അണ്ണാന്‍
>> Thursday, February 25, 2010
വീണ്ടും ബാല്യകാലത്തിലേക്ക്, 1985 കാലഘട്ടം. ഞങ്ങല്‍ നാലു സഹോദരങ്ങള്‍ അമ്മവീട്ടിലെ ചിട്ടവട്ടങ്ങളില്‍ ജീവിക്കുന്ന കാലം. രാത്രിയിലെ ഇരുട്ടും നിഴലാട്ടങ്ങളും ഭീകര സ്വപ്നങ്ങളും പകലുകളില്‍ പൂക്കള്‍ക്കും പൂമ്പാറ്റക്കും തുമ്പികള്‍ക്കും കുഞ്ഞുകളികള്‍ക്കും വഴിമാറിയിരുന്ന കാലം. പഠനമെന്ന ഭീകരതയും ചിട്ടവട്ടങ്ങളും മാറ്റിവെച്ചാല്‍ ശനിയും ഞായറും പറമ്പിലിറങ്ങാനും സസ്യലതാദികള്‍ക്കും കായ്കനികള്‍ക്കും കുരുവികള്‍ക്കുമൊപ്പം ആടിപ്പാടാനുള്ള സമയം.
അനിയന്‍ രണ്ടുദിവസം മുമ്പ് പൊരുന്നയിരുന്നു വിരിഞ്ഞന്‍ പതിനാലു കോഴിക്കുഞ്ഞുങ്ങളെ കുട്ടയില്‍ നിന്നിറക്കി ചികയാന്‍ വിട്ട് തള്ളക്കോഴിയുടെ കൂടെ കാവലിരിക്കുന്നു. കയ്യിലൊരു പിഞ്ഞാണവും കോലുമുണ്ട്. കോഴിക്കുഞ്ഞുങ്ങളെ പിടിക്കാന്‍ വരുന്ന പരുന്ത് എറിയന്‍ മുതലായ ഭീകര പക്ഷികളെ ഓടിക്കാന്‍ പിഞ്ഞാണത്തില്‍ കമ്പുകൊണ്ടടിക്കുന്ന ശബ്ദമാണ് ഏറ്റവും നല്ലത്. ഒരു ഭദ്രകാളിയേപോലെ മക്കളുടെ ചുറ്റും നടക്കുന്ന തള്ളക്കോഴിക്കും പരുന്തിനേയും എറിയനേയും എപ്പോളും തുരത്താനാവില്ല എന്ന അറിവ് അനിയനേ എപ്പോളും ജാഗരൂഗനാക്കിയിരുന്നു. ഉണക്ക കപ്പ കോരിവക്കാനുപയോഗിക്കുന്ന വലിയ വല്ലക്കുട്ടക്കകത്ത് അവനില്ലാത്തപ്പോള്‍ എപ്പോളും കുഞ്ഞുങ്ങളേ മൂടിയിടണം എന്നാണ് വലിയമ്മക്ക് അവന്റെ നിര്‍ദ്ദേശം.
ചേച്ചിയും അനുജത്തിയും ഞാനും കൂടി ഒരു ബക്കറ്റുമെടുത്ത് കൊക്കോ കായ് പറിക്കാന്‍ പതുക്കെ പുറത്തേക്കിറങ്ങി, കൊഴിക്കുഞ്ഞുങ്ങളെ കുട്ടക്കകത്താക്കി അനുജനും കൂടെ കൂടി. കൊക്കോക്കായ് പറിക്കന്‍ ഞങ്ങള്‍ക്കിഷ്ടമാണ്, കാരണം പറിച്ച് അതു പൊട്ടിച്ച് ബക്കറ്റിലാക്കുമ്പോള്‍ ഇടക്ക് അതു തിന്നാനും രസമുണ്ട്. പിന്നെ കോക്കോയില്‍ കയറാന്‍ എളുപ്പവുമാണ്, നല്ല തണലും ഉണ്ട്.
അണ്ണാന്‍ കൊക്കോക്കായ്ക് ഒരു ശല്യമാണ് അന്ന്. കാര്യം അണ്ണാനെ വലിയ ഇഷ്ടമാണെങ്കിലും പഴുക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ അവന്‍ കൊക്കോക്കായ്ക് തുരങ്കം ഇടും. അതിനാല്‍ തന്നെ അടിച്ചില്‍, എലിപ്പെട്ടി മുതലായ സാധനങ്ങള്‍ മൂത്ത കായുള്ള കൊക്കോയുടെ സമീപം പണ്ട് ആദമിനേയും ഹവ്വായേയും പ്രലോഭിപ്പിച്ചപോലെ ആപ്പിളോ മുന്തിരിയോ ഒക്കെ ഇത്തിരി പ്രലോഭനത്തിനായി വെച്ച് തുറന്നു വെച്ചിരിക്കും. വല്ലപ്പോളും പന്നിയെലി എന്ന വലിയ എലിയെ കിട്ടാറുണ്ടായിരുന്നെങ്കിലും അണ്ണാന്‍ ഭയങ്കര വിദ്വാന്‍ തന്നെയായിരുന്നു.
പക്ഷെ ഒരു ഹതഭാഗ്യന്‍, ഒരു അണ്ണാങ്കുഞ്ഞ് ഒരു ദിവസം എലിപ്പെട്ടിയില്‍ വീണു. അവന്റെ മാതാപിതാക്കളുടെ ഉപദേശം കേള്‍ക്കാഞ്ഞിട്ടാണോ ചെറുപ്പത്തിന്റെ അതിസാഹസികത അവനെ തോല്‍പ്പിച്ചതാണോ അല്ലെങ്കില്‍ അവനൊരു കൊതിയനായിട്ടാണോ അതോ ഇനി അവന്റെ തലയിലെ വരയുടേതാണൊ എന്നറിയില്ല, അവന്‍ പെട്ടിയില്‍ വീണു. സാധരണ എലിയെ കൊല്ലുന്നപോലെ അവനെ ചാക്കിലാക്കി ഭിത്തിക്കിട്ടടിച്ചു കൊല്ലണോ വെള്ളത്തില്‍മുക്കി കൊല്ലണോ എന്നൊന്നും നമുക്ക് പ്ലാന്‍ ചെയ്യാന്‍ തോന്നിയില്ല. തത്തയുടെ കൂടിനകത്തിട്ട് വളര്‍ത്താന്‍ തീരുമാനിച്ചു. അനിയന്റെ വല്യപ്പനോടുള്ള അപേക്ഷ സ്വീകരിക്കപ്പെട്ടു. അവനു കുട്ടന്‍ എന്ന പേരുമിട്ട് തത്തക്കൂടിനകത്താക്കി. എലി, പാമ്പ് മുതലായവയെ കൊല്ലുന്നതില്‍ യാതൊരു സങ്കടവും ഇല്ലാതിരിക്കുകയും മീന്‍കറിയും കോഴിക്കറിയും വെട്ടിവിഴുങ്ങുകയും ചെയ്യുന്ന ഞങ്ങള്‍ക്ക് പക്ഷെ മീന്‍, കോഴി, മുയല്‍ തുടങ്ങിയവയെ കൊല്ലുന്നത് ഭയങ്കര സങ്കടം ആയിരുന്നു. ഇതു തന്നെയായിരിക്കും ഒരുപക്ഷെ മനുഷ്യരാശിയില്‍ പരസ്പരമുള്ള നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള കൊലകളില്‍ മനുഷ്യത്തമില്ലാതായതിന്റെ കാരണം.
ഞങ്ങള്‍ക്ക് കിട്ടുന്ന പാലിന്റെ അംശം അവനും നക്കിക്കുടിക്കുന്നത് ഞങ്ങല്‍ സന്തോഷത്തോടെ നോക്കി നിന്നു. പേരക്ക കുഞ്ഞിപ്പല്ലുകള്‍ ഉപയോഗിച്ച് കാര്‍ന്നു തിന്നുന്നത് നോക്കി നിന്നു. വാലിട്ടു വെട്ടിച്ച് കൂട്ടില്‍ ചാടിനടക്കുന്നത് നോക്കി നിന്നു. അവനെ വലിയ മരങ്ങളില്‍ കയറ്റി വിട്ട് മാങ്ങയും ആനിക്കാവിളയും പറിപ്പിക്കുന്നത് ഞങ്ങളുടെ സങ്കല്പങ്ങളില്‍ കണ്ടു.
അവസാനം ഒരു മാസം കഴിഞ്ഞു അനിയന്റെ കോഴിക്കുഞ്ഞുങ്ങള്‍ തനിയേ നടക്കാറായി, ഇപ്പോള്‍ അവന്‍ ഇണങ്ങിക്കാണും എന്നു ഞങ്ങള്‍ ഉറപ്പിച്ചു. അവനെ അഴിച്ചു വിട്ടു. സന്തോഷത്തോടു കൂടി ചാടിപ്പോയി മുറ്റത്തെ പതിനെട്ടാം പാത്തി (പതീട്ടാം മാസത്തില്‍ കുലക്കുന്ന തെങ്ങ്)തെങ്ങില്‍ കയറി അവന്‍. എവിടുന്നോ കേട്ട ചില്‍ ചില്‍ ശബ്ദത്തില്‍ ആകൃഷ്ടനായി അവന്‍ പാഞ്ഞു, ഞങ്ങള്‍ പുറകേയും. എവിടുന്നൊ പറന്നുവന്നൊരു പരുന്ത് അവനെ പിടിച്ചു. ഞങ്ങളുടെ ശബ്ദങ്ങളും ചേച്ചി ഓടിപ്പോയി കൊണ്ടുവന്ന പിഞ്ഞാണത്തിന്റെ ഒച്ചയും പരുന്തിനെ പേടിപ്പിച്ചതായിരിക്കാം, അതു ഞങ്ങളുടെ കുട്ടനെ താഴേക്കിട്ടു.
അനക്കമില്ലാതെ കിടക്കുന്ന കുട്ടന്റെ മുമ്പില്‍ ഞങ്ങള്‍ മിണ്ടാതെ നോക്കി. വീണ്ടും ഒരു മരണത്തിന്റെ മരവിപ്പ്. മൂന്നുമാസം മുമ്പ് മരിച്ചടക്കിയ വാഴക്കാവരന്‍ കുഞ്ഞിന്റെ അടുത്ത് ഞങ്ങള്‍ ഒരു കുഞ്ഞുകുഴിയെടുത്തു. അതിന്റെ മുമ്പില്‍ നിന്ന് പ്രാര്‍ഥിച്ചു, കുട്ടന്റെ ആത്മാവിനേയും സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകണമേ എന്ന് കരഞ്ഞ് ഈശോയോട് പറഞ്ഞു.
3 comments:
നല്ല കഥ... ആ ഫോട്ടോ അതു വേണ്ടായിരുന്നു സിനോ.. ആ നാലു കുഞ്ഞുങ്ങളുടെ മുഖത്തെ ഭാവത്തില്‍ എനിക്കറിയാം.
പഴയ കാല ഓര്‍മ്മകള്‍.....
കുറെ ഓര്‍മ്മിപ്പിച്ചു.
ഹൃദയസ്പർശിയായ കുറിപ്പ്...
ഫോട്ടോ.... രഞ്ജിത് പറഞ്ഞതിൽ നിന്നു ഞാനും ഊഹിച്ചു...
മിഴി നിറച്ചു.
Post a Comment