ഓര്‍മ്മച്ചിത്രങ്ങള്‍
>> Tuesday, February 2, 2010
ഞാന്‍ വളര്‍ന്ന അമ്മവീട്ടിലെ ചില കാഴ്ചകള്‍. ഓര്‍മ്മകള്‍ക്ക് നേരിയ നൊമ്പരമേകിക്കൊണ്ട് എല്ലാം അവിടെ തന്നെയുണ്ട്, ആര്‍ക്കും വേണ്ടാതെ.
33 വ്ര്ഷം മുമ്പ് ഞാന്‍ നില്‍ക്കുന്നത് ഈ മിഷ്യന്‍പുരയുടെ മുമ്പില്‍. ഇന്നും അതവിടെ തന്നെ, കാലം വലിയ മാറ്റങ്ങള്‍ വരുത്താതെ. ഷീറ്റടിക്കുന്ന മിഷ്യനും പലുറക്കുന്ന ഡിഷും റബര്‍കത്തിയും ഒട്ടുപാലുമിടുന്ന കൂടയും എല്ലാമുണ്ടെങ്കിലും പ്രവര്‍ത്തനം ഇല്ല, എല്ലാവരും പാല്‍ തന്നെ വില്‍ക്കാന്‍ തുടങ്ങിയിരീക്കുന്നു.
വീടിന്റെ മുമ്പിലെ പതിനെട്ടാം പടി. ഇതു രണ്ടു ചാട്ടത്തിനു ചാടി റിക്കോര്‍ഡ് ഇടുകയും പിന്നീട് പല അനിയന്മാരും അതു തിരുത്തുകയും ചെയ്തു എന്നുള്ളത് ഒരു പുളിവല്ല, സത്യമാണ്. ആദ്യത്തെ ചാട്ടം ഒന്‍പതാം പടിയില്‍ നില്‍ക്കാതെ ഒന്നു കാല്‍തെന്നിയാല്‍, ഒന്നു വേച്ചാല്‍, ഹോ... നമ്മുടെ മക്കള്‍ ഇങ്ങനെ ഒന്നു ട്രൈ ചെയ്യാന്‍ നാം സമ്മതിക്കുമോ?
ആട്ടിന്‍കൂട് കോഴിക്കൂട്
എത്രയോ ആട്ടിന്‍കുട്ടികള്‍ ജനിച്ചു വളര്‍ന്ന കൂട്. പല മുട്ടനാടിന്‍ കുഞ്ഞുങ്ങളേയും വില്ക്കുമ്പോള്‍ ഞങ്ങള്‍ അതിന്റെ തള്ളയുടെ കൂടെ സങ്കടപ്പെട്ട സ്ഥലം. ഇന്നിപ്പോള്‍ ആ കൂട് ആടിനെ കണ്ടിട്ട് വര്‍ഷങ്ങളാകുന്നു. അനിയന്റെ ഇഷ്ടവിനോദം ആയിരുന്നു കോഴിവളര്‍ത്തല്‍. കഴുത്തേല്‍ പപ്പുള്ള സുന്ദരന്മാരും കഴുത്തേല്‍ പപ്പില്ലാത്ത കഷണ്ടിക്കാരും ആയ പൂവന്മാരും പിടകളും വസിച്ചിരുന്ന കൂടുകളില്‍ ഒന്ന്. ഇന്നതും ശൂന്യം, ങാാ കോഴിത്തീട്ടത്തില്‍ ചവിട്ടണ്ടല്ലോ...
പശുക്കളും കിടാങ്ങളും വാണിരുന്ന തൊഴുത്ത്. നാലു പശുക്കള്‍ വരെ ഇതില്‍ ജീവിച്ചിരുന്ന കാലം ഉണ്ടായിരുന്നു. പിണ്ണാക്കും ഓ കെ യും കച്ചിയും കാടിയുമൊക്കെയായി തകര്‍ത്തു നിന്നിരുന്ന കാലിതൊഴുത്ത്, വാഴപ്പിണ്ടിയും പച്ചപ്പുല്ലും വെട്ടിമുറിച്ചിട്ട് കൊടുത്ത് പശുക്കളുടെ സ്നേഹം വാങ്ങിയിരുന്ന ഒരു കാലം. ഇന്നിപ്പോള്‍ തകര്‍ന്ന ഒരു ഇല്ലത്തിന്റെ കണക്ക്.....
അറിവായതില്‍ പിന്നെ എന്നെ ആദ്യമായി നുണ പറയിപ്പിച്ച താറാവിന്‍ കൂട്. മുകളില്‍ ആസ്ബസ്റ്റോസ് വച്ച് അടച്ചിരുന്നു, കൂടെ കാണുന്ന ചെറിയ ടാങ്ക് താറാവിനു കുളിക്കനുള്ള കുളം. ഇതു പണിത സമയത്ത് ഇഷ്ടിക വെച്ച് ഭിത്തികെട്ടിക്കഴിഞ്ഞ് വൈകുന്നേരമായപ്പോള്‍ ഞാന്‍ മേസ്തിരിയോട് ചോദിച്ചു, ഇതു ചവിട്ടിയാല്‍ പൊളിയുമോ എന്ന്. ഇല്ലെന്ന് മേസ്തിരി. ഞാന്‍ ചവിട്ടി, അതു പൊളിഞ്ഞു. മേസ്തിരി തന്നെ എന്നോട് പറഞ്ഞു, നീ സ്റ്റെപ്പില്‍ നിന്നും കാലുതെറ്റി വീണതാണെന്നു പറഞ്ഞാല്‍ മതി അല്ലെങ്കില്‍ അടി കിട്ടില്ലേ എന്ന്. ഞാന്‍ മനസില്ലാമനസോടെ അടിയുടെ കാര്യം ഓര്‍ത്ത് അങ്ങനെ പറഞ്ഞു. അവസാനം മേസ്തിരി തന്നെ വല്യപ്പന്റെ അടുത്ത് കാര്യം പറയുകയും വൈകുന്നേരം കുരിശിവരയുടെ നേരത്ത് വല്ല്യപ്പന്റെയും അമ്മാവന്റെയും വക അടിയും കിഴുക്കും. അവസാനം ഞാന്‍ ആദ്യമായി വയലന്റായി.
വിറകു കീറാനായി ഉപയോഗിക്കുന്ന തെങ്ങിന്മുട്ടി, വിറകുപുരയിലെ സ്ഥിരവാസക്കാരായ അരണ.
എത്രയോ കാലം ദോശയും ഇഡലിയും തിന്നാനായി ഞങ്ങള്‍ക്കുവേണ്ടി ആടിയ ആട്ടുകല്ല്.
കപ്പക്കും ചക്കക്കും, തേങ്ങാച്ചമ്മന്തിക്കും മാങ്ങാച്ചമ്മന്തിക്കുമായി അരഞ്ഞകല്ല്. അമ്മിക്കല്ലിനെ അന്വേഷിച്ചു കൊണ്ട് ഇന്നവനും പടിക്കു പുറത്ത്.
എന്റെ സങ്കല്പങ്ങള്‍ക്ക് നിറം ചാര്‍ത്തിയിരുന്ന സ്ഥലം. വീടിനു പുറത്തുള്ള കക്കൂസും കുളിമുറിയും അത്യാവശ്യസമയങ്ങളില്‍ മാത്രം ഉപയോഗിക്കനുള്ളതായിരുന്നു. പേടിയുടെ അഖിലേന്ത്യാ നേതാവായിരുന്ന ഞാന്‍ എന്റെ ഇതുപുയോഗിക്കാന്‍ ആവശ്യം വന്നാല്‍ ഏതെങ്കിലും സഹോദര-അര്‍ധ സഹോദരങ്ങളേ കൂട്ടിനു വിളിച്ച് പറഞ്ഞ് കേള്‍പ്പിച്ചിരുന്ന ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും സ്റ്റണ്ടിന്റെയും സങ്കല്പകഥകള്‍ എന്നെ ഒരു നല്ല പകല്‍കിനാവനാക്കി. ഇതൊക്കെ കേട്ടിരുന്ന പലരും ഇന്നു ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമായി.
ഇവിടെ ഒരു പന്നിക്കൂടുണ്ട്. വാര്‍ത്തതായതിനാല്‍ ഒരിക്കലും നശിക്കില്ല, കാടുകയറിയാലും. പന്നികള്‍ക്ക് കുളിക്കാന്‍ കുളവും കഴുകാനും മറ്റും വെള്ളത്തിനായി ഒരിഞ്ചിന്റെ പൈപ്പും ഉണ്ടായിരുന്ന കൂട് പോലും ഇന്ന് കാണണമെങ്കില്‍ പള്ളവെട്ടണം.
വീഐടിന്റെ മുറ്റത്തുള്ള പതിനെട്ടാം മാസത്തെങ്ങിന്റെ മധ്യഭാഗം. എന്റ്റെയും മറ്റു കുട്ടികളുടെയും എത്രയോ യൂറിയകുടിച്ചു വളര്‍ന്നവന്‍. പക്ഷെ വാക്കത്തിയോ അരിവായോ ആയി ആരു പണികഴിഞ്ഞു വന്നാലും കൊത്തിവക്കുന്നത് ഇവന്റെ നെഞ്ചത്ത്. അതിന്റെ മാറാപാടുമായി ഇന്നും അവന്‍ മുറ്റത്തു നില്‍ക്കുന്നു.
ഇനിയുമങ്ങനെ എത്രയോ ചിത്രങ്ങള്‍, ഇന്നിതൊക്കെ നോക്കുകുത്തികളായെങ്കിലും ഉള്ളതു തന്നെ ഭാഗ്യം. കാല്‍ഘട്ടത്തിന്റെ മാറ്റങ്ങള്‍ നാമറിയുന്നത് ഇതൊക്കെ കാണുമ്പോളാണ്. ആ കാലത്തേക്കൊരു മടക്കം കൊതിക്കുന്നു, വിദൂരമെന്നറിയാമെങ്കിലും.
8 comments:
ഹാ, നല്ല പുതുമ
കാടും പടലും മൂടിക്കിടക്കുന്ന ഓര്‍മ്മകള്‍!
തനിച്ചിരുന്നപ്പോൾ ഓർമ്മകളുടെ മാലപ്പടക്കത്തിന് തീ പിടിച്ചു അല്ലേ...? തികച്ചും വ്യത്യസ്തമായ, ഗൃഹാതുരത്വമുണർത്തുന്ന ഒരു പോസ്റ്റ്...
ഇഷ്ടപെട്ടു
വാഴക്കേ...പിടിച്ചൊരുറ്റുമ്മ അങ്ങ് പറ്റിച്ചു തരും കേട്ടല്ല്..!
ഒരു ബാല്ല്യം തന്നെ പകർത്തിയിരിക്കുന്നു
മുപ്പതിമൂന്നുകൊല്ലം മുന്‍പുള്ള ഫോടോ കണ്ടാല്‍ ഇതാണ് കൈയ്യിലിരിപ്പെന്നു പറയില്ല.എന്തൊരു പാവം..
ഓര്‍മിക്കാന്‍ ഈ ചിത്രങ്ങള്‍ എങ്കിലും ഉണ്ടല്ലോ ... ഭാഗ്യവാന്‍ ..
എന്റെ അമ്മവീടെ വിറ്റു പോയാച്ച് ...
പാടവും ... നെല്ല് പുഴുങ്ങലും ... ഊഞ്ഞാല്‍ കെട്ടിയിരുന്ന മാവും പേരയും
കയ്യാണി എന്ന് വിളിപ്പേരുള്ള പാടങ്ങള്‍ക്ക് ഇടയിലെ ചെറിയ തോടും ..
മച്ചിലെ പത്തായവും ... തൊഴുത്തും .. എല്ലാം ഓര്‍മകളില്‍ മാത്രം ...
Post a Comment