മാലിനി
>> Tuesday, January 6, 2009
1984, പൈക ലിറ്റില്‍ ഫ്ലവര്‍ LP സ്കൂളിലെ നാലു B യില്‍ ഒരു നല്ല കുട്ടിയായി ഞാന്‍ പഠിക്കുന്ന കാലം. മൂന്നാം ക്ലാസില്‍ പഠിപ്പിച്ചിരുന്ന അന്നക്കുട്ടി ടീച്ചറിന്റെ അത്ര ഇഷ്ടമില്ല ഇപ്പോഴത്തെ ക്ലാസ് ടിച്ചര്‍ സോഫിയ ടീച്ചറിനെ, ചില ദിവസങ്ങളില്‍ ടീച്ചര്‍ കേട്ടേഴുത്ത് തെറ്റിച്ചാല്‍ അടിതരും. എങ്കിലും ചില ദിവസങ്ങളില്‍ ടീച്ചര്‍ ചേര്‍ത്തു പിടിച്ച് തെറ്റു പറഞ്ഞു തരുമ്പോള്‍ ഒത്തിരി സ്നേഹവും തോന്നാറുണ്ടായിരുന്നു.
ക്ലാസിലെ എന്നല്ല സ്കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഒരു തരം ശത്രുതയിലാണ് കഴിഞ്ഞിരുന്നത്. ഒരു പക്ഷെ നമ്മുടെ ഉള്ളില്‍ അദ്യമേ തന്നെ പരസ്പരം ഒരു ശത്രുത ഉണ്ടാക്കിയാല്‍ പിന്നെ കുറച്ചു നാളത്തേക്ക് ആണുങ്ങളും പെണ്ണുങ്ങളും അടിയുണ്ടാക്കുന്നതല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാക്കില്ലല്ലോ.എന്നാലും ചില പെണ്ണുങ്ങളോട് നമുക്കൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടാവുക സ്വാഭാവികം. ഞങ്ങളുടെ ക്ലാസിലും പലര്‍ക്കും പലരോടും അങ്ങനെയുണ്ടായിരുന്നു, കൂട്ടത്തില്‍ എനിക്കും.
ഞങ്ങളുടെ ക്ലാസിലെ പുഴുപ്പല്ലന്‍ ബേബിയും, നാല് A യിലെ തവള രാജുവും ആയിരുന്നു സ്കൂളിലെ ഗുണ്ടകള്‍. എന്നു വെച്ചാല്‍ ആരെങ്കിലുമായി സ്ഥിരം വഴക്കുണ്ടാക്കുക, തങ്ങളുടെ ആരോഗ്യം മറ്റുള്ളവരെ ഇടിച്ചും ഓടിച്ചും കാണിക്കുക, ടീച്ചറുടെ അടി കരയാതെ നിന്നു വാങ്ങുക തുടങ്ങിയവയാണ് LP സ്കൂളിലെ ഗുണ്ടകളുടെ ലക്ഷണങ്ങള്‍. ഇവരെ ചുറ്റിപ്പറ്റി ഗുണ്ടകളാവാന്‍ പരിശ്രമിക്കുന്നവരുടെ ഒരു കൂട്ടവും ഉണ്ടാവും. ഇന്റര്‍വെല്ലിനു പോകുന്ന വൃത്തിയായ സ്ലെറ്റുകളുള്ള കുട്ടികളുടെ, പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ സ്ലേറ്റില്‍ കുത്തിവരക്കുക, നീളമുള്ള കല്ലുപെന്‍സില്‍ ഒടിക്കുക, പെന്‍സിലില്‍ന്റെ മുന ഒടിക്കുഅക് ഇവരുടെ ചിലപ്രയോഗങ്ങള്‍. നമ്മള്‍ പൊതുവേ എല്ലാ കൂട്ടത്തിലും കൂടി ആരുമായും യാതൊരു പ്രശ്നവുമില്ലാതെ കഴിഞ്ഞു പോന്നു.
ഇന്റര്‍വെല്‍ എന്നു പറയുന്നത് ഒരു യുദ്ധം തന്നെയാണ്. ആദ്യം ഓടിച്ചെന്ന് മൂത്രമൊഴിക്കണം. അതിനായി സിമന്റുകൊണ്ടോക്കെ ഒരു ചാലുപോലെയുണ്ടാക്കി ഒരു മൂത്രപ്പുര ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും സ്കൂളിന്റെ അതിര്‍ത്തിയില്‍ ഉള്ള തോടിന്റെ മതിലില്‍ നിന്നു തോട്ടിലേക്കു മുള്ളുക എന്നുള്ളതാണ്. പിന്നെ അതിലും സ്പീഡില്‍ വന്ന് ഓട്ടപ്പിടുത്തം, ഗോലികളി, ഡ്രില്‍ പീരിയഡിന്റെ ബാക്കി വാശിയില്‍ ഒറ്റക്കാലേച്ചാട്ടം തുടങ്ങിയ കലാപരിപാടികള്‍. നമ്മുടെ ഗുണ്ടാ ഗാങ് ഏതെങ്കിലും അടിയുണ്ടാക്കിയിരിക്കുകയും ചെയ്യും.
അങ്ങനെ ഒരു ഇന്റര്‍വെല്‍, പതിവുപോലെ കയ്യാലയില്‍ പോയി തോട്ടിലേക്ക് ചെരിച്ചും വട്ടത്തിലും ഒക്കെ മൂത്രമൊഴിച്ചു രസിച്ച ശേഷം അന്ന് എന്നേക്കാളും കൂടുതല്‍ മുള്ളിയ സിജോയെ ഉച്ചക്കു മുള്ളി തോല്‍പ്പിക്കാന്‍ കൂടുതല്‍ വെള്ളം കുടിച്ചിട്ട് വന്ന് പുല്ലുകള്‍ക്കിടയിലൂടെ നടന്ന് പച്ച പുല്‍ച്ചാടിയെ പിടിക്കാന്‍ നോക്കി നടക്കുന്ന നേരം. അമ്മേ എന്നൊരു വിളികേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു, കയ്യിലിരുന്ന ഉണക്കപ്പുല്‍ച്ചാടി (വരണ്ട നിറമുള്ളത്) ചാടിപ്പോയി. എന്റെ തൊട്ടു പിന്നിലായി വീണത് അവളായിരുന്നു.
വീഴ്ചയില്‍ പൊങ്ങിപ്പോയ പാവട അവള്‍ പിടിച്ചു താഴ്ത്തി. കമഴ്ന്നുതന്നെ അവള്‍ മുഖം പൊത്തി കിടന്നു കരഞ്ഞു. ആദ്യത്തെ ഞട്ടലില്‍ നിന്നും ഞാന്‍ മുക്തനായി, എഴുന്നേല്‍ക്കു കൊച്ചെ എന്നു പറഞ്ഞു അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അവള്‍ എന്റെ കണ്ണിലേക്കൊന്നു നോക്കിയ ശേഷം കരഞ്ഞുകൊണ്ടുതന്നെ ഓടിപ്പോയ്. അവളുടെ പുറകില്‍ നിന്ന തവള രാജുവും പല്ലന്‍ രാജേഷും വില്ലന്‍ ചിരി ചിരിക്കുന്നു. എന്താടാ തവളേ നീ കാണിച്ചേ എന്നു ചോദിക്കണം എന്നു വിചാരിച്ചെങ്കിലും പ്രതികരണശേഷി നന്നേ കുറവായിരുന്ന ഞാന്‍ മനസിലേ ചോദിച്ചുള്ളൂ. ഞാന്‍ ഇനി അവള്‍ തന്നത്താനെ വീണതായി ഞാന്‍ കരുതും എന്നു കരുതിയിട്ടാവും പല്ലന്‍ പറഞ്ഞു “ഞാന്‍ അവളുടെ സ്ലേറ്റില്‍ കുത്തിവരച്ചു എന്ന് ടിച്ചറിനോട് പറഞ്ഞ് എനിക്കിട്ട് അടി വാങ്ങിച്ചു തന്നു അവള്‍, അതിനു ഉന്തിയിട്ടതാ”.
പ്രതികാരം ചെയ്യുന്നതാണ് അന്നത്തെ ഹീറോകളുടെ ലക്ഷണം എങ്കിലും അവളുടെ കരഞ്ഞുകൊണ്ടുള്ള നോട്ടം എവിടെയോ ഉടക്കി കിടന്നു. പല്ലന്റെ കൂടെ മുന്ന് B ആണ് അവള്‍ പഠിക്കുന്നത്. പല്ലനും തവളയും ഒരു ക്ലാസില്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം. പക്ഷെ പല്ലന്‍ തോറ്റുപോയി.
പിന്നെകുറച്ചു നാളുകള്‍ക്ക് ശേഷം സ്കൂള്‍ അസംബ്ലിയില്‍ ഞങ്ങളുടെ രണ്ട് ലൈന്‍ അപ്പുറെ നിന്ന് ഒരു പെണ്‍കുട്ടി എന്നെ തിരിഞ്ഞു നോക്കി. ഒരു ഫ്ലാഷ് പോലെയാണ് കണ്ടതെങ്കിലും ആ കണ്ണുകള്‍ എനിക്കു മനസിലായി, അതവള്‍ തന്നെ. എന്തോ അവളെ ഒന്നു നന്നായി കാണാന്‍ എനിക്കു തോന്നി. അന്നു ഇന്റര്‍വെല്ലിന്റെ മണിയടിക്കാന്‍ രഞ്ചിത്തിനെ മണിയടിച്ച് ഞാന്‍ പോയി. അവളുടെ ക്ലാസിനു മുമ്പിലൂടെ ആണ് മണിയടിക്കാന്‍ പോകണ്ടത്. പക്ഷെ അവിടെ ചെന്ന് നേരെ മണിയടിച്ചതല്ലാതെ ക്ലാസില്‍ നോക്കാന്‍ എന്റെ മനസിന്റെ പ്രത്യേകതകള്‍ എന്നെ അനുവദിച്ചില്ല.
പിന്നെയും ഞാന്‍ ആ കാര്യത്തില്‍ വലിയ ശുഷ്കാന്തി കാണിച്ചില്ലെങ്കിലും ഇടക്കിടെ അവള്‍ വൈകുന്നേരങ്ങളില്‍ എന്റെ മനസില്‍ വന്നിരുന്നു,പ്രത്യേകിച്ച് അവളുടെ കണ്ണും ആ നോട്ടവും. എന്റെ അനിയത്തി പഠിക്കുന്ന ക്ലാസ് ആയതിനാല്‍ ഒരു ദിവസം അവളുടെ കൂടെ ഈ പെണ്‍കൊച്ചും നടക്കുന്നതു കണ്ടു. ഞാന്‍ ചോദിച്ചു,“നിന്റെ കൂട്ടുകാരിയാണോടി ഇത്?” അവള്‍ പറഞ്ഞു, “ഇപ്പോള്‍ കൂട്ടായതാ, പാവം കൊച്ചാ, മാലിനീന്നാ പേര്“. മാലിനി ഒന്നു ചിരിച്ചു കാണിച്ചു. കുഞ്ഞു പല്ലുകളും വലിയ തിളക്കമുള്ള കണ്ണുകളും നല്ല ഓമനത്തവും ഉള്ള ഒരു സുന്ദരിക്കുട്ടി. എനിക്കും അവളോട് കൂട്ടുകൂടാന്‍ തോന്നി.
തുലാമാസത്തിലെ മഴതോര്‍ന്ന ഒരുച്ച നേരത്ത് മൊട്ടപൊരിച്ചതും തേങ്ങാച്ചമ്മന്തിയും ഉപ്പുമാങ്ങാ ഉള്ളിയും മുളകും കൂട്ടി അരിഞ്ഞതും കൂട്ടി പൊതിച്ചോറ് കഴിച്ചിട്ട് സ്കൂളിന്റെ മുറ്റത്ത് വേള്ളത്തില്‍ കളിച്ചു കൊണ്ട് നടക്കുന്ന സമയം. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളം ചാടിച്ചെന്ന് ഒരു കാലുകൊണ്ട് തെറിപ്പിച്ച് മറ്റേകാലുകൊണ്ട് ആ തെറിക്കുന്ന വെള്ളത്തില്‍ തൊഴിക്കുമ്പോള്‍ കേല്‍ക്കുന്ന ശബ്ദം ആണ് ഞങ്ങളുടെ ഹരം.
അങ്ങനെ ആവേശത്തില്‍ വെള്ളത്തില്‍ പടക്കം പൊട്ടിച്ചു വന്നപ്പോളാണ് അപ്പുറത്തായി കടലാസു വള്ളം ഉണ്ടാക്കി ഒഴുക്കിക്കൊണ്ടിരുന്ന എന്റെ അനിയത്തിയുടെയും മാലിനിയുടെയും റാണിയുടെയും ദേഹത്തേക്ക് എന്റെ തൊഴിയില്‍ വെള്ളം തെറിച്ചത്. ഞാന്‍ ടീച്ചറിനോട് പറയും എന്നു പറഞ്ഞ് റാണി ചീറി, വീട്ടില്‍ ചെല്ലട്ടെ ഞാന്‍ കാണിച്ച് തരാമെന്നു പറഞ്ഞ് അനിയത്തിയും. സ്കൂളില്‍ നിന്നു ടിച്ചറിന്റെ അടി, വീട്ടില്‍ ചെല്ലുമ്പോള്‍ കുഞ്ഞുപ്പപ്പന്റെ അടി, എനിക്കു സങ്കടം വന്നു. ഇതു കലക്കവെള്ളം അല്ലല്ലോ, അതുകൊണ്ട് സാരല്ല, പോട്ടെന്നേ... നിന്റെ ചേട്ടനല്ലേ? മാലിനി പറഞ്ഞു.
ഞാന്‍ എന്തായാലും അവിടെ നിന്നു മുങ്ങി. അവള്‍ക്കെന്താ ആണുങ്ങളോട് ശത്രുതയില്ലാത്തെ? പാവം കൊച്ചായിട്ടയിരിക്കും. പിന്നീട് ചില്ലപ്പോളൊക്കെ ഞാന്‍ കാണുന്ന സ്വപ്നത്തില്‍ ഡോള്‍ഫിന്റെ കൂടെ നീന്താനും, മുയലിന്റെ കൂടെ ചാടാനും, അണ്ണാന്റെ കൂടെ കൊക്കൊ കായ് പറിക്കാനും കുരങ്ങച്ചനെ ആഞ്ഞിലിയില്‍ കയറ്റാനുമൊക്കെ അവളും കൂടെവന്നു.
അങ്ങനെ ശിശുദിനം വന്നു. സ്കൂളിന്റെ കോമ്പോണ്ടില്‍ കുറെ തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കാനായി തീരുമാനിച്ചു. അതു നടാനും വെള്ളമൊഴിക്കാനും ഓരോ ക്ലാസില്‍ നിന്നും റാങ്കനുസരിച്ച് പിള്ളേരെയും നിഴ്കയിച്ചു. സ്കൂളിലേക്ക് നടക്കല്ലിറങ്ങിവരുന്ന സ്ഥലത്ത് ആദ്യം തന്നെ എന്റെ മരം. എല്ലാ തിങ്കളാഴ്ചയും എനിക്കു വെള്ളമൊഴിക്കാന്‍ ഡ്യൂട്ടി. ബാക്കി ദിവസങ്ങളില്‍ ഓരോ ക്ലാസില്‍ നിന്നും ഓരോരുത്തര്‍. ചൊവ്വാഴ്ച മൂന്നു B ക്കാണ് ഡ്യൂട്ടി. എന്റെ മരം നോക്കാന്‍ മാലിനി ആയിരുന്നെങ്കില്‍! രണ്ട് ദിവസം ഞങ്ങള്‍ രണ്ട് പേരും കൂടി മരം വളര്‍ത്തുന്നത് ഞാന്‍ സ്വപ്നംകണ്ടു.
മരം നടാന്‍ നേരം എന്റെ കൂടെ വന്നത് റാണി, അവള്‍ വളരെ ഉത്സാഹത്തോടുകൂടി എന്റെ കൂടെ നടാന്‍ കൂടി. നമുക്ക് എന്നും ഇതിന് വെള്ളം ഒഴിക്കണം ഞാന്‍ എല്ലാ ദിവസവും വെള്ളം ഒഴിക്കാം എന്നൊക്കെ അവള്‍ പറഞ്ഞു. എന്റെ അനിയത്തിയുടെയും മാലിനിയുടെയും ഒക്കെ മരത്തിനേക്കാള്‍ വലുതാവണം നമ്മുടെ മരം എന്നായിരുന്നു അവളുടെ ആഗ്രഹം. എന്റെ മരത്തില്‍നിന്നും കുറെ അകലെയായി സിജോയും മാലിനിയും കൂടി മരം നടുന്നതു ഞാന്‍ കണ്ടു.
വാശിയോടെ ഞങ്ങള്‍ മരത്തിന്റെ തൈയില്‍ വെള്ളമൊഴിയും മറ്റും നടത്തിക്കൊണ്ടിരുന്നു. മരങ്ങള്‍ വേരു പിടിച്ചു. മാലിനി മരത്തിനെ നന്നായി നോക്കിയിരുന്നു എങ്കിലും ചെറിയതായിരുന്നു അത്. ഞാന്‍ ഉച്ചക്കു ചോറുണ്ടിട്ടു ചോറ്റുപാത്രം കഴുകി വരുന്ന വഴിയില്‍ പാത്രത്തിലെ വെള്ളം അറിയാത്ത ഭാവത്തില്‍ മാലിനിയുടെ മരത്തിന്റെ ചുവട്ടില്‍ ആരും കാണാതെ ഒഴിച്ചിരുന്നു. ഒരു ദിവസം ഞാന്‍ ഒഴിക്കുന്നതു കണ്ട മാലിനി എന്നെ നോക്കി ചിരിച്ചു. അവളുടെ വിടര്‍ന്ന കണ്ണൂകള്‍ക്കൊപ്പം ആ കുഞ്ഞിപ്പല്ലുകളും എന്റെ മനസില്‍ പതിഞ്ഞു, നല്ല നിറഞ്ഞ ചിരി.
ഡിസംബറിന്റെ തണുപ്പില്‍ പിടിച്ചിരുന്നതിന്റെ ടെന്‍ഷന്‍ തീര്‍ക്കാന്‍ തോട്ടരികിലെ കയ്യാലയിലേക്ക് ഓടിച്ചെന്ന ഞാന്‍ ബാലന്‍സ് നഷ്ടപ്പെട്ട് തോട്ടിലേക്കു പറന്നു. നനഞ്ഞ യൂണിഫോമില്‍ തിരിച്ചു വന്നപ്പോള്‍ അനിയത്തിയുടെ അന്വേഷണങ്ങള്‍ക്കിടയില്‍ എന്താ പറ്റിയത് എന്ന ചോദ്യം കണ്ണുകളില്‍ വെച്ച് അവള്‍...
ക്രിസ്തുമസ് അവുധി കഴിഞ്ഞെത്തിയ സമയം. തണല്‍ മരത്തൈകള്‍ എല്ലാം മണ്ണില്‍ പിടിച്ചു കഴിഞ്ഞു. അന്ന് പതിവില്ലാതെ ജനുവരിയിലെ തണുപ്പില്‍ ഒരു മഴ പെയ്തു. ജനലിലൂടെ മഴയും കണ്ടുകൊണ്ടിരുന്ന സമയത്ത് വരാന്തയിലൂടെ മാലിനി ഒരു പാന്റൊക്കെ ഇട്ട ഒരാളുടെ കൂടെ ഹെഡ്മിസ്ട്രസിന്റെ റൂമിലേക്കു പോകുന്നു. കയ്യില്‍ ബാഗൊന്നുമില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചു വന്നു. വരുന്ന വഴി ജനലിലൂടെ നോക്കി നിന്ന എന്നെ അവള്‍ ഒന്നു നോക്കി, അവള്‍ വീണ അന്നു നോക്കിയമാതിരി വേദനയുള്ള എന്നാല്‍ പിടിച്ചു വലിക്കുന്ന ഒരു നോട്ടം.
പോയവഴി അവള്‍ എന്റെ തൈമരത്തില്‍ ഒന്നു തലോടി. യാത്രപറഞ്ഞതാവാം. ഞങ്ങളുടെ എല്ലാവരുടെയും മരങ്ങള്‍ വളര്‍ന്നു. ചിലതൊക്കെ ആദ്യവര്‍ഷങ്ങളില്‍ തന്നെ വെട്ടിക്കളഞ്ഞു. എന്റെ മരം ദീര്‍ഘകാലം ഉണ്ടായിരുന്നു, നാലു വര്‍ഷം മുമ്പു റോഡിനു വീതി കൂട്ടിയ വകയില്‍ മുറിച്ചുമാറ്റുന്നതു വരെ. അവള്‍ നട്ട മരം ഇന്നും ആ സ്കൂളിനു തണലേകുന്നു. കഴിഞ്ഞ നവംബറില്‍ ഞാന്‍ ചെല്ലുമ്പോള്‍ നിറയെ പൂത്തു നില്‍ക്കുന്നു. മറന്നു പോയ എന്റെ മാലിനിയുടെ നോട്ടവും ചിരിയും എന്റെ മനസില്‍ വീണ്ടും.... നഷ്ടപ്പെട്ട വിലയേറിയ പലതിന്റെയും കൂടെ ചേര്‍ത്തുവെക്കാന്‍ ഒരു പവിഴം........
14 comments:
മൊട്ടേന്ന് വിരിയുന്നതിന് മുന്‍പേ.............:)
ഒരുപാട് ഇഷ്ടപ്പെട്ടുമാഷേ ഈ ഓര്‍മക്കുറിപ്പ്...........ഇന്‍റര്‍വെല്‍ സമയത്ത് മുള്ളാനുള്ള ഓട്ടവും ക്ലാസ്സിലെ ഗൂണ്ടകളും...ഒരുപാട് സമാനതകള്‍...
സ്വര്‍ണ്ണത്തിനു സുഗന്ധം പകരുന്ന ഓര്‍മ്മകള്‍.
-സുല്‍
Nannairikkunnu...anumodangal...
വളരെ ഇഷ്ടമായി, മാഷേ പോസ്റ്റ്... ആ തണല്‍ മരത്തിന്റെ തണുപ്പ് വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലും പടരുന്നു...
തകര്ത്തു..നല്ല ഓര്‍മ്മകള്‍..
മാലിനി ഇപ്പൊ എവിടെയാ?അറിയാമോ?
സ്കൂള്‍ ഓര്‍മ്മകള്‍ ഒരുപാടൊരുപാട് ബ്ലോഗില്‍ പലരും എഴുതിയിട്ടുണ്ടെങ്കിലും ഇത് വളരെ ഹൃദയസ്പര്‍ശിയായിതോന്നി. കാരണം ഒരു കുട്ടിയുടെ നിഷ്കളങ്കമായ മനസ്സിലൂടെയുള്ള ആഖ്യാനമായതുകൊണ്ടുതന്നെ.... അഭിനന്ദനങ്ങള്‍!!
എവിടെയോ മറന്നു കിടന്ന കോട്ടയം ബേക്കര്‍ സ്കൂളും എന്റെ 4ആം ക്ലാസ്സുകാരെയും ഓര്‍മ്മപ്പെടുത്തി.ഇന്നും അതില്‍ ചിലരൊക്കെ ഇന്നും കൂട്ടുകാരാണ്...ഇങ്ങനെ ചില നോട്ടങ്ങളും,
പിച്ചുക്കളും,തട്ടിത്തെറുപ്പിക്കലുകളും,മനസ്സില്‍ മായാതെ കിടക്കും.എന്നെങ്കിലും ഒരിക്കല്‍ ഈ ഓര്‍മ്മ നില്‍ക്കുന്നവരെ നാം കണ്ടെത്തും,അന്ന് ഒരു നീധി കിട്ടിയ സുകൃതം അനുഭവിക്കാറുണ്ട്. എന്റെ നല്ല കുറെ ഓര്‍മ്മകള്‍ വീണ്ടും വിളീച്ചുണര്‍ത്തിയ ബ്ലോഗുകാരാ ‘വാഴക്കാവരയ’ കണ്ടതിലും വായിച്ചതിലൂം സന്തോഷം.
ഒരുവട്ടംകൂടിയാ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം...
ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മഞ്ഞുപെയ്ത ദര്‍ശങ്ങളെ വിളിച്ചുണര്‍ത്തിയതിന് നന്ദി...
നന്നായിരിക്കുന്നു.
adipoli machuuuuu... thakarthu kalanju...
nannayirikkunnu...janum padicha schoolinte aduth thodum undayirunnu....ellam athe pole orma varunnu...
നഷ്ടപ്പെട്ട വിലയേറിയ പലതിന്റെയും കൂടെ ചേര്‍ത്തുവെക്കാന്‍ ഒരു പവിഴം........
varayo..ningal enne njan padicha poovakkulam LP schoolilekku kondu poyi..manasil oru vingalum...
hey..its nice dat ur recallng past memories..i was also studied n d same school..!!
ഇതാരണാവോ എന്റെ സ്കൂളിലെ കുട്ടി. എന്തായാലും പരിചയം ഉണ്ടാവുമല്ലോ അപ്പോള്‍?
Post a Comment