവശ്യത്തിനു കള്ളും വാങ്ങി രണ്ടുകുപ്പി റമ്മും വാങ്ങി ബാഗില്‍ വെച്ച് രാത്രി വണ്ടിയില്‍ കയറി. വാഴക്കാവരയന്‍ ആലുവ എത്തുന്നതിനു മുമ്പ് ഉറങ്ങി, ഞാന്‍ അവരോട് പറയേണ്ട പൊങ്ങച്ച നുണക്കഥകളുടെ മൂശയിലേക്കു കടന്നു.
വെളുപ്പിനെ മൂന്നരയായപ്പോള്‍ ഞങ്ങള്‍ യൂണിവേര്‍സിറ്റിയില്‍ എത്തി. നിറയെ മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന വഴികള്‍ക്കിടയിലൂടെ വാഴക്കാവരയന്‍ എന്നെ അവരുടെ ഹോസ്റ്റലിലേക്കു നയിച്ചു. ഹോസ്റ്റല്‍ എന്നു വെച്ചാല്‍ വീട് ആണ്, അവിടെ ഇവര്‍ ആറുപേര്‍ താമാസിക്കുന്നു. അതുപോലത്തെ അയലോക്ക വീടുകളില്‍ മറ്റുള്ളവരും. വലിയ ലൈറ്റുകള്‍ ഉണ്ടെങ്കിലും ആകെ ഒരു ഭീകരാവസ്ഥ, നല്ല തണുപ്പും. ഞാന്‍ റമ്മിന്റെ കുപ്പി തുറന്ന് രണ്ടുകവിള്‍ അകത്താക്കി. വാഴക്കാവരയന്‍ എന്നെ തോല്‍പ്പിച്ചുകൊണ്ട് നാലെണ്ണം വിട്ടു. അങ്ങനെ ഞങ്ങള്‍ അവരുടെ വീടിന്റെ വാതിക്കല്‍ എത്തി. ഞാന്‍ പറഞ്ഞു, എന്തിനാ അവന്മാരെ ഇപ്പോള്‍ വിളിച്ചെഴുന്നേല്‍പ്പിച്ച് അവരുടെ ഉറക്കം കളയുന്നത്? പോലീസും പട്ടാളവും പോലെ രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് പ്രാക്റ്റീസിനു
പോകണ്ട പാവങ്ങളല്ലേ, നമുക്ക് തിണ്ണയില്‍ കിടന്നേക്കാം. ചാക്കും തടിയും കാര്‍ഡ് ബോര്‍ഡും എന്തിനേറെ ഷഡ്ഡി വരെ തലയിണയായി (അല്ലാതെ ഉപയോഗിക്കാറില്ല) വെക്കുന്നവരുടെ അടുത്ത് ഞങ്ങള്‍ വലിയ കോടീശ്വരന്മാര്‍ പുതപ്പും ഒക്കെയായിട്ടാണ്
ചെന്നത്.
നേരെ പത്രംവിരിച്ചു, കൊതുകില്‍ നിന്നും രക്ഷക്കായി വാഴക്കാവരയന്‍ നാലു സിഗരറ്റ് പൊട്ടിച്ചിട്ട് പുകച്ചു, പുതപ്പും പുതച്ച് ഉറക്കമായി. പതിവുപോലെ വെളുപ്പാന്‍കാല നിദ്രയിലേക്ക് ഞാനും വഴുതി വീണു.രാവിലെ ഒരു കിലുകില ഒച്ച, പുതപ്പു ദേഷ്യത്തോടെ തലയില്‍ നിന്നും മാറ്റി നോക്കിയ ഞാന്‍ ഒന്നാലോചിച്ചു, ഇതെന്താ സ്വപ്നമോ? വായില്‍ ബ്രഷും വെച്ച് ചുരിദാര്‍ ഇട്ട
രണ്ടെണ്ണം, മിഡിയിട്ട ഒരു പടപ്പത്തലച്ചി, നിക്കറിട്ട ഒരെണ്ണം, പിന്നെ നൈറ്റിയിട്ട മൂന്നെണ്ണം. എല്ലാം എന്നെ നോക്കി നില്‍ക്കുന്നു. അവര്‍ നോക്കിയപ്പോള്‍ നല്ല നീളത്തില്‍ ഒരാള്‍ പുതച്ചു മൂടി കിടക്കുന്നു, തലയുടെ സൈഡില്‍ ആയി കാല്‍ ഭാഗം കഴിഞ്ഞ ഒരു
കുപ്പി റം. അതും പെണ്ണുങ്ങളുടെ വീട്ടില്‍!. എനിക്കു ചമ്മാന്‍ പറ്റുമോ, ഞാന്‍ പുതപ്പു മുഖത്തേക്ക് വലിച്ചിട്ട് വീണ്ടും കിടന്നു. വാഴക്കാവരയനും സംഘവും അപ്പോളെക്കും എത്തി അവരെ കാര്യങ്ങള്‍ ബോധിപ്പിച്ചു. സ്പോട്സ്കാരികളും അത്യാവശ്യം ധൈര്യശാലികളും ആയിരുന്നതിനാല്‍ അവര്‍ ഒച്ചവെച്ചു ബഹളം വെക്കുകയോ ഒന്നും ചെയ്തതുമില്ല.
അതോടെ കുട്ടപ്പായിച്ചേട്ടന്‍ പെണ്ണുങ്ങളുടെ അടുത്തും പ്രശസ്ഥനായി എന്നു പറഞ്ഞാല്‍ മതിയല്ലോ. രാവിലെ എണീറ്റ് മുള്ളാന്‍ പോയ വാഴക്കാവരയന്‍ അലക്കിയിട്ടിരുന്ന ബ്രാ കാണുകയും തല്ഫലമായി അടുത്ത വീടുകളുടെ ചുറ്റുവട്ടത്ത് നിരീക്ഷണം
നടത്തിയിരിക്കുകയും അവസാനം ഗുസ്തിക്കാരന്‍ സിറിയക്കിന്റെ ബുള്ളറ്റ് കണ്ടുപിടിച്ച് അവനെ വിളിച്ച് കൊണ്ട്വരുന്നതിന്റെ ഇടക്കാണത്രെ ബാക്കിയെല്ലാം സംഭവിച്ചത്.എന്തായാലും രാവിലെ തന്നെ ഞങ്ങള്‍ റമ്മെടുത്ത് അവന്മാര്‍ക്ക് പ്രചോദനം നല്‍കുകയും
തല്ഫലമായി അവരുടെ അന്നത്തെ പ്രാക്ടീസ് മുടങ്ങുകയും ചെയ്തു.
വൈകുന്നേരങ്ങളില്‍ എന്നെയും വാഴക്കാവരയനെയും കാണാനായി അവരുടെ ഒത്തിരി കൂട്ടുകാര്‍ എത്തിയപ്പോള്‍ ഞങ്ങളുടെ പ്രശസ്തി ഞങ്ങള്‍ക്കു മനസിലാവുകയും ചെയ്തു. അങ്ങനെ ഞാന്‍ കയ്യില്‍ കരുതിയിരുന്ന കവടി എടുത്ത് അവരുടെ ജാതകം പറയുക എന്ന
പാതകം നടത്തുകയും വാഴക്കാവരയന്‍ മനസിന്റെ പ്രഹേളികകളെക്കുറിച്ച് കുറെ പൊട്ടന്മാരെ വെറും പൊട്ടന്മാര്‍ ആക്കുകയും ചെയ്തപ്പോളാണ് ഗുസ്തിക്കാരന്‍ സിറിയക് ഒരുത്തനെ കാണിച്ചത്. ഒരുത്തന്‍ ബൈക്കില്‍ വന്ന് റോഡില്‍ നിന്ന് പറയുന്നു, എടാ
ഞങ്ങള്‍ ഇപ്പോ വന്നേക്കാം എന്ന്. അവന്‍ അവരുടെ കൂട്ടത്തിലെ ഒരു മഹാ അങ്കാരിയും വിഷവും ആണത്രേ. ഖൊ ഖൊ കളിക്കാരനായി എത്തിയതാണ്, ഏറ്റു നില്‍ക്കാന്‍ ഊരില്ല, അല്ലരുന്നെങ്കില്‍ സിറിയക് രണ്ട് പൊട്ടീരു കൊടുത്ത് സൈഡിലിരുത്തിയേനെ. വായില്‍ നിന്നെ ഒന്നരക്കിലോയുള്ള ഡയലോഗേ വരൂ. നിങ്ങള്‍ക്കു പറ്റുമെങ്കില്‍ ഒരു പണി അവനിട്ട് കൊടുക്ക്.
വാഴക്കാവരയന്‍ പറഞ്ഞു, കുട്ടപ്പാ, നീ എന്തെങ്കിലും ഖൊ ഖൊയെക്കുറിച്ച് രണ്ടുമൂന്ന് പോയിന്റ്സ് പഠിക്ക്. ഞാന്‍ അവനെ ഖൊഖൊ സബ്ജെക്റ്റിലേക്ക് കൊണ്ടുവരാം. അപ്പോളേക്കും സഖാവെത്തി, പരിചയപ്പെട്ട വകയില്‍ വാഴക്കാവരയന്‍ അവനുമായി ഒന്നു ചെറുതായി കോര്‍ത്തു. ഖൊഖൊ ഒരു വൃത്തികെട്ട കളിയാണ്, ഒരു വകക്കും കൊള്ളില്ല എന്നൊക്കെ. അവനു സഹിക്കുമോ, ലോകത്തിലെ ഏറ്റവും നല്ല കളിയാണ് ഖൊ ഖൊ എന്നു പറഞ്ഞ് അവന്‍ തകര്‍ക്കാന്‍ തുടങ്ങി. നിങ്ങള്‍ക്കാര്‍ക്കും അറിയില്ലാത്തതു
കൊണ്ടാണ് എന്നൊക്കെയായി അവന്‍. സത്യമാണ്, നമുക്കാര്‍ക്കും അതിനെക്കുറിച്ച് ഒന്നും അറിയില്ലല്ലോ.
ഞാന്‍ ഇടപെട്ടു. സുഹൃത്തേ ആര്‍ക്കും അറിയില്ല എന്നൊന്നും പറയരുത്, അവര്‍ക്കിഷ്ടമില്ലാഞ്ഞിട്ടല്ലേ അങ്ങനെ പറഞ്ഞത്. അവന്‍ സമ്മതിക്കുമോ? അപ്പോള്‍ ഞാന്‍ പതുക്കെ തുടങ്ങി. 1863 ലോ മറ്റൊ ആണെന്നു തോന്നുന്നു, മഹാരാഷ്ട്രയിലെ ഖലോരാ എന്ന സ്ഥലത്തു നിന്നാണ് ഈ കളി ആരംഭിച്ചത്. 1950 കളില്‍ ഹൈദരാബാദില്‍ ആദ്യത്തെ ചാമ്പ്യന്‍ഷിപ്പു നടന്നു. പിന്നെ കളിയിലെ രണ്ടുമൂന്നു നിയമങ്ങളും. അതിന്റെ അളവുകളും മറ്റും പറഞ്ഞു. കബഡിയും മറ്റുമായുള്ള സാമ്യങ്ങളും. ഇത്രയും സത്യങ്ങളുടെ കൂടെ എന്റെ മനോധര്‍മ്മമനുസരിച്ച് അത്യാവശ്യം പൊടിപ്പും തൊങ്ങലും ചേര്‍ക്കുകയും ചെയ്തു. വിട്ടുതരാന്‍ മനസില്ലായിരുന്ന അവന്‍ തര്‍ക്കിച്ചു 1800 കളിലൊന്നും ഖൊ ഖൊ ഇല്ലായിരുന്നു എന്ന്. സിറിയക് പറഞ്ഞു എന്തിനാ തര്‍ക്കിക്കുന്നത്, നമ്മള്‍ക്ക് ബുക്കെടുത്ത് നോക്കാമല്ലോ?
എന്തൊരത്ഭുതം! ഞാന്‍ ആധികാരികമായി പറഞ്ഞതൊക്കെ ശരി. ഖൊ ഖൊ യെപ്പറ്റി കേരളാ സ്പോര്‍ട്സ് മിനിസ്ട്രിക്ക് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ ആളാണ് ഞാന്‍ എന്നും KKFI (ഖൊ ഖൊ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ) ല്‍ മെബറായിരുന്നു എന്നും മറ്റും
വാഴക്കാവരയന്‍ ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ് ചെയ്തപ്പോളേക്കും അവന്‍ തകര്‍ന്നു. എല്ലാവരും കൂടി അവനെ കളിയാക്കി ഒരു പരുവമാക്കി എന്നു പറയേണ്ടതില്ലല്ലോ..
ഷട്ടില്‍ കളിക്കാരന്‍ രാഘവന്‍ അവരുടെ പൊടിപിടിച്ചിരിക്കുന്ന ബുക്ക് കൊണ്ടു തന്നിരുന്നു, ഞാന്‍ അതുമായി ഒരു സിഗരറ്റും കത്തിച്ച് ബാത്ത് റൂമില്‍ കയറുകയും പേജ് ഒന്നു, നാല്‍പ്പത്താറ്, എഴുപത്തൊന്ന് എന്നിവ കവര്‍ ചെയ്ത് വര്‍ഷങ്ങള്‍, KKFI, കുറച്ചു നിയമങ്ങള്‍ ഒക്കെ പഠിച്ചിരുന്നു. ഒരിക്കലും ബുക്ക് നോക്കാതെ നടന്ന അവന്‍ അവസാനം തോല്‍ക്കികയല്ലാതെ വേറെ വഴിയില്ലല്ലോ...?
1 comments:
srikkum entha pani ippo....
Post a Comment