പുല്ലന്‍ ചാത്തു ഫ്രം പൈക
>> Monday, February 22, 2010
വീണ്ടും ഒന്നുകൂടി ബാല്യകാലത്തേക്ക്. വണ്ടിയോടിക്കുന്നവര്‍, പ്രത്യേകിച്ച് പോലീസ് ഡൈവര്‍, സിനിമാ താരങ്ങള്‍, മസിലുള്ളവര്‍ അങ്ങനെ നമുക്കറിയാവുന്ന ലോകത്തെ വീരന്മാരോട് ഒക്കെ ഒരു ആരാധനയൊക്കെ ഉള്ള സമയം. മൂന്നിലും നാലിലുമൊക്കെ പഠിക്കുന്ന ആ കാലത്ത് നമുക്ക് സില്‍ക് സ്മിത നയന്‍ താര ടൈപിനോട് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. എങ്കിലും കണ്ടാല്‍ വെറുതെ ഒന്നു നോക്കുമായിരുന്നു എന്നു മാത്രം, ഭാവിയില്‍ ചിലപ്പോള്‍ ആവശ്യം വരും എന്ന രീതിയില്‍.
അന്നൊക്കെ ഷര്‍ട്ടിടാതെ വീടിനുപുറത്തിറങ്ങാന്‍ പാടില്ല. പട്ടി, നാറി തുടങ്ങിയ ചീത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ പറ്റില്ല. ഷര്‍ട്ടില്‍ ചെളിയാക്കാന്‍ പാടില്ല, തോട്ടിലൊന്നും അധികം സമയം കുളിക്കാന്‍ പാടില്ല, മരത്തില്‍ കയറാന്‍ പാടില്ല. പിന്നെ ഏറ്റവും കഷ്ടമായ കാര്യം, എന്നും ഇരുന്നു പഠിക്കണം. എന്തിനും ഏതിനും ചിട്ടകള്‍, എന്തിനേറെ മനസമാധാനത്തോടെ ഒരു അധോവായു പോലും വിടാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത കാലം.
ആ കാലഘട്ടത്തിലാണ് പൈക പട്ടണത്തിലെ ചുമട്ടുകാര്‍ നമ്മുടെ ഹീറോകള്‍ ആയത്. സ്കൂള്‍ കഴിഞ്ഞ് വല്ല്യപ്പന്റെ കടയില്‍ പോയി ജീപ്പ് റെഡിയാകുന്ന വരെ കുറച്ചു സമയം വായിനോക്കി നില്‍ക്കാന്‍ കിട്ടാറുണ്ടായിരുന്നു അന്ന്. അങ്ങനെ അവര്‍ നമ്മുടെ വീര പുരുഷന്മാര്‍ ആയി. നെഞ്ചില്‍ കടുവായുടെ പടം പച്ച കുത്തിയ കടുവാ കുട്ടപ്പന്‍, ആറടിപ്പൊക്കവും തങ്കപെട്ട സ്വഭാവവും ഉള്ള പുല്ലന്‍ ചാത്തു, നല്ല മസില്‍ തുട കാണിച്ചു കൊണ്ട് നടക്കുന്ന കൊച്ചു മാത്തായി എന്നിങ്ങനെ ഏകദേശം അന്‍പതോളം ചുമട്ടുകാര്‍. വളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്കു കുതിക്കുന്നു പൈക.
ഒന്നു നേരെ നില്‍ക്കാറാകുമ്പോള്‍ ഇത്തിരി അഹങ്കാരം മലയാളികള്‍ക്ക് പൊതുവേ ഉണ്ടെന്നു തോന്നുന്നു, ഏതായാലും പൈകക്കാര്‍ പൊതുവേ ഇത്തിരി അഹംഭാവം ഉള്ളവരായിരുന്നു. അതിനാല്‍ തന്നെ പൈകയിലെ കച്ചവടക്കാര്‍, ചുമട്ടുകാര്‍, ഡ്രൈവര്‍മാര്‍ എന്തിനേറെ പൈക ചന്തയിലെ എല്ലും തിന്നു കിടക്കുന്ന കില്ലപ്പട്ടികള്‍ക്ക് വരെ ഭയങ്കര അഹങ്കാരം ആയിരുന്നു. ഞാനെങ്ങാനും ആ വഴിക്കു പോയാല്‍ ഓടിച്ചിട്ട് കടിക്കാന്‍ നോക്കും, തെണ്ടികള്‍. എന്താണാവോ കാര്യം എന്നറിയില്ല, ഞാന്‍ ഒന്നിനേയും ഉപദ്രവിക്കാറില്ലെങ്കിലും സകലമാന മൃഗങ്ങളേയും പേടിയായിരുന്നെങ്കിലും പട്ടി, പശു, കോഴി എന്തിനേറെ മണ്ണിരവരെ വേണേല്‍ ഓടിച്ചിട്ടു കടിക്കും. ഈ ലോകത്ത് മറ്റുള്ളവരെ പേടിപ്പിച്ചാലേ ജീവികാന്‍ പറ്റൂ എന്ന തോന്നുന്നേ.
വൈകുന്നേരം ജീപ്പ് വേറെ എന്തേലും കാര്യത്തിനു പോയി വരാന്‍ താമസിക്കുകയാണെങ്കില്‍ കടയില്‍ കുറച്ചു നേരം നില്‍ക്കാം എന്നതിലേറെ സന്തോഷം കൈലാസ് ചായക്കടയില്‍ നിന്നും ചായയും വടയും കിട്ടും എന്നുള്ളതായിരുന്നു. അന്നൊക്കെ എന്റെ വിചാരം ചുമട്ടുകാരനായി ജീവിക്കുകയായിരുന്നെങ്കില്‍ എന്തു സുഖം എന്നായിരുന്നു. വൈകുന്നേരം ഞാന്‍ വടയും, കൂടിവന്നാല്‍ ദോശയും കഴിക്കുമ്പോള്‍ അവര്‍ പെറോട്ടായും ഇറച്ചിയും കഴിക്കും. ചായക്കടയിലെ പാത്രം കഴുകുന്ന വെള്ളത്തിനു വരെ ഭയങ്കര ടേസ്റ്റ് ആണെന്നു വിചാരിച്ചിരിക്കുന്ന കാലം അല്ലേ, കൊതിയോടെ ഒളികണ്ണിട്ട് നോക്കുക മാത്രം ചെയ്യും. ഇടക്ക് സ്കൂളില്‍ പഠിക്കുന്ന അവരുടെ മക്കള്‍ക്കും വാങ്ങികൊടുക്കുന്ന കാണുമ്പോള്‍ എന്റെ അപ്പന്‍ ചുമട്ടുകാരന്‍ ആവാഞ്ഞത് എന്റെ ദൌര്‍ഭാഗ്യം എന്നു വിചാരിച്ചു.
രാവിലെ വളരെ നല്ല തങ്കപ്പെട്ട സ്വഭാവക്കാരും ഷര്‍ട്ടൊക്കെ ഇട്ടുവരുന്നവരുമായ അവര്‍ ഉച്ചകഴിയുമ്പോളേക്കും രൂപം പതുക്കെ മാറും. ഉച്ചക്കത്തെ ഊണ് മിക്കാവാറും ഷാപ്പില്‍ ആയിരിക്കും, അതു കഴിഞ്ഞാല്‍ പിന്നെ അവരുടെ നിക്കറിനു മിക്കവാറും ഇറക്കം കൂടും. രാവിലെ സാറേ എന്നു വിളിച്ചവരേ പിന്നെ സ്റ്റാറേ എന്നും മറ്റു റേ കളും ഉപയോഗിച്ച് വിളിക്കും. അങ്ങനെ പത്തുമണിപ്പൂവും നാലുമണിപ്പൂവും പോലെ പലസമയങ്ങളില്‍ വിരിയുന്ന വിത്യസ്ഥ സ്വഭാവങ്ങള്‍ അവരുടെ പ്രത്യേകത ആയിരുന്നു, എല്ലാ സ്ഥലങ്ങളിലേയും പോലെ. പൈകയിലെ കച്ചവടക്കാരും മോശമല്ലായിരുന്നു, അതിരാവിലെ വന്നു കടതുറക്കുന്നവര്‍, വീട്ടിലെ റബര്‍ വെട്ടിയതിനുശേഷം വരുന്നവര്‍ അങ്ങനെ തുടങ്ങി തോമസുചേട്ടന്റെ പട്ടക്കടയിലെ ചാരയത്തിന്റെ വീര്യം അനുസരിച്ച് മുഖത്തിന്റെ നിറം വരെ മാറുന്നവര്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും പോലെ രണ്ടുമുന്നണിയില്‍ പെട്ടവരാണെങ്കിലും പാലാക്കാരുടെ മുഖമുദയായ അഹങ്കാരം രണ്ടുകൂട്ടര്‍ക്കും ഉണ്ടായിരുന്നു.
വൈകുന്നേരം കള്ളിനും ചാരായത്തിനും ശേഷം വന്നു വിരിഞ്ഞു നിന്നു തെറിവിളിക്കുന്ന ചുമട്ടുകാരെ കൊങ്ങാക്കു പിടിച്ചിട്ട് അവരുടെ അധ്വാനിക്കുന്ന ശരീരത്തിന്റെ തലോടല്‍ വാങ്ങിക്കാന്‍മാത്രം വിവരക്കേടില്ലാത്തവരായതിനാല്‍ കച്ചവടക്കാന്‍ പൊതുവേ പാലായിലെ പോലീസിനു മിക്കവാറും കുറച്ചു കാശും കള്ളും കൊടുക്കുകയായിരുന്നു പതിവ്. അതിനാല്‍ തന്നെ പരസ്പര ബഹുമാനം കച്ചവടക്കാര്‍ക്കും ചുമട്ടുകാര്‍ക്കും ഉണ്ടായിരുന്നു. സാമ്പാറിലെ വെണ്ടക്കയും മുരിങ്ങക്കയും ഉരുളക്കിഴങ്ങും പോലെ കുരിശുപള്ളിയും പട്ടക്കടകളും ഇറച്ചിക്കടകളും ചായക്കടകളും എന്തിനേറെ ആശുപത്രിയും മെഡിക്കല്‍ ഷോപ്പ് വരെയുള്ള പൈകയില്‍ ഇടക്കിടെ ചില വെടിയും പുകയും ഉണ്ടാകാറുണ്ടായിരുന്നു. ന്യൂ തിയേറ്ററില്‍ പുതിയ പടം വരുമ്പോളും അല്ഫോന്‍സാ കോളേജില്‍ ഒന്നു കയറണമെന്നു തോന്നുമ്പോളും ഏതെങ്കിലും ബസിലെ പാവം കണ്ടക്ടറിന്റെ കുത്തിനു പിടിച്ച് അതിന്റെ പേരില്‍ സമരമുണ്ടാക്കുന്ന സെന്റ് തോമസ് കോളേജിലെ പിള്ളേരെ പോലെ ബോറടി മാറ്റാന്‍ മാസത്തിലൊന്നെങ്കിലും ഒരു പ്രശ്നമുണ്ടാകും പൈകയില്‍. തലേന്നു മുതലാളിയെ പറഞ്ഞ ചീത്തയുടെ ആവേശം മറ്റു ചുമട്ടുകാരിലേക്ക് തൊഴിലാളി പകരുമ്പോള്‍ മുതലാളി അവനിട്ടു കൊടുപ്പിച്ച അടിയുടെ കഥ വിവരിക്കും. പോരടിച്ച രണ്ടുകൂട്ടര്‍ക്കും കുറച്ചു നാളത്തേക്ക് പരസ്പര ബഹുമാനവും.
സാറുമ്മാരുടെ അടിയുടെ ചൂട് പിള്ളേര്‍ക്ക് എത്ര നാള്‍ കാണും, അതു പോലെ തന്നെ ഇവരുടെയും കാര്യം. ചന്തിക്കിട്ടടിക്കുന്ന സ്റ്റഡി കുഞ്ഞപ്പന്‍ സാറിന്റെ അടി തടയാന്‍ പാന്റിനടിയില്‍ അഞ്ചു ഷഡ്ഡി വരെ ഇട്ടു വന്ന രാജീവ്, തുടക്കിട്ടടിക്കുന്ന മഞ്ഞമത്തായിയുടെ അടിയെ പറ്റിക്കാന്‍ മുണ്ടുടുത്ത് വന്ന് അടിയുടെ കൃത്യ സമയത്ത് മുട്ടുമടക്കി മുണ്ട് തളര്‍ത്തി ഇട്ട് അടിയെ മുണ്ടില്‍ പ്രതിരോധിക്കുന്ന മാത്യൂസ്, കയ്യില്‍ നുള്ളുന്ന പല്ലിമേരി ടീച്ചറിന്റെ നുള്ളു തടയാന്‍ കയ്യില്‍ എണ്ണ തേച്ചു വന്ന റോഷന്‍ എന്നതു പോലെ പൈകയിലെ തൊഴിലാളികള്‍ക്കും പോലീസുകാരന്റെ ഇടി വാങ്ങുന്നത് പ്രതിരോധിക്കാന്‍ പല മാര്‍ഗ്ഗങ്ങളും കണ്ടുപിടിച്ചു.
പൈകപ്പെരുന്നാളിനു കമുകിന്‍ കാലുനാട്ടി തോരണം കെട്ടുന്ന അന്ന് കള്ളടിച്ച് വാളുവെച്ച ജോക്കര്‍ വാവക്ക് പിന്നെ കുടിക്കാന്‍ കള്ളുതരില്ലെന്നു പറഞ്ഞ പാലാഴി പാപ്പച്ചനോട് വാവക്ക് ദേഷ്യം തോന്നിയത് പെരുന്നാളിന് രണ്ടാഴ്ചക്കു ശേഷം. പരസ്പരം സ്നേഹം തോന്നിയ കുട്ടപ്പനും ചാത്തുവും എല്ലാവരും ചേര്‍ന്ന് പാപ്പച്ചനെ ചീത്ത പറഞ്ഞു. ബാക്കിയുള്ളവര്‍ അതു കേട്ടു ചിരിച്ചു. കടയില്‍ വന്ന അളിയന്റെയടുത്ത് അടുത്ത മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റാകാന്‍ പോകുന്ന കാര്യവും മറ്റുകടക്കാര്‍ക്കും തൊഴിലാളികള്‍ക്കും തന്നോടുള്ള ബഹുമാനവും വര്‍ണ്ണിച്ചു കൊണ്ടിരുന്ന പാപ്പച്ചന് സഹിക്കനാവുമോ അത്. തിരുമ്മിയേച്ചിരിക്കുന്ന കാരണമാണ് അല്ലെങ്കില്‍ അവന്റെ ചെപ്പക്കുറ്റി തകര്‍ത്തേനെ എന്നു അളിയനോട് പറഞ്ഞ് പാപ്പച്ചന്‍ ആ ചീത്ത മുഴുവന്‍ കേട്ടു. പക്ഷെ വൈകിട്ട് തന്നെ പാപ്പച്ചന്‍ രൂപാ ആയിരം മുടക്കി, പാലാ പോലീസ് പൈകയില്‍ എത്തി ചീത്ത പറഞ്ഞതും അതു കെട്ടു ചിരിച്ചതുമായി കയ്യില്‍ കിട്ടിയ പന്ത്രണ്ട് എണ്ണത്തിനെയും എടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി.
അണ്ടര്‍വയറുമിട്ട് മൂന്നുമണിക്കൂര്‍ സ്റ്റേഷനില്‍ ഇരുന്നപ്പോള്‍ വാവക്കു തോന്നി ഇതൊന്നും വേണ്ടായിരുന്നു എന്ന്. കൂട്ടത്തിലെ ബുദ്ധിമാന്‍ ആയിരുന്നു പുല്ലന്‍ ചാത്തു. ഏതു ശിക്ഷാ നടപടിയാണ് ഇന്ന് എന്നറിയാന്‍ കാത്തിരുന്നു ചാത്തു. അവസാനം എസ് ഐ എല്ലാവരെയും വിളിപ്പിച്ചു. ചൂരല്‍ കൊണ്ട് പത്തടി വീതം ഊള്ളം കാലില്‍. ബുദ്ധിമാനായ ചാത്തു മനസില്‍ കണ്ടു, ഇത്രയും പേരുടെ കാലിനിട്ട് പത്തെണ്ണം വീതം അടിക്കുമ്പോള്‍ എസ് ഐ സാറു മടുക്കും. പോരാത്തതിനു പുതിയ ആളായതിനാല്‍ പലായിലെ ഏതെങ്കിലും ചീട്ടുകളിക്കാരുടെ അടുത്തു പോയി തല്ലു വാങ്ങി വന്നതാവാനും സാധ്യതയുണ്ട്. അതുകൊണ്ട് പന്ത്രണ്ടാമനായി ചാത്തു പോയി കിടന്നു. ചിലപ്പോള്‍ മടുത്തിട്ട് എസ് ഐ തല്ലിന്റെ എണ്ണം കുറച്ചാലോ, ഒന്നുമില്ലെങ്കിലും അടിയുടെ ശക്തിയെങ്കിലും കുറയും. മൂന്നുമണിക്കൂര്‍ കുത്തിയിരുന്ന മടുപ്പില്‍ വേഗന്ന് ഉള്ള അടിവാങ്ങിച്ച് രാജധാനിയില്‍ നിന്നു തന്നെ അടിയുടെ അത്ര ലാര്‍ജ് അടിച്ച് വീട്ടില്‍ പോകാമെന്നു വിചാരിച്ച വാവയും കുട്ടപ്പനും ഒക്കെ ഒന്നാമനായും രണ്ടാമനായുമൊക്കെ അടികൊണ്ട് വേദനിക്കുന്ന കണ്ട് ചാത്തു തന്റെ ഊഴത്തിനായി കാത്തിരുന്നു. വല്ലവനിട്ടും അടികൊള്ളുന്ന കാണാന്‍ എന്തു രസം എന്നും, ഞാനെത്ര ബുദ്ധിമാനെന്നും വിചാരിച്ച് ചാത്തു നോക്കിയിരുന്നപ്പോള്‍ എസ് ഐ പത്താമത്തെ ആള്‍ക്കിട്ട് എട്ടടി കൊടുത്ത് നിനക്കിതു മതു എന്നു പറഞ്ഞു. ചാത്തു മനസില്‍ വീണ്ടും ചിരിച്ചു, ഞാനാരാ മൊതല്, വല്ല രാഷ്ട്രീയത്തിലും പോകേണ്ടതായിരുന്നു എന്നു വിചാരിച്ചു. കാര്യം ചെറുപ്പക്കാരനാണെങ്കിലും പത്തു പേര്‍ക്കിട്ടൊക്കെ അടിച്ചു കഴിയുമ്പോള്‍ ഏതു പോലീസുകാരനും മടുത്തു പോകില്ലേ? പതിനൊന്നാമത്തെ വര്‍ക്കിക്കിട്ട് രാണ്ടാമത്തെ അടി ക്ഷീണിതനായി അടിച്ച എസ് ഐക്ക് ഉന്നം പിഴച്ചു സ്വന്തം കാലില്‍ തന്നെ അടികൊണ്ടു. കിട്ടാന്‍ പോകുന്ന അടിയേക്കാളേറെ തനിക്കു ലഭിക്കുന്ന ഡിസ്കൌണ്ട് ഓര്‍ത്ത് സന്തോഷിച്ചിരുന്ന ചാത്തുവിന് അതു കണ്ട് ചിരിക്കാതിരിക്കാനായില്ല. ഗവണ്മെന്റ് ടാപ്പില്‍ നിന്നും വെള്ളം വരുന്ന പോലെ കുറച്ച് ശബ്ദവും പിന്നെ വെള്ളവും എന്നപോലെ അമര്‍ത്തിവെച്ച ചിരി പൊട്ടിപ്പുറത്തു വന്നു. പാവം ചാത്തു, ബുദ്ധിമാന് ശനിദിശ വരുമ്പോള്‍ ഗുളികനും കൂടെ വരുമായിരിക്കും
3 comments:
Good One Man,Great Paikans
Angane veendum (foam?), formilayi.
kollam, keerikko.
laksham laksham pinnale
Naair Saab
ഒരു ചെറിയ അഭിപ്രായം പറയട്ടെ...... കഥയെകുരിച്ചല്ല കേട്ടോ....
ഒരുമിച്ചു ഒരു പാരഗ്രാഫ് എഴുതുന്നതിനെക്കാള്‍ നല്ലത് വാചകങ്ങള്‍ക്കിടയില്‍ സ്പേസ് ഇട്ടു ഒരൂ വരികളാക്കി എഴുതി നോക്കുമോ...... വായിക്കുവാനുള്ള ബോറടി മാറിക്കിട്ടും.. ഒരു പാട് കാണുമ്പോള്‍ മനപൂര്‍വം അത് വായിച്ചു നോക്കില്ല. (വയനയോടുള്ള മലയാളികളുടെ മടി) എനിക്ക് തോന്നിയ ഒരു അഭിപ്രായം പറഞ്ഞൂന്നു മാത്രം.. നിങ്ങളൊക്കെ സീനിയര്‍ ബ്ലോഗന്മാരാന്. ഞാനൊരു ശിശു. അഞ്ചു ദിവസമായിട്ടെ ഉള്ളൂ പിറന്നിട്ടു..... പറഞ്ഞത് അവിവേകംയെങ്കില്‍ ക്ഷമിക്കണംട്ടോ......
Post a Comment