വിധി
>> Sunday, January 4, 2009
ഈ വിധി അല്ലെങ്കില്‍ തലേവര എന്നൊക്കെ പറയുന്നതില്‍ എങ്ങനെ വിശ്വസിക്കാതിരിക്കും? അല്ലെങ്കില്‍ പിന്നെ ഈ ക്രിസ്തുമസും ന്യൂ ഇയറും ഈ ദുബായില്‍ എന്റെ മക്കളും ഭാര്യയുമില്ലാതെ അഘോഷിക്കാന്‍ ഇടയാതതെന്ത്? ആഘോഷിച്ചോ എന്നു ചോദിച്ചാല്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ നല്ല ആഘോഷം തന്നെ. ഒരു പക്ഷെ സ്വര്‍ണ്ണ കട്ടിലില്‍ കിടന്നുറങ്ങുന്നതിലും എനിക്കിഷ്ടം പുല്പായില്‍ കിടന്നുറങ്ങുന്നതാവാം.
ക്രിസ്തുമസിനു ഉച്ചക്കു ഒരു കസിന്റെ വീട്ടില്‍ പോയി. അദ്ദേഹമാണെങ്കില്‍ ഒരു ബാങ്കില്‍ വളരെ വലിയ സ്ഥാനത്തിരിക്കുന്നുവെങ്കിലും അതിന്റെ അഹങ്കാരം ഒന്നുമില്ലാതെ കൊഞ്ചു ഫ്രൈ, പോര്‍ക്കു ഫ്രൈ, കട് ലേറ്റ്, മീന്‍ വറുത്തത്, സലാഡ് തുടങ്ങിയ കൊതിയൂറുന്ന വിഭവങ്ങള്‍ പണ്ടു വനിതയില്‍ വന്നതും പാചക
പുസ്റ്റകങ്ങളില്‍ വന്നതുമൊക്കെയായി ഷാപ്പു സ്റ്റൈലിലും, നാടന്‍ സ്റ്റൈലിലും ഒക്കെ കറങ്ങുന്ന ഒരു ഊണുമേശയില്‍ വെച്ചിരിക്കുന്നു. നാടന്‍ ചട്ടിയില്‍ വെച്ച മീന്‍ വറ്റിച്ചതും, കാഴിമോരുമൊക്കെ ഒന്നിനൊന്നു മെച്ചം. പുള്ളിക്കാരന്റെ ഭാര്യ ഉണ്ടാക്കിയിട്ടാണെന്നു തോന്നുന്നു സലാഡു മാത്രം എന്നത്തെയും പോലെ അങ്ങ് ഏറ്റില്ല. ജോണി വാക്കര്‍ ഗോള്‍ഡും, എന്റെ ഇഷ്ട ബ്രാന്‍ഡ് ആയ ബക്കാര്‍ഡി ലെമണും ബീയറും ഒക്കെയുണ്ടായിരുന്നെങ്കിലും കാര്‍ ഓടിച്ചുകൊണ്ട് വന്നതിനാല്‍ മദ്യം തൊട്ടില്ല. ടക്സിക്കു വന്നാല്‍ മതിയാരുന്നു, പാര്‍ക്കിങുനു തന്നെ മൂന്നു മണിക്കൂര്‍ ഇരുന്നപ്പോള്‍ 30 ദിര്‍ഹം പോയിക്കിട്ടി. പക്ഷെ ഭക്ഷണം, കുശാലായി അടിച്ചു കേറ്റി. വൈകിട്ട് സഹമുറിയന്‍ കെ കെ യുടെ കൂടെ അംബാസിഡര്‍ ബാറില്‍ പോയി നാലഞ്ചു ഡബിള്‍, ക്രിസ്തുമസ് ഖതം.
ന്യൂ ഇയറിനാണെങ്കില്‍ ക്രിക്കറ്റ് ക്ലബിലെ ഒരാള്‍ ഓര്‍ഗനൈസ് ചെയ്യുന്ന പാര്‍ട്ടി റമദാ ഹോട്ടലില്‍. ഇടക്കു ഷേക്ക് മുഹമ്മദ് പാലസ്തീനുകാര്‍ക്ക് ഐക്യദാര്‍ട്യം പ്രക്യാപിച്ചെങ്കിലും പിന്നീട് ഹോട്ടലുകാരുടെ കരച്ചില്‍ കേട്ട് അഘോഷനിരോധനം പിന്വലിച്ചു. കറുത്തതും വെളുത്തതും ചുവന്നതും (ബക്കാര്‍ഡി ബ്രീസര്‍) ആയ പല നിറത്തില്‍ പല തരത്തില്‍ ഉള്ള മദ്യങ്ങളും പലതരം ഭക്ഷണങ്ങളും. ഡാന്‍സ് ഫ്ലോര്‍ വിത്ത് സ്മോക്ക് ആന്റ് ലേസര്‍, നല്ല പാട്ടുകള്‍ അങ്ങനെ വേണ്ടതെല്ലാം. വന്നവര്‍ എല്ലാം ഭാര്യമാരും കുട്ടികളും ഒക്കെയായി ഡാന്‍സും പാട്ടും. എനിക്കെന്തോ ഏകാന്തത തോന്നി. അതു മാറ്റാന്‍ ബക്കാര്‍ഡി ഓറഞ്ച് ജ്യൂസൊഴിച്ച് അടിച്ചു കൊണ്ടേയിരുന്നു. പിന്നെ അവര്‍ എന്നെ ഡാന്‍സുമത്സരത്തിന്റെ ജഡ്ജിയാക്കി. പരിചയക്കാര്‍ കുറവായിരുന്നതു കൊണ്ട് തന്റേടത്തോടു കൂടി മാര്‍ക്കിട്ടു. അവസാനം ഒരു പത്തുമിനിറ്റ് ഡാന്‍സു ചെയ്തു നോക്കി, കിളവന്മാര്‍ വരെ മണിക്കൂറുകല്‍ ചാടിയപ്പോള്‍ ഞാന്‍ കാലു കഴച്ചതിനാല്‍ പിന്‍വാങ്ങി. എല്ലാം ഉണ്ടെങ്കിലും എന്തിന്റെയോ ഒരു കുറവ്.
ഇതിന്റെ രണ്ടിന്റെയും ഇടക്ക് എന്റെ ജന്മദിനം, കൂടെ കെകെയുടെ വക ഒരു പാര്‍ട്ടിയും ഒന്നിച്ചു നടത്തമെന്നു വെച്ചു. കാര്യം IT ആണെങ്കിലും സ്റ്റോക്കിന്റെ ഒക്കെ ഉത്തരവാദിത്വം എന്റെ തലേല്‍ ആയിപ്പോയി. അങ്ങനെ 27 മുതല്‍ തുടങ്ങിയ മാമാംഗത്തില്‍ എന്റെ ബര്‍ത്ത്ഡേ ആഘോഷിക്കാന്‍ ഞാനെത്തിയപ്പോള്‍ സമയം രാത്രി 11.30. അങ്ങനെ തിരക്കിട്ട ഒരാഴ്ച, നിറയെ ആഘോഷങ്ങള്‍, ശ്വാസം വിടാന്‍ പറ്റാത്ത പോലെ പണിയും.
ഇതിന്റിടക്ക് രണ്ട് ഔട് ഡോര്‍ ക്രിക്കറ്റ് മാച്ച്.ക്രിസ്തുമസിന്റെ പിറ്റേദിവസം ഷാര്‍ജയില്‍ നടന്ന കളിയില്‍ എന്തായാലും മാസങ്ങള്‍ക്കു ശേഷം ബൌള്‍ ചെയ്യാന്‍ ലഭിച്ചു. കളിക്കു മുമ്പ് പ്രാക്ടീസ് ചെയ്യാന്‍ അവസരം കിട്ടിയത് ടീമില്‍ പുതുതായി എത്തിയ താരങ്ങള്‍ കണ്ടത് ഭാഗ്യം, അവര്‍ റെക്കമന്റ് ചെയ്തു. ആദ്യത്തെ ഓവറില്‍ കിട്ടി വിക്കറ്റ് ഒന്ന്, പിന്നെ 2 ക്യാച്ച് ചാന്‍സുകളും. രണ്ടാമത്തെ ഓവറില്‍ ആദ്യത്തെ രണ്ടു ബോളും സിക്സ്, പക്ഷെ തന്ത്രപരമായ മൂന്നാം ബോളില്‍ അവന്‍ ക്യാച്ച് നല്‍കിയെങ്കിലും ഫീല്‍ഡര്‍ വിട്ടു കളഞ്ഞു. ആകെ ഒരു ക്യാച്ചാണ് ആ കളിയില്‍ ഞങ്ങളുടെ ടീം എടുത്തത്. ദുഷ്ടന്മാര്‍. എങ്കിലും എന്റെ പ്രശ്നമായിരുന്ന വൈഡ് രണ്ട് ഓവറില്‍ രണ്ടില്‍ തന്നെ ഒതുങ്ങി. ഏറ്റവും പ്രത്യേകത ടീമംഗങ്ങല്‍ക്ക് ഒരു വിശ്വാസം ലഭിച്ചു എന്നുള്ളതാണ്. അതിന്റെ ആവേശത്തില്‍ ഏഴാമനായി ഇറങ്ങിയ ഞാനും നിലയുറപ്പിച്ചിരുന്ന അനീഷും കൂടി അവിടെ ഞാന്നു നില്‍ക്കുകയും ആദ്യമായി ഞാന്‍ UAE ഇല്‍ ഒരു സിക്സടിക്കുകയും ചെയ്തു എന്നുള്ളത് മനസിനു കുളിര്‍മ്മ നല്‍കി. കാര്യം കളി തോറ്റെങ്കിലും ഭാര്യയെ വിളിച്ച് അരമണിക്കൂയ് സന്തോഷം പങ്കിട്ടു. (വേറെ ആര എന്റെ ഈ വാചകം കേള്‍ക്കുന്നത്?).
പിന്നെ ഒന്നാം തീയതി വൈകിട്ട് സബീല്‍ പാര്‍ക്കില്‍ ടെന്നീസ് ബോളില്‍ കളി. അവിടെ പ്രകടനം വീണ്ടും മെച്ചം. ബാറ്റിങില്‍ രണ്ടാമത്തെ ബോളില്‍ തന്നെ ഫോറടിച്ചു തുടങ്ങിയെങ്കിലും മൂന്നമത്തെ ബോളില്‍ ലോങോണില്‍ ക്യാച്ച്. പക്ഷെ ബൌളിങില്‍ എന്റെ ക്വോട്ട മുഴുവന്‍ എറിഞ്ഞു, അധികം റണ്‍സ് കൊടുക്കാതെ മൂന്നു വിക്കറ്റും. കളി ജയിക്കുകയും ചെയ്തു. നല്ല തുടക്കം പുതു വര്‍ഷത്തില്‍.
രണ്ടാം തീയതി വെള്ളിയാഴ്ചയായതിനാല്‍, വെറുതേ വീട്ടില്‍ കുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ക്ലോസ് ചെയ്ത് 2009 ന്റെ ഫയല്‍ ഓപ്പണ്‍ ചെയ്തു, എല്ലാം കൃത്യമാക്കി. പിന്നെ ഒറ്റക്കിരുന്ന് ഇത്തിരി അലോചിച്ചു.
എന്തിനായിരുന്നു ഞാന്‍ കഴിഞ്ഞ വര്‍ഷം ജോലി മാറിയത്? സാമാന്യം തരക്കേടില്ലായിരുന്ന ജോലി, കമ്പനിയുടെ വക ഫാമിലി താമസം. രണ്ട് വര്‍ഷത്തിനിടെ പ്രസവിക്കാനായി നാട്ടില്‍ ആറുമാസം വീതം പോയി നിന്നു എങ്കിലും ബാക്കി കൂടെയും നിന്നല്ലോ. പക്ഷെ ജോലി മാറി, കൂടുതല്‍ കാശ്, വീടുമാത്രം
തന്നെയെടുക്കണം. ഓ അതിനിപ്പോള്‍ എന്താ ഇത്ര പ്രയാസം, ഷാര്‍ജയിലോ അജുമാനിലോ ഉമ്മല്‍ കോയിനിലോ എടുക്കാമല്ലോ. പിന്നെ പണ്ടാരം അടങ്ങി മൂന്നു വര്‍ഷം ചെയ്തു മടുത്ത ജോലി മാറി പുതിയ ജോലി, നല്ല കരിയര്‍, എല്ലാം ഞങ്ങളുടെ ഭാഗ്യം.
ജോലിക്കു കയറി, എന്തായാലും ഭാര്യ രണ്ടാമത്തെ പ്രസവത്തിനു നാട്ടിലല്ലേ, ഒരു അഞ്ചാറു മാസത്തേക്ക്ബാച്ചിലര്‍ ആയി നിന്നാല്‍ കുറച്ചു ക്യാഷ് ഉണ്ടാക്കാമല്ലോ എന്നെല്ലാവരുടെയും അഭിപ്രായം. ബുള്ളറ്റു വിറ്റേച്ച് വീണ്ടും സൈക്കിള്‍ വാങ്ങുന്നപോലെയാണെങ്കിലും ക്യാഷും ജീവിതത്തിനാവശ്യമല്ലേ. ജോലി മാറുന്നതിനു മുമ്പ് അന്വേഷിച്ചപ്പോള്‍ ഇന്റര്‍ നാഷണല്‍ സിറ്റിയില്‍ ഒരു ബെഡ് റൂം ഫ്ലാറ്റിനു 52K ഉണ്ടായിരുന്നത് ആറുമാസം കഴിഞ്ഞപ്പോള്‍ 75K ആയി. ബര്‍ദുബായില്‍ തന്നെ ഫ്ലാറ്റ് എടുക്കാമെങ്കില്‍ ഉച്ചക്കും വന്നു ഭാര്യയേയും മക്കളേയും കാണമല്ലോ എന്നാഗ്രഹിച്ചിരുന്ന എനിക്കു ഇവിടുത്തെ ഫ്ലാറ്റിന്റെ ഫ്ലാറ്റല്ലാത്തറേറ്റിന്റെ ഗ്രോത്ത് ഭ്രാന്താക്കി. കാര്യം നാലുമാസമേ നാട്ടില്‍ പോയിട്ട് അയിരുന്നുള്ളെങ്കിലും അവസാനം നവംബറില്‍ നാട്ടിലേക്കു പോയി, മാസം ഫ്ലാറ്റിനു കൊടുക്കുന്ന റെന്റ് ഉണ്ടെങ്കില്‍ മാസത്തില്‍ തന്നെ മൂന്നുതവണ നാട്ടില്‍ പോയി വരാം. എന്തായാലും ഷാര്‍ജയില്‍ മറ്റും താമസിക്കുന്നതിലും ഭേദം അതു തന്നെ. പത്തു മണിക്കൂര്‍ ജോലിയും 4 മണിക്കൂര്‍ ട്രാഫിക്കും കഴിഞ്ഞിട്ട് പിന്നെ മക്കളേം ഭാര്യേം തെറിപറയാന്‍ ആയി
എന്തിനാ വീട്ടിലോട്ട് പോകുന്നത്, വീക്കെണ്ടില്‍ നാട്ടില്‍ പോയാ പോരെ?
എന്റെ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ തോന്നി, പൈസായിലെന്തു കാര്യം!. എന്തായാലും കിട്ടുന്ന ലക്ഷങ്ങള്‍ ഒക്കെ ലക്ഷങ്ങളായി തന്നെ പലവഴിക്കു പോകുന്നു. ഇവരുടെ ഈ പ്രായം കൂടെ നിന്നാസ്വദിച്ചില്ലെങ്കില്‍ ഈ ജന്മം തന്നെ പാഴ്. തിരിച്ചു വന്നാല്‍ ഉടനെ ഫ്ലാറ്റെടുക്കാം. സമ്പാദിക്കാന്‍ പറ്റിയില്ലെങ്കിലും വേണ്ടാ, ജീവിക്കാം. ഞങ്ങള്‍ തീരുമാനിച്ചു.
അവളുടെ വീട്ടിലെ കാറുമായി ഞങ്ങള്‍ കറങ്ങാല്‍ പോയതു കൊണ്ട് അവളുടെ പപ്പായും മമ്മിയും കൂടെ സ്കൂട്ടറില്‍ രാവിലെ ഒരു ശവമടക്കിനു പോയി. സ്കൂട്ടറിന്റെ മുമ്പിലത്തെ ടയര്‍ പഞ്ചര്‍, രണ്ടു പേരും റോഡില്‍. രണ്ടു പേര്‍ക്കും ഒടിവു, പൊള്ളല്‍ പിന്നെ ഓപ്പറേഷന്‍, കമ്പിയിടീല്‍ ഒക്കെയായി. ഞാന്‍ ചെന്നതു കാരണം അവര്‍ക്കങ്ങനെയൊരു യോഗമുണ്ടായി. പാവം അവരെ നോക്കാന്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലേ? ഭാര്യക്കായി ആ ജോലി. ഇനി ഫെബ്രുവരി ആകുമ്പോള്‍ ആ ഡ്യൂട്ടി തീരുമായിരിക്കാം. റിസഷന്റെയും ഡിപ്രഷന്റെയും ഭാഗമായി റെന്റ് കുറയുമായിരിക്കാം എന്ന പ്രതിക്ഷ ഉണ്ടായിരുന്നു, എവിടെ? ഇപ്പോള്‍ താമസിക്കുന്ന ബാച്ചിലര്‍ ഹൌസിന്റെ വാടക കൂട്ടാനിരിക്കുവാ അറബി.
എന്തൊക്കെ ആയാലും വിധി എന്നൊരു കാര്യം കാണുമായിരിക്കാം. ചെറുപ്പത്തില്‍ അമ്മയുടെ കൂടെ പേടിയില്ലാതെ കെട്ടിപ്പിടിച്ചുറങ്ങാന്‍ കൊതിച്ചിരുന്ന ആ പാവം ചെക്കന് ഇന്നു വരെ സാധിച്ചില്ല കൊതി തീരെ കിടക്കാന്‍. സ്വന്തമായി ഒരു വീടായപ്പോളേക്കും പഠനവും ജോലിയുമായി ഊരുതെണ്ടാനായിരുന്നു അവനു വിധി. പലതരത്തിലുള്ള സഹമുറിയന്മാരുടെ കൂടെ സഹവസിച്ചു, പലരുടെയും സ്വപ്നമായിരുന്ന ബഅച്ചെലര്‍ ലൈഫ്. അന്നും കിട്ടുന്ന അവുധി ദിനങ്ങളില്‍ വീട്ടില്‍ വന്ന് അമ്മയുടെ പാവക്കാ തോരനും, തൊട്ടുനക്കിയും കൂട്ടി ചോറുണ്ണുമ്പോള്‍ കിട്ടുന്ന സുഖം എന്നും വീട്ടില്‍ നിന്നും കഴിക്കുന്നവര്‍ക്ക് അറിയില്ലല്ലോ.
പിന്നീട് ദൈവം എന്റെ ഇഷ്ടത്തിനനുസരിച്ച് ഭാര്യയും, കാമുകിയും , മകളും ചിലപ്പോളൊക്കെ അമ്മയുമാകുന്ന ഒരു പെണ്‍കൊച്ചിനെ കൈപിടിച്ചു തന്നു. എന്റെ കരവലയത്തില്‍ ഒതുങ്ങി കിടക്കാനും അവളുടെ നെഞ്ചില്‍ ചേര്‍ത്ത് എന്നെയുറക്കാനും രണ്ടു പിള്ളേര്‍ ആയിട്ടും അവള്‍ക്കു കഴിയുന്നു. എന്റെ കുഞ്ഞുപോത്തന്‍ എന്നെ കിടത്താതിരിക്കാനായി മാക്സിമം ഉറങ്ങാതിരിക്കുമെങ്കിലും ഞാനല്ലേ മോന്‍.
എങ്കിലും അതൊക്കെ എനിക്കു സ്കൂളില്‍ നിന്നു ലഭിക്കുന്ന ഓണം, ക്രിതുമസ്, വലിയവുധി പോലെ റേഷനാകുന്നതെന്തേ? എനിക്ക് അമ്മയും ഭാര്യയുമുണ്ട്, ഒന്നിച്ചു താമസിക്കാന്‍ മറ്റുള്ളവരുടെ കണ്ണിലെങ്കിലും അവസ്ഥയുമുണ്ട്. എന്നിട്ടും സാധിക്കുന്നില്ല, ഇതായിരിക്കാം വിധി..........
എത്രയൊ പേരുടെ ജീവിതം കണ്ടിട്ട് നാം തീരുമാനിച്ചിട്ടുണ്ട് അവനൊക്കെ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് എന്ന്. ഓരോ മനുഷ്യന്റെയും അവസ്ഥ അവര്‍ക്കല്ലേ അറിയൂ. എന്റെ ഇവിടുത്തെ കൂട്ടുകാര്‍ക്ക് ന്യൂ ഇയര്‍ പാര്‍ട്ടിക്കു പോയ ഞാന്‍ ഭാഗ്യവാനായിരുന്നു. പക്ഷെ അവിടെ കണ്ട കുട്ടികളുടെ ഓട്ടവും ചാട്ടവും എന്റെ
മനസില്‍ കറിയാച്കന്റെയും കോക്കുവിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി വിഷമിപ്പിച്ചതേ ഉള്ളൂ. ചക്രവും പൂത്തിരിയുംകണ്ട് കുതിച്ചു ചാടുന്ന കോക്കു, ബലൂണും തോരണവും വാരി എറിഞ്ഞു നടക്കുന്ന കറിയാച്ചന്‍..... മനസു അവിടെക്കു തന്നെ പറക്കുന്നു, എപ്പോഴും.....
നേട്ടങ്ങളും സന്തോഷങ്ങളും ഒത്തിരിയുണ്ട് എന്റെ ജീവിതത്തില്‍. എങ്കിലും എന്നും എനിക്കു നഷ്ടമായിരുന്ന ചിലതുണ്ട്. ഏറ്റവും കൊതിക്കുന്ന ചിലത്. വിധിയെന്നു കരുതി ഞാന്‍ കാത്തിരിക്കുമ്പോള്‍ ഒരു പക്ഷേ എന്നന്നേക്കുമായി നഷ്ടമാവുമോ അത്? വിധിയെ തോല്പിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ വലിയതു വന്ന്
തടയുമായിരിക്കാം എന്ന ഭയമാണ്. ധാരാളം അനുഭവങ്ങള്‍ എന്നെ അതു പഠിപ്പിച്ചിട്ടുണ്ട്. അമ്മയുടെ വിറകുപുര സ്വപ്നം അന്നു വരെ ആശുപത്രിയില്‍ കിടക്കാന്‍ കൊതിച്ചിരുന്ന ഞാന്‍ മൂന്നു പ്രാവശ്യത്തെ ആശുപത്രിവാസത്തിലൂടെ തകര്‍ത്തതു പോലെ...
1 comments:
Vidhi ennu karudi kaathu irikkunnaidlum nalladu vidhiye tholppikkunnadalle...atleast sramichu ennengilum undallo...
Post a Comment