ഞാനൊരു പാവം പാലാക്കാരന്‍

യരലവഷസഹ

>> Thursday, February 11, 2010

ഇപ്പോള്‍ രാവിലെ എണീക്കാന്‍ വലിയ പാടാണ്. എട്ടുമണിക്ക് ഓഫീസില്‍ ചെല്ലാനായി ആറേമുക്കാലിന് അലാം വെച്ചാലും സ്നൂസ് ചെയ്ത് അതു ഏഴുപത്തു വരെയാക്കും. എന്നിട്ട് ഓടിപ്പിടിച്ച് ഒരു കാക്കക്കുളിയും നടത്തി ഓഫീസില്‍ ചെല്ലും. രാവിലെ ഭാര്യയുടെ മിസ്കാള്‍ ഉണ്ടായിരുന്നു, പിന്നെ പറഞ്ഞു വേണ്ടാ എന്ന്. പറ്റുന്നിടത്തോളം ഉറങ്ങാം, എന്തായാലും ഈ മാസം കൂടി അല്ലേ ജോലി ഉള്ളൂ.

രാവിലെ തന്നെ ഭാര്യ വിളിക്കുന്നു, മിസ്കാള്‍ അല്ല. ഫോണ്‍ എടുത്തു. ഹലോ ചാച്ചേ... കറിയാച്ചനാ..

ഞാന്‍ “എന്താടാ ചക്കരേ...?“

കറിയാച്ചന്‍ “ഞാന്‍ ഇന്ന് സ്കൂളില്‍ പൊവ്വാ...”

ഞാന്‍ “ആണോ..? ബിഗ് ബോയ് ആയല്ലേ അപ്പോള്‍..?”

കറിയാച്ചന്‍ “ഉം...ബിഗ് ആയി ഞാന്‍.. ചാച്ചേ.. പാത്ത്രിക്കേണം കെട്ടോ...”

ഞാനൊന്നും മിണ്ടിയില്ല. കണ്ണില്‍ ഒരു നനവു പൊടുന്നനേ എത്തി. അവന്‍ പറഞ്ഞു, “ ഞാന്‍ വെച്ചേക്കുവാണേ...” ഞാന്‍ മൂളി.

നന്നായി വരും മോനേ നന്നായി വരും, എന്റെ മനസു മന്ത്രിച്ചുകൊണ്ടേ ഇരുന്നു. അവന്റെ കൈ പിടിച്ച് സ്കൂളില്‍ കൊണ്ടാക്കുന്ന ഒരു ചാച്ചയായി സ്വപ്നംകണ്ടിരുന്ന ഞാന്‍ ഇന്നിവിടെ പുതപ്പിനടിയില്‍ എന്തൊക്കെയോ ഭ്രാന്തന്‍ സ്വപ്നങ്ങള്‍ കണ്ടുറങ്ങിക്കൊണ്ടേ ഇരുന്നു. നേരത്തെ പറഞ്ഞിരുന്നതെങ്കിലും രാവിലെ ഒന്നുമോര്‍ക്കാതെ ഉറങ്ങിക്കൊണ്ടിരുന്നു. അമ്മയുടെ കൈ പിടിച്ച് അച്ഛനുണ്ടെങ്കിലും ഇല്ലാത്തവനെപോലെ അവന്‍ സ്കൂളില്‍ പോകും. ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട എനിക്കതൊരു യാഥാര്‍ത്യമായിരുന്നു എങ്കിലും അവന്റെ സ്വപ്നങ്ങളിലെ ആദ്യ സ്കൂള്‍ യാത്രയില്‍ ഒരു പക്ഷെ അവനതൊരു ആഗ്രഹമോ സ്വപ്നമോ ഒക്കെയായിരുന്നിരിക്കാം. അവന്‍ ദുബായില്‍ നിന്നും കൊണ്ടുപോയ ചേട്ടായിയുടെ മകന്റെ ടൈ ഒക്കെ ആദ്യദിനത്തിനു ഒരാഴ്ചമുമ്പേ എടുത്തു റെഡി ആക്കി വെച്ചിരുന്നു. ഒരു പക്ഷെ അവരും ഞാനും ഒക്കെ എന്നും രാവിലെ ഇറങ്ങി പൊകുന്നത് കണ്ടപ്പോള്‍ അവന്‍ വിചാരിച്ചിട്ടുണ്ടാവും ഇതു ഭയങ്കര രസമുള്ള പരിപാടിയാണ്, ഉടനെ തന്നെ ഒരു പജീറോ ഒക്കെ അവനും കിട്ടും എന്ന്.

അവര്‍ക്ക് ഞാനൊരു നഷ്ടമാണോ അല്ലയോ എന്നൊന്നും മനസിലാക്കാനുള്ള പ്രായം ആയില്ലായിരിക്കാം. പക്ഷെ എനിക്ക് അതൊരു നഷ്ടമാണ്. അവന് പഠനത്തിനൊപ്പം തന്നെ കളിയിലും ട്രൈനിങ് നല്‍കാനുള്ള എന്റെ ആഗ്രഹം ഇനി എങ്ങനെയാവുമോ ആവോ. കഴിഞ്ഞ ദിവസം ഇന്‍സ്പോര്‍ട്സ് ക്ലബില്‍ നാലഞ്ചു വയസുള്ള ഒരു കൊച്ചിനു പാഡും ഹെല്‍മറ്റും ഒക്കെയായി ട്രൈനിങ് നല്‍കുന്ന കണ്ടപ്പോള്‍ ഞാനും ഓര്‍ത്തു, എന്തു വിലകൊടുത്തും എന്റെ മകനും ഇതൊക്കെ നല്‍കണമെന്ന്. എനിക്കു നഷ്ടമായ ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ബാലപാടങ്ങള്‍ അവനും കോക്കുവിനും പറഞ്ഞുകൊടുത്ത് പഠനത്തിലും കളിയിലും എല്ലാം പ്രഗഭനാകണമെന്ന്. കറിയാച്ചനും കോക്കുവും ബോളെടുത്ത് എറിയുന്നതു കാണുമ്പോള്‍ മനസു പറയും ഇവര്‍ തീര്‍ച്ചയായും സ്പോര്‍ട്സില്‍ നന്നാകും എന്ന്. നമ്മുടെ മനസിലെ നഷ്ടസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചെടുക്കനുള്ള കളിപ്പാട്ടങ്ങളായാണോ നാം കുട്ടികളെ കാണുന്നത്? ആവോ.. എനിക്കറിയില്ല.

ഫുട്ബോളിലും ക്രിക്കറ്റിലും പിന്നീട് വോളീബോളിലും ക്രമേണ എല്ലാ ഗെയിംസിലും ലോകതാരമാകുന്നത് സ്വപ്നം കണ്ട ഞാന്‍, മന്ത്രിമാരുടെ പോലീസ് എസ്കോര്‍ട്ട് ജീപിന്റെയോ ആംബുലന്‍സിന്റെയോ ഫയറെഞ്ചിന്റെയോ ഡ്രൈവറാകാന്‍ കൊതിച്ചിരുന്ന ഞാന്‍ ഇന്നിപ്പോള്‍ കുത്തിപ്പിടിച്ചിരുന്നു ജോലി ചെയ്യുന്നവന്‍. മനസിനിഷ്ടമുള്ള ഒരു കരിയര്‍ തിരഞ്ഞെടുക്കാന്‍ ഒരു പക്ഷെ ഇനിയും അവസരം ഉണ്ടാവാം. പുതു തലമുറക്ക് വഴികാണിക്കുന്ന ഒരാളായെങ്കിലും...

അങ്ങനെ കറിയാച്ചന്‍ നഴ്സറിക്കു മുമ്പായി വെറുതെ സ്കൂളില്‍ പോയിത്തുടങ്ങി. കോക്കുവിനും പോകണമെന്ന് ആഗ്രഹം. പൊതുവേ ശാന്തനായിരുന്ന കറിയാച്ചന്റെ സ്വഭാവത്തില്‍ ഇത്തിരി ആവേശം ഒക്കെ കാണുന്നു. അവനും അമ്മയുടെ ചിറകിനടിയില്‍ നിന്ന് മറ്റൊരു ലോകത്തേക്ക് കാല്‍ വെച്ചു തുടങ്ങി...

മക്കളേയും കുടുംബത്തേയും പിരിഞ്ഞ് ജീവിക്കുന്ന ആയിരങ്ങള്‍ ഉള്ള ഈ മരുഭൂമിയില്‍ ഈ നിസ്സാരകാര്യങ്ങള്‍ക്ക് ഞാന്‍ എന്തിനാ ഇത്ര വേവലാതി കാണിക്കുന്നത്? ചിലപ്പോല്‍ കുഞ്ഞുമനസായതിനാലാവാം, അല്ലെങ്കില്‍ ഇത്തിരി ഭ്രാന്തുണ്ടാവാം.....

4 comments:

ചേച്ചിപ്പെണ്ണ്‍ February 11, 2010 at 3:03 PM  

swapmnangal ellam sathyam aavatte..
enteyum prarthanakal ..

Manoraj February 11, 2010 at 5:50 PM  

മനസ്സിനിഷ്ടപ്പെട്ട കരിയർ.. അതൊക്കെ സ്വപ്നം അല്ലേ സുഹൃത്തേ..

വേണാടന്‍ February 12, 2010 at 12:11 AM  

Very nice one...

Anonymous February 12, 2010 at 1:27 AM  

I can understand you feeling. Good luck to find a Career that will make you happy.


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP