ഞാനൊരു പാവം പാലാക്കാരന്‍

ഒരു മദ്യപാനയാത്ര

>> Tuesday, February 9, 2010

അല്‍ ഐന്‍ നിന്നും ഇവിടെ ദുബായില്‍ വന്ന് ഒന്നു കറങ്ങാനും മരുഭൂമിയില്‍ ഒക്കെ പോകാനും ഒക്കെയായി വന്നസണ്ണീച്ചന്റെയും മാത്തുകുട്ടിയുടേയും കൂടെ ഞങ്ങള്‍ വീണ്ടും അല്‍ ഐന്‍ എന്ന സ്ഥലത്തേക്ക് ഒരു യാത്ര പോയി. ബുര്‍ജ് ഖലീഫയിലെ ഫൌണ്ടന്‍, പാം ഐലന്റ്, ടൈം സ്ക്വയറിലുള്ള ഐസുംകൊണ്ടുള്ള ഹോട്ടല്‍ ഇതൊക്കെ കാണിക്കാം എന്ന് പറഞ്ഞ് ഇങ്ങോട്ട് വരുത്തിയ അവരെ റമ്മിന്റെയും വിസ്കിയുടേയും കുപ്പികള്‍ക്ക് മുമ്പില്‍ എറിഞ്ഞു കൊടുത്ത് ഞങ്ങള്‍ എല്ലാത്തിന്റെയും ഫോട്ടോ കാണിച്ചു കൊടുത്തു. ഗുരുവായൂര്‍ നിന്നുള്ള പ്രസാദം വേണോ അതോ ഇത്തിരി നുണ പറയുന്നോ എന്ന് പണ്ട് കരുണാകരനോട് ചോദിച്ച പോലെ ഏതാ വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ആദ്യം മദ്യം പോരട്ടെ എന്നവര്‍ പറയുകയും ഒരു വേദനിക്കുന്ന മദ്യപാനിയായ ഞാനും അതില്‍ പങ്കുചേരുകയും മാത്രമാണുണ്ടായത്. അല്ലേലും ഫോട്ടോയില്‍ കാണുന്ന ഭംഗിയൊന്നും നേരിട്ട് കണ്ടാല്‍ ഇല്ലെന്ന് നമുക്കറിയാന്‍ പാടില്ലേ?

അങ്ങനെ വെളുപ്പിന് മൂന്നുമണിവരെ നോണ്‍ സ്റ്റോപ് കള്ളുകുടിയുമായി ഞങ്ങള്‍ തകര്‍ത്തു. അതിനു ശേഷം കട്ടിലില്‍ കിടന്ന് അമ്മാവന്‍ വണ്ടി എന്നു നമ്മള്‍ വിളിച്ചിരുന്ന റോഡ് റോളര്‍ ഒരു രണ്ടു കറക്കിന് സ്റ്റാര്‍ട്ട് ആക്കിയപോലെ ഞാന്‍ എന്റെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പതുക്കെ കുതിരാന്‍ കയറ്റം ടാറുചെയ്തു നീങ്ങി. കള്ളുകുടിയില്‍ എന്നേക്കാളും മിടുക്കന്മാരായുള്ള പലരും ഉണ്ടായിരുന്നെങ്കിലും അവരെയെല്ലാം കൂര്‍ക്കം വലിയില്‍ തോല്‍പ്പിച്ചു കിടന്നുറങ്ങി. പെട്രോള്‍ ട്യൂബില്‍ കരടുകയറിയ ബുള്ളറ്റും യെസ്ഡിയും ചവിട്ടി ചവിട്ടി സ്റ്റാര്‍ട്ടാക്കുന്നതുപോലെ ഉറങ്ങാന്‍ പാടുള്ള അവരുടെ മുമ്പില്‍ ചുമ്മാ ഞെക്കി സ്റ്റാര്‍ട്ടാക്കുന്ന പള്‍സറിന്റെ കണക്ക് കട്ടിലില്‍ ചരിയുന്നതിനു മുമ്പ് ഞാന്‍ കൂര്‍ക്കം പരിപാടി ആരംഭിച്ചു. പാവം ജിമ്മി, എന്നെക്കാളും മുമ്പേ ഉറങ്ങി അവന്റെ കൂര്‍ക്കം വലി കേള്‍പ്പിച്ച് എന്നെ ഉറക്കാതിരിക്കണം എന്നു പ്ലാന്‍ ചെയ്തെങ്കിലും അവസാനത്തെ കുപ്പിയുടെ അടിയില്‍ ഒരു മൂന്നു തുള്ളി മിച്ചമുണ്ടായിരുന്നത് അവനെ ചതിച്ചു.

എങ്കിലും വെള്ളിയാഴ്ച അലൈനില്‍ പോകാന്‍ നേരം വണ്ടി ഓടിക്കേണ്ടതായതിനാല്‍ എനിക്ക് അവിടെ ചെല്ലുന്ന വരെ മദ്യം തൊടാന്‍ പറ്റില്ല എന്നറിയാവുന്ന അവര്‍ എനിക്കിട്ട് നല്ല ഒരു പണി തന്നു. ഞാന്‍ ചായ കുടിച്ചപ്പോള്‍ അവര്‍ രാവിലെ കട്ടന്‍ കാപ്പിയുടെ കളറില്‍ റം അടിച്ചു.  ഉച്ചക്കു മുമ്പ് പോകാനിരുന്ന ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഏഴു മണി. അവിടെ ചെല്ലുന്നവരെ അവര്‍ ഫിങ് ഫിങ്, ഞാന്‍ തലേന്നത്തെ അടിയുടെ ക്ഷീണം കാരണം നനഞ്ഞ കോഴുപ്പൂവന്റെ കണക്ക്.

കമ്പനി അക്കൊമഡേഷന്‍ ആയിരുന്ന അവരുടെ ബാച്ചിലേര്‍സ് ഭവനത്തില്‍ എത്തിയ ഞങ്ങള്‍ ഞെട്ടിപ്പോയി. ബിയര്‍ വിസ്കി ബ്രാന്‍ഡി ആന്റ് റം, കള്ളിനു ടച്ചിങ്സിനായി മത്തിയും കൊഴുവയും വറുത്തത്. പിന്നെ സാലഡ്, പീനട്ട് മസാല അങ്ങനെ കടിപിടികള്‍ വേറെയും. അടുക്കളയില്‍ പി ആര്‍ എന്നു വിളിക്കുന്ന ഒരു അധ്വാനിയും കൂട്ടുകാരുമായി മീന്‍പീര, ബീഫ് ഉലത്തിയത്, മട്ടണ്‍ സ്റ്റൂ തുടങ്ങിയവക്കായി പ്രയത്നിക്കുന്നു. ജിമ്മിയും അളിയനും ഒന്നു നിവര്‍ന്നിരുന്നു, ഞാന്‍ ഒരു കട്ടിലില്‍ ചെരിഞ്ഞും. സണ്ണിച്ചനും മാത്തുക്കുട്ടിയും ചെരിഞ്ഞിരുന്ന എനിക്ക് അടുപ്പിച്ച് കടുപ്പത്തില്‍ ഒരു രണ്ട് ലാര്‍ജ്ജ് റം തന്ന് നേരെയാക്കി. പിന്നെ ഗാനമേള, ഡാന്‍സ്, വാള്‍, വെടിക്കെട്ട് അങ്ങനെപലവിധ കലാപരിപാടികള്‍. സണ്ണിച്ചനേയും മാത്തുക്കുട്ടിയേയും അവര്‍ ഇത്രയധികം സ്നേഹിക്കുന്നതിനു കാരണം അവരുടെ സ്വഭാവം തന്നെ, അതിനാല്‍ തന്നെ വളരെ ഗംഭീര സ്വീകരണമായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചത്.

അങ്ങനെ ഒരു ശബ്ദ സുന്ദരമായ ഒരു രാത്രി. പാവം സണ്ണിച്ചന്‍ മൂന്നുമണിവരെ ഞങ്ങളുടെ കൂടെ ഇരുന്നിട്ട് മൂന്നുമണി ഷിഫ്റ്റില്‍ പോയി ജോലി ചെയ്തു. ഒരു മുറിയില്‍ നാലു പേരു വെച്ച് കിടക്കുന്ന സ്ഥലത്ത് ഞങ്ങള്‍ക്ക് രണ്ട് മുറികളിലായിട്ടാണ് അറേഞ്ജ് ചെയ്തിരുന്നത്. പക്ഷെ മൂന്നുമണിക്ക് സണ്ണിച്ചന്‍ പോയപ്പോള്‍ ഞാന്‍ പതുക്കെ ഉറങ്ങിപ്പോയി, ബുള്ളറ്റും സ്റ്റാര്‍ട്ട് ചെയ്തു. ക്രാംഗ് വെയിറ്റ് കൂട്ടി സൈലന്‍സര്‍ പൊട്ടിച്ച ബൈക് അല്ലേ...പിന്നെ ആ റൂമിലെ താമസക്കാര്‍ വരെ മറ്റു മുറികളില്‍ പോയി കിടന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

രാവിലെ പത്തു മണിക്ക് എണീറ്റപ്പോള്‍ തണുത്ത കഞ്ഞിയും ഉണക്കമീന്‍ വറുത്തതും ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഇടിച്ചു ചേര്‍ത്ത് പച്ചമുളകും തയ്യാറാക്കി വെച്ചിരിക്കുന്നു.തകര്‍ന്നു പോയി ഞാന്‍. സ്വന്തം ഭാര്യപോലും ഇത്ര സ്നേഹത്തോടെ കള്ളുകുടിച്ചതിന്റെ പിറ്റേ ദിവസം പെരുമാറിയിട്ടില്ല. എന്തായാലും ഉച്ചക്കു ചോറുണ്ണുന്നു, പിന്നെ നേരെ ജബല്‍ ഹഫീത്ത് എന്നു പറയുന്ന മനോഹരമായ മല കയറാന്‍ പോകുന്നു, ഇതായിരുന്നു പ്ലാന്‍. എന്നാല്‍ റമ്മുകൊണ്ട് പല്ലുതേച്ച് ജിമ്മിയും വിസ്കി കൊണ്ട് മുഖം കഴുകി ജിമ്മിയും അളിയന്‍ വിനോദും രാവിലെ എണീറ്റ് വന്നതോടെ കാര്യങ്ങള്‍ മറ്റൊരു രീതിയിലേക്കായി. പലരുടെയും പ്രണയ നൈരാശ്യങ്ങള്‍ കരഞ്ഞുതീര്‍ക്കുകയും പുതിയതിനായുള്ള ഉപദേശങ്ങള്‍ നല്‍കുകയും കണ്ണുനീര്‍ പോകുന്നതിനനുസരിച്ച് ഗ്ലാസ് വീണ്ടും നിറക്കുകയും ഒക്കെ ചെയ്തപ്പോള്‍ ഞാന്‍ കൂട്ടിലിട്ട വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നല്ല വിശന്നിരിക്കുമ്പോള്‍ സദ്യക്കു വിളമ്പാന്‍ നിന്നാല്‍, ഇത്തിരികൂടി കടുപ്പത്തില്‍ പറഞ്ഞാല്‍ വെറുതെ കിടന്നുറങ്ങിയിരുന്ന നമ്മളെ പിടിച്ച് കെട്ടിയിട്ടിട്ട് ബ്ലൂ ഫിലിം ഷൂട്ട് ചെയ്യാന്‍ പറഞ്ഞാല്‍ സ്ഥിതി എന്താവും? അതുപോലെ വണ്ടി ഓടിക്കേണ്ടതിനാല്‍ മദ്യത്തിന്റെ മണം മാത്രം അടിക്കാനും അതു കുടിച്ച് ആനന്ദിക്കുന്നവരോട് കലിപ്പടിക്കാനും മാത്രം സാധിച്ചുകൊണ്ട് ഞാന്‍ കാത്തിരുന്നു.അവസാനം അവരുടെ കൂട്ടത്തില്‍നിന്നും പ്രഗല്ഫരായ രണ്ടുപേരെക്കൂടി വിളിച്ചുകൊണ്ട് മൊത്തത്തില്‍ ഏഴുപേരായി ഞങ്ങള്‍ ഒരു ഫുള്‍ വാഹനത്തില്‍ അങ്ങു തിരിച്ചു.

ചെറിയമഴ, മലയുടെ പകുതിയില്‍ തന്നെ മൂടല്‍ മഞ്ഞ്, അകത്തിരിക്കുന്ന ആറുപേരുടെയും അകത്ത് ആളിക്കത്തുന്ന വിസ്കിയും റമ്മും, തിരിച്ചു ദുബായിയില്‍ വന്നിട്ട് ആളിക്കത്തിക്കാനായി ചാരം ഒക്കെ വാരി റെഡിയാക്കിയ വയറുമായി ഞാന്‍. എനിക്കു വലിയ താല്പര്യമില്ലായിരുന്നെങ്കിലും വഴിയിലെ
പ്രകൃതി ദ്രിശ്യങ്ങളില്‍ ആക്രാന്തം പൂണ്ട അവര്‍ മലയുടെ തുടക്കത്തില്‍ തന്നെ മൂന്നു പ്രാവശ്യം വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കുക, ഇതിലും നല്ല സ്ഥലങ്ങളുടെ വെടി പറയുക തുടങ്ങിയ സംഭവങ്ങളുമായി തകര്‍ത്തു. അവസാനം എല്ലാവര്‍ക്കും മുള്ളാന്‍ മുട്ടിയതോടെ ഇനി മുകളില്‍ ചെന്നിട്ട് മുള്ളിയിട്ട് അര്‍മാദിക്കാം എന്നതീരുമാനവുമായി ഞങ്ങള്‍ മുകളില്‍ എത്തി. നാട്ടിലെ പോലെ കാണുന്നിടത്ത് മുണ്ടുപൊക്കിയാല്‍ വല്ല അറബിയും വന്ന് അവന്റെ പെമ്പ്രന്നോരെ മുണ്ടുപൊക്കി കാണിച്ചു എന്നു പറഞ്ഞ് ജയിലിലിടുവോ എന്ന് എല്ലാവര്‍ക്കും പേടിയുള്ളതിനാലാണ് അങ്ങനെ പ്ലാന്‍ ചെയ്തത്. അവിടെ നിന്ന് കാര്യപരിപാടികള്‍ കഴിഞ്ഞ് തിരിച്ചു വരുന്ന വഴി ഒരു വ്യൂ പോയിന്റില്‍ ഞങ്ങള്‍ ഗാനമേള, ഡാന്‍സ് തുടങ്ങിയ സംഭവങ്ങള്‍ നടത്തി അടുത്ത പോയിന്റിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ കൂട്ടത്തിലുള്ള രാജുമോന് വീണ്ടും മുള്ളണം. ഇനിയും തിരിച്ചുപോയാല്‍ താമസിക്കും എന്നുള്ളതിനേക്കാള്‍ ദുബായിയില്‍ ചെല്ലുമ്പോള്‍ അവിടെ ബാക്കിയിരിക്കുന്ന കുപ്പി എന്നെ ദേഷ്യം
പിടിപ്പിച്ചു. അവസാനം അവനെ ഒരു സൈഡില്‍ നിര്‍ത്തി സിബ് തുറന്നിട്ടിട്ട് ഫോണ്‍ വിളിച്ചോണ്ട് കാര്യം സാധിച്ചോ, ഞങ്ങള്‍ മറഞ്ഞുനിന്നോളാം എന്നു പറഞ്ഞ് അവന്റെ ഡ്രെയിനേജ് ക്ലീനിങിനു അവസരം നല്‍കി.
അടുത്ത ജംക്ഷനില്‍ ചെല്ലുമ്പോള്‍ പാടേണ്ട പാട്ടിനെക്കുറിച്ചുള്ള തര്‍ക്കവുമായി ഇറക്കം ഇറങ്ങിയപ്പോള്‍ ഞാന്‍ ഒരു വളവില്‍ വെച്ച് വണ്ടി സഡണ്‍ ബ്രേക് ഇട്ടു. മുമ്പില്‍ ഒരു ലാണ്ട് ക്രൂയിസര്‍ വിലങ്ങനെ നില്‍ക്കുന്നു, മുന്‍വശം ഇടിച്ചു ചളുങ്ങിയിട്ടുണ്ട്. ഇടിനടന്ന ഉടനേയായതിനാലും ഞങ്ങളെ
കണ്ടതും അറബിപ്പയ്യന്‍ വണ്ടിയുടെ അടുത്തേക്ക് ഓടിവന്ന് പ്ലീസ് ഡ്രോപ് ഹെര്‍ ഇന്‍ ദ സിറ്റി എന്നു പറഞ്ഞു. അതിലെ ഹെര്‍ എന്നുള്ളത് കേട്ടതിനാല്‍ എല്ലാവരും അങ്ങോട്ട് ശ്രദ്ധിക്കുകയും ജീന്‍സും ടോപ്പും തല സ്കാര്‍പ്പുകൊണ്ട് മറക്കുകയും ചെയ്ത ഒരു പെണ്ണ് കരഞ്ഞുകൊണ്ട് ഓടി വരികയും ചെയ്തു. അറബിച്ചെക്കന്‍ വന്നു പറഞ്ഞപ്പോള്‍ ആരും ഒരു വാക്കുപോലും എതിര്‍ക്കാതിരുന്നത് അവനോട് എതിര് ആരും പറയും എന്ന കണ്‍ഫ്യൂഷനില്‍ ആയിരുന്നു. വണ്ടിയില്‍ കയറ്റേണ്ടത് പെണ്ണായതും ഞങ്ങളുടെ സഹായമനസ്കതയും ഒക്കെ ബിരിയാണിയുടെ കൂടെ പപ്പടവും അച്ചാറും ഒക്കെയെന്നതുപോലെ
മാത്രമായിരുന്നു എന്നതു സത്യം.

അവള്‍ വണ്ടിയുടെ അടുത്തു വന്നതും ഞാന്‍ മുമ്പില്‍ ഇരുന്ന വിനോദിനോട് നീ പുറകോട്ട് പൊക്കോ എന്നു പറഞ്ഞു. അറബിച്ചെക്കനോട് ഹോസ്പിറ്റലില്‍ വല്ലോം കൊണ്ടുപോണോ എന്നു ചോദിച്ചപ്പോള്‍ വേണ്ട സിറ്റിയില്‍ ഏതെങ്കിലും ടാക്സിയുടെ അടുത്ത് ഇറക്കിയാല്‍ മതി എന്നു പറഞ്ഞു. അവള്‍ മുമ്പിലത്തെ സീറ്റില്‍ കയറി. പുറകില്‍ ഇരുന്ന ആറുപേരുടെയും പല്ലിറുമ്മുന്ന സ്വരം ഞാന്‍ കേട്ടു. ഇത്രയും നേരം കള്ളും കുടിക്കാതെ ഇരുന്നിട്ട് ഇനി അവള്‍ അവരുടെ കൂടെ മുട്ടിയുരുമ്മി ഇരിക്കുന്നതിലുള്ള അസൂയയൊന്നുമല്ലായിരുന്നു, അവരുടെ കള്ളിന്റെ നാറ്റം കാരണം വല്ല പ്രശ്നവും ഉണ്ടാകുമോ എന്ന ഭയവുമല്ലായിരുന്നു. പിന്നെ അവര്‍ പൂസല്ലേ, വല്ലതും ഉപദ്രവിച്ചാലോ? എന്തായലും വണ്ടി വീണ്ടും ഇറക്കമിറങ്ങി. ആദ്യത്തെ ഓളത്തിനു, ഹൌ ഡു ഉ ഫീല്‍ നൌ? യു വാണ്ടു ഗൊ റ്റു ഹോസ്പിറ്റല്‍
എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് അവള്‍ വലിയ പ്രാധാന്യം കല്‍പ്പിക്കാതിരിക്കുകയും ആദ്യത്തെ കരച്ചില്‍ ഒക്കെ മാറി വണ്ടിയുടെ മിററില്‍ മുഖം ഒക്കെ നോക്കി പാടുകള്‍ വല്ലതും ഉണ്ടോ എന്ന് നോക്കുകയും മറ്റും ചെയ്തപ്പോള്‍ എല്ലാവരും പതുക്കെ ചിന്തിക്കാന്‍ തുടങ്ങി.

എന്തായാലും അവള്‍ കയറിയതില്‍ പിന്നെ എനിക്ക് മദ്യത്തിന്റെ മണം ഒന്നും വന്നില്ല, നല്ല അത്തറിന്റെ മണം മാത്രം. അവളുടെ മുഖവും ഒന്നും കാണാന്‍ പറ്റാത്തതിനാല്‍ പുറകിലിരിക്കുന്നവര്‍ക്ക് കുരു പൊട്ടി. എനിക്ക് എന്റെ സമയോജിതമായ ബുദ്ധിയില്‍ അഭിമാനവും. പെട്ടെന്നാണ് സണ്ണിച്ചന്‍ പറഞ്ഞത്,
“ഇവിടെ ആക്സിഡന്റ് ആയാല്‍ നമ്മള്‍ ഒന്നും ചെയ്യാന്‍ പാടില്ല, പോലീസിനെ അറിയിക്കുക മാത്രമേ ചെയ്യാവൂ“. പിന്നെ അങ്ങനത്തെ പ്രശ്നങ്ങളുടെ കൂമ്പാരം തന്നെ ഓരോരുത്തരും പറയാന്‍ തുടങ്ങി. അവന്‍ എന്തുകൊണ്ടാണ് ഇടിച്ച ഉടനെ അവളെ ഞങ്ങളുടെ കൂടെ കയറ്റി വിട്ടത്? അപ്പോള്‍ അവള്‍ കേസുകെട്ടു തന്നെ. പോലീസ് വരുമ്പോള്‍ അവളെ കണ്ടാല്‍ പ്രശ്നമാണ്, അതിനാലാണ് നിറച്ചും ആളുമായി വന്ന ഞങ്ങളുടെ കൂടെ അവളെ കയറ്റി വിട്ടത്. ഹേയ് ചിലപ്പോള്‍ മലയാളികളായതിനാല്‍ വെറുതെ സങ്കല്പിക്കുക മാത്രമേ ഉള്ളൂ എന്ന് ഇവിടുത്തെ സകല അറബിക്കും അറിയാം, അതായിരിക്കും എന്നു ഞാന്‍. പക്ഷെ എങ്ങനെ സമാധാനിക്കും? അവള്‍ ഏതു ടൈപ്പ് ആണെന്നോ, ചെക്കന്‍ ചുമ്മാ പൂശാന്‍
കൊണ്ടുവന്നതാണോ എന്നതൊക്കെ ചെറിയ പ്രശ്നങ്ങള്‍. പോലീസോ വല്ല അറബിയോ ഏഴു
ചെറുക്കന്മാരും ഒരു അറബിപെണ്ണും കൂടി യാത്ര ചെയ്യുന്നതു കണ്ടാലോ? ഇത്രയും നല്ല ഒരു ചരക്കിനെ ഇത്രേം അറബിച്ചെറുക്കന്മാര്‍ ഇവിടെ വേറെ ഒരു പണിയുമില്ലാതെ ഈന്തപ്പഴവും ഈയിടെയായി ഇറക്കുമതി ചെയ്ത മുസ്ലി പവറും അടിച്ചിരുന്നിട്ട് ഈ പരട്ട ഇന്ത്യാക്കാര്‍ ആണോ കൊണ്ടുനടക്കുന്നത് എന്നവര്‍ക്ക് തോന്നിയാല്‍ നമുക്കു കുറ്റം പറയാന്‍ പറ്റുമോ? അവളേ പുറകില്‍ ഇരുതിയാ മതിയായിരുന്നു എന്ന് എനിക്കു തോന്നി. ഒന്നുമല്ലെങ്കിലും അദ്ദ്യത്തെ ഇടി അവര്‍ക്കല്ലേ കിട്ടുകയുള്ളൂ.

പോലീസിനെ വിളിച്ചു പറഞ്ഞാലോ എന്ന് രാജുമോന്‍, ഹേയ് അതു വേണ്ട നമുക്ക് സ്റ്റേഷനിലേക്ക് പോകാം എന്ന് രാജീവ്. അതാ വരുന്നു പോലീസ് വണ്ടി, നിര്‍ത്തിക്കോ എന്ന് രാജീവ് പറഞ്ഞു. ഞാന്‍ നിര്‍ത്തുവോ, ചുമ്മാ നടക്കുന്ന കില്ലപ്പട്ടിയുടെ ആസനത്തില്‍ എന്തിനാ ചുണ്ണാമ്മിട്ട് ഇളക്കുന്നത്? അവള്‍ക്ക്
പോകണ്ടത് ഷാര്‍ജക്കാണത്രേ. അപ്പോളാണ് ജിമ്മി അടുത്ത പ്രശ്നം കണ്ടുപിടിച്ചത്, ബുദ്ധി ചിലസമയം കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കും എന്നത് എത്ര സത്യമാ‍ണ്. ഇവളേ കൊണ്ടുപോകുന്ന ടാക്സി ഡ്രൈവര്‍ക്ക് വല്ലതും തോന്നിയാലോ? പച്ചകള്‍ക്കാണെങ്കില്‍ ആ‍ടിന്റെയോ പെണ്ണിന്റെയോ മണം മാത്രം മതി മത്തു പിടിക്കാന്‍ എന്നാണ് കേട്ടിട്ടുള്ളത്. അവളേയെങ്ങാനും ബലാത്സംഗം ചെയ്തു തട്ടിയാല്‍ ആകെ അറബിച്ചെക്കനുള്‍പടെ അറിയാവുന്നത് ഞങ്ങളെ, പോരാത്തതിന് ഏഴു പേരും.

അന്നേരമാണ് എന്റെ അമ്മായിയപ്പന് എന്നെ ഒന്നു വിളിക്കാന്‍ തോന്നിയത്. പുതിയ ജോലി വല്ലതും കിട്ടിയോ എന്നൊക്കെ ചോദിച്ച് പുള്ളി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ ഒരു ടാക്സി കണ്ട് നിര്‍ത്തി. അപ്പോള്‍ അവള്‍ എന്നെ നോക്കി വളരെ നന്ദിയോടെ പറഞ്ഞു. താങ്ക്യു വെരി മച്ച്, ഐ റിയലി അപ്രീഷ്യേറ്റ് യുവര്‍
ഹെല്പ്. ഫോണില്‍ എന്നോട് സംസാരിച്ചോണ്ടിരുന്ന അമ്മായിഅപ്പന്‍ എന്നാ പിന്നെ മോനേ ഞാന്‍ വെച്ചേക്കുവാ, നിന്റെ പണി നടക്കട്ടെ. നന്നായി പ്രാര്‍ത്ഥിച്ചൊക്കെ നടന്നാല്‍ മതി, ജോലി ശരിയാകും എന്നു പറഞ്ഞ് ഫോണ്‍ വെച്ചു.

എന്നാ പണി നടക്കട്ടെ എന്നാണോ അദ്ദേഹം പറഞ്ഞത്? ഒരു പെണ്ണിന്റെ ശബ്ദം കേട്ട അദ്ദേഹം ഇനി ഞാന്‍ വല്ലോരേം ചുമ്മാ ഹെല്പ് ചെയ്തോണ്ടിരിക്കുവാണെന്നാണോ അതോ ഇനി കാശില്ലാഞ്ഞിട്ട് കള്ള ടാക്സി ഓടിക്കുവാണെന്നൊ മറ്റോ വിചാരിച്ചോ ആവോ? എന്തായാലും പിന്നെ ആ സീറ്റില്‍ ഇരിക്കാന്‍ എല്ലാവര്‍ക്കും ഒരു രസം ഒക്കെയായിരുന്നെങ്കിലും തിരിച്ചു ദുബായിയില്‍ വന്ന് ബാക്കിയിവിടെ ഇരുന്ന റമ്മിന്റെ ആദ്യത്തെ പെഗ്ഗ് ചെല്ലുന്ന വരെ പോലീസിന്റെ നിലവിളിശബ്ദം കേല്‍ക്കുന്നുണ്ടോ എന്നു
മാത്രമായിരുന്നു എന്റെ ചിന്ത.

സ്വഭാവ സര്‍ട്ടിഫിക്കേറ്റ്.

നല്ല മര്യാദക്കാരനും ഒരിക്കലും മറ്റുപെണ്ണുങ്ങളെ ദുരുദ്ദേശത്തോടെ നോക്കത്തയാളും വല്ലപ്പൊളും മാത്രം മദ്യപിക്കുകയും ചെയ്യുന്ന ഒരു മാന്യനാണ് എന്റെ ഭര്‍ത്താവായ വാഴക്കാവരയന്‍. അദ്ദേഹം മുഴുക്കുടിയനും പെണ്ണുപിടിയനുമാണെന്ന് ഇതിനാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ഷാപ്പിലെ കറിക്ക് എരിവിത്തിരി കൂടുതലിടും പോലെ ഇത്തിരി ചേര്‍ത്തിരിക്കുന്നു എന്നേ ഉള്ളൂ.

എന്ന് വാഴക്കാവരയന്റെ ഭാര്യ,
ഒപ്പ്

7 comments:

ശ്രീ February 9, 2010 at 3:22 PM  

അവസാനത്തെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചിരിപ്പിച്ചു

ചേച്ചിപ്പെണ്ണ്‍ February 10, 2010 at 9:33 AM  
This comment has been removed by the author.
ചേച്ചിപ്പെണ്ണ്‍ February 10, 2010 at 9:44 AM  

രാവിലെ പത്തു മണിക്ക് എണീറ്റപ്പോള്‍ തണുത്ത കഞ്ഞിയും ഉണക്കമീന്‍ വറുത്തതും ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഇടിച്ചു ചേര്‍ത്ത് പച്ചമുളകും തയ്യാറാക്കി വെച്ചിരിക്കുന്നു.തകര്‍ന്നു പോയി ഞാന്‍. സ്വന്തം ഭാര്യപോലും ഇത്ര സ്നേഹത്തോടെ കള്ളുകുടിച്ചതിന്റെ പിറ്റേ ദിവസം പെരുമാറിയിട്ടില്ല....
ഇത് കൊള്ളം ( ചിരി )
പിന്നെ ഭാര്യമാര്‍ ഇത്ര വിശാല ഹൃദയ കള്‍ ആവില്ലട്ടോ ....
കുടിക്കുന്നത് അത്ര മനോഹരമായ ഏര്‍പ്പാടായി തോന്നുന്ന ഭാര്യമാര്‍/കാമുകി സിനിമയില്‍ മാത്രേ കാണൂ ....

നിയമപ്രകാരവും ഞാന്‍ കണ്ട ജീവിതങ്ങള്‍ തന്ന സാക്ഷ്യങ്ങള്‍ തന്നതും ആയ മുന്നറിയിപ്പ് ...
കുടി ആരോഗ്യത്തിനു ,സമ്പത്തിനു , മനസമാധാനത്തിനു , ഒക്കെ ഹാനികരം....

വാല്‍കഷണം
എന്റെ കണവന്‍ എന്തോ പാര്‍ട്ടി കഴിഞ്ഞു കുടിച്ചിട്ട് വന്നപ്പോള്‍ ഞാന്‍ അത്ര ഹൃദയ വിശാലത ഇല്ലാതെ പെരുമാറിയപ്പോള്‍ പറഞ്ഞത് ..
ഡീ കുറെ നാള്‍ ആയില്ലേ കുടിച്ചിട്ട് ...
അപ്പോള്‍ ന്യായമായി എനിക്ക് വന്ന ( ഞാന്‍ ചോദിച്ച ) സംശയം ...
കെട്ടീട്ട് ഇപ്പൊ മൂന്നാല് കൊല്ലമായി .. കെട്ടീട്ട് കുറെ ആയല്ലോ ഒന്നോടെ കെട്ടണം ന്നു .. അപ്പക്ക് ( ഐ used to കാള്‍ him സൊ ജസ്റ്റ്‌ ലൈക്‌ മൈ കിഡ്സ്‌ )
ഇനീം കെട്ടണം ന്നു തോന്നുമോ ആവോ ...

ചേച്ചിപ്പെണ്ണ്‍ February 10, 2010 at 9:45 AM  
This comment has been removed by the author.
ബിനോയ്//HariNav February 10, 2010 at 12:08 PM  

! തുടക്കം മുതല്‍ ഒടുക്കം വരെ തണ്ണിയടിച്ച് കിറുങ്ങിപ്പോയല്ലോ വാഴക്കാവരയാ. എഴുത്ത് നന്നായീട്ടാ :)

വേണാടന്‍ February 10, 2010 at 9:33 PM  

വേറൊരു പാലാക്കാരന്റെ തണ്ണിക്കഥ. അല്ലാ ഈ പാലാക്കാര്‍ക്ക് വേറേ ഒരു കഥയും ഇല്ലെ...എല്ലാം തണ്ണിയില്‍ തുടങ്ങി തണ്ണിയില്‍ തീരുന്നു..

തണ്ണിയില്ലാക്കഥകള്‍ വായിച്ചു രസിച്ചു...

Sinochan February 11, 2010 at 1:15 PM  

കമന്റടിച്ച എല്ലാവര്ര്ക്കും നന്ദി.

വേണാടോ..പാലാക്കാര്‍ മാത്രമല്ല മറ്റു സ്ഥലത്തുള്ളവരും മോശമല്ല. ചാലക്കുടിയും, കരുനാഗപ്പള്ളിയും ഒക്കെയല്ലേ കേമന്മാര്‍. പിന്നെ പാലാക്കാര്‍ തുറന്നുപറയും എന്നൂ മാത്രം.

ബിനോയ്യ്--തുടക്കം മുതല്‍ ഒടുക്കം വരെ തണ്ണിയടിക്കാന്‍ പറ്റാഞ്ഞതിന്റെ വിഷമം എഴുതി തീര്‍ത്തതാ, കഴുത കരഞ്ഞു തീര്‍ക്കുന്നപോലെ.

ചേച്ചിപ്പേണ്ണേ, വാല്‍ക്കഷണം കൊള്ളാം. ബാറു സ്വന്തമാ‍യി വാങ്ങിക്കണം എന്നില്ല.....പിന്നെ ഇടക്കീടെ മദ്യപിക്കുന്നത് കൊണ്ട് ചില ഗുണങ്ങള്‍ ഇല്ലാതില്ല, മാനസിക സംഘര്‍ഷം കുറക്കാന്‍ നല്ലതാ..

ശ്രീയേ, ഭാര്യക്ക് ഒരു വിഷമം, എല്ലാവരും എന്നെ ആഭാസനായി കാണുമോന്ന്.അതിനാ സര്‍ട്ടിഫിക്കേറ്റ്..


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP