ഒരു കൊച്ചു പ്രണയം
>> Tuesday, March 2, 2010
പഠനത്തിനു ശേഷം ജോലിയൊക്കെയായി ബാംഗ്ലൂര്‍ എത്തിയ കാലം. പാലാ സെന്റ് തോമസ് കോളേജിലെ സ്റ്റൈലായ അലക്കി പശയിട്ട് തേച്ച ഷര്‍ട്ടും മുണ്ടും ഒക്കെ ജീന്‍സിനും കാര്‍ഗോക്കും വഴി മാറിയെങ്കിലും നാട്ടില്‍ വരുമ്പോള്‍ വീണ്ടും ഷര്‍ട്ടും മുണ്ടുമുടുത്ത് നമ്മുടെ ബൈക്കില്‍ ചുറ്റുമ്പോള്‍ കിട്ടുന്ന ഒരു സുഖം, ആ ഓര്‍മ്മകള്‍ തന്നെ ഇന്നും ഒരു സുഖം.
ഓര്‍മ്മവെച്ചപ്പോള്‍ മുതല്‍ പ്രണയത്തിനായി അലഞ്ഞെങ്കിലും പ്രണയമൊത്തത് ഉദ്യാന നഗരമായ ബാംഗ്ലൂരില്‍ ജോലിക്കു പോയതില്‍ പിന്നെ. പക്ഷെ പെണ്ണ് പൈകയുടെ പ്രാന്തപ്രദേശത്തുള്ളവള്‍, അല്ഫോന്‍സാ കോളേജില്‍ പഠിക്കുന്നവള്‍ എന്റെ മിന്നുക്കുട്ടി. ആദ്യമായി കാണുന്നത് പാലായില്‍ തൃപ്തി ഐസ്ക്രീം പാര്‍ലറില്‍ ഫ്രൂട്ട് സലാഡ് കഴിച്ചു കൊണ്ടിരിക്കുമ്പോളാണ്. അമ്മയുടെ കൂടെയിരുന്ന ഞാന്‍ എതിര്‍വശത്തിരുന്ന സുന്ദരിക്കുട്ടിയെ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു. വായിനോക്കിയെന്ന ഇമേജ് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധാലുവായ ഞാന്‍ വളരെ തന്ത്രപൂര്‍വ്വം ഒളിച്ചു നോക്കിക്കൊണ്ടേ ഇരുന്നു. നമുക്കറിയാത്ത ചില തരംഗങ്ങളുടെയും സ്പന്ദനങ്ങളുടെയും ഫലമായാകാം എതിര്‍വശത്തിരുന്ന മീനു എന്നെ ഇടക്കെപ്പോളോ പാളിയൊന്നു നോക്കി. ഞാന്‍ അറിയാതെയൊന്നു ചിരിച്ചു പോയി, നോട്ടം മാറ്റിയെങ്കിലും ഒരു ചിരി വന്നു അവളുടെ മുഖത്തും. പിന്നെ രണ്ടു ദിവസത്തേക്ക് എന്റെ മനസില്‍ അവളുടെ മുഖം തന്നെയായിരുന്നു. രാവിലെ പള്ളിയില്‍ പോകുന്ന സമയത്ത് പള്ളീലച്ചന്‍ കുര്‍ബാന ചെല്ലുമ്പോള്‍ പോലും ഞാന്‍ മനസില്‍ ഈ സുന്ദരിക്കുട്ടിയെ ഓര്‍ത്തുകൊണ്ടിരുന്നു.
അങ്ങനെ മൂന്നാലു ദിവസങ്ങള്‍ക്കു ശേഷം രാവിലെ പാലാക്കു പോകുന്ന സമയം, പൂവരണി അമ്പലത്തിന്റെയടുത്ത് വെച്ച് അമ്പലത്തിലേക്ക് ബസില്‍ നിന്നിറങ്ങുന്ന അവളെ കണ്ടു. എന്തോ മനസിനൊരു ഭയങ്കര അനുഭൂതി, അവളെ ഒന്നുകൂടി കാണാതിരിക്കാനാവുന്നില്ല. ഇനിയിപ്പോല്‍ അമ്പലത്തില്‍ കയറി തിരിച്ചു വരുന്ന വരെ കാത്തിരിക്കണം. അടുത്ത ജംക്ഷനിലെ മുറുക്കാന്‍ കടയില്‍ വണ്ടി നിര്‍ത്തി ഒരു സിഗരറ്റ് വാങ്ങി. ഒരു നല്ല കാര്യത്തിനല്ലേ എന്നു വിചാരിച്ച് അതു കത്തിക്കാതെ ഞാന്‍ ഒരു സോഡാ നാരങ്ങാവെള്ളം കുടിച്ചു. പിന്നെ ഏകദേശസമയം കണക്കു കൂട്ടി നാരങ്ങാവെള്ളത്തിലെ ഇളകാതെ കിടന്ന പഞ്ചസാരവരെ പതുക്കെ വലിച്ചു കുടിച്ചിട്ട് തിരിച്ച് അമ്പലം ലക്ഷ്യമാക്കി തിരിച്ചു.
സമയം കൃത്യമായിരുന്നു, ഞാനവളെ കണ്ടു. പതുക്കെ ബൈക്കില്‍ അവളുടെ അടുത്തുകൂടി പോയപ്പോള്‍ അവളെന്നെയും. മനസില്‍ എന്തൊക്കെയോ ഒരു നിറഞ്ഞ അനുഭൂതി. പക്ഷെ പെട്ടന്നായിരുന്നു ഒരു മെറ്റല്‍ കഷണത്തില്‍ കയറി ബൈക്ക് പാളിയതും തൊട്ടടുത്ത ഗട്ടറിലെ ചെളിവെള്ളത്തില്‍ ഞാന്‍ വീണതും. മുണ്ടിലും ഷര്‍ട്ടിലും ചെളിവെള്ളവും മുട്ടിലെ തൊലിയിലെ രക്തവര്‍ണ്ണവുമായി ഞാന്‍ എണീറ്റ് വണ്ടി നിവര്‍ത്തി. പലരുടെ മുഖത്തും പല ഭാവങ്ങള്‍, അവനിതു വരണം എന്ന ഭാവം ചിലര്‍ക്ക്, അബദ്ധത്തിന്റെ ചിരി മറ്റുചിലര്‍ക്ക്, വീണയാളുടെ വേദന ചിലര്‍ക്ക്. അവളുടെ മുഖത്ത് എന്റെ വേദനയുടെ നൊമ്പരം എനിക്കു കാണാന്‍ സാധിച്ചു. ഞാന്‍ അവിടെ നിന്നും ഓടിയൊളിച്ചു.
പിന്നീട് പല പ്രാവശ്യം കണ്ടു, ഞങ്ങള്‍ നല്ല കൂട്ടുകാരായി. എന്റെ സ്വപ്നങ്ങളില്‍ അവള്‍ എന്നും എനിക്കു കൂട്ടിരുന്നു. ജീവിതത്തിലെ എല്ലാ നന്മകളും ഞാന്‍ അവളില്‍ കണ്ടു. പരസ്പരം മിണ്ടാനും പറയാനുമുള്ള അവസരങ്ങള്‍ കുറവായിരുന്നെങ്കിലും ഞങ്ങളുടെ മനസ് പരസ്പരം സംസാരിച്ചു കൊണ്ടേ ഇരുന്നു. പാര്‍ക്കുകളോ ഒളിസങ്കേതങ്ങളോ ഇല്ലാതെ പാലായിലെ കടകള്‍ക്കു മുമ്പിലും വഴിവക്കത്തും നിന്ന് ഞങ്ങള്‍ മറക്കാനില്ലാത്ത സൌഹൃദം പങ്കുവെച്ചു.
ഒന്നു ചേര്‍ന്നിരുന്നു മിണ്ടാനുള്ള കൊതിയാല്‍ ഞാന്‍ ഒരു ദിവസം എന്റെ കൂടെ ഒരു യാത്രക്കു വരുമോ എന്നു ചോദിച്ചു. അവള്‍ സമ്മതിച്ചു, അങ്ങനെ ഞങ്ങള്‍ പതുക്കെ വാഗമണ്‍ ലക്ഷ്യമാക്കി ബൈക്കില്‍ യാത്ര തിരിച്ചു. ഹെല്‍മറ്റ് വേണോ എന്ന ചോദ്യത്തിന് വേണ്ട എന്നു പറഞ്ഞ് അവള്‍ എന്നെ അതിശയിപ്പിച്ചു, എനിക്കുള്ളത്ര ഭയം പോലുമില്ലേ അവള്‍ക്ക്? കലപില വര്‍ത്തമാനം പറഞ്ഞുകൊണ്ട് പോയ ഞങ്ങള്‍ പെട്ടെന്നു തന്നെ വാഗമണ്ണിന്റെ പ്രാന്തപ്രദേശങ്ങളിലെത്തി.
ചെറിയ തണുപ്പും നേര്‍ത്ത മഞ്ഞും. ഞങ്ങള്‍ ഒരു കൊച്ചു വെള്ളച്ചാട്ടത്തിനടുത്തു വണ്ടി നിര്‍ത്തി. ഞാന്‍ ആ കലുങ്കില്‍ ഇരുന്നു. അവള്‍ ആ വെള്ളച്ചാട്ടത്തിലെ വെള്ളത്തില്‍ നിന്നും തണുത്ത വെള്ളമെടുത്ത് മുഖവും കാലുമൊക്കെ കഴുകി എന്റെ അടുത്തു വന്നിരുന്നു. ഞാനവളുടെ മുഖത്തേക്ക് നോക്കി, അവള്‍ ചോദിച്ചു എന്താ ഇങ്ങനെ നോക്കുന്നത്, ആദ്യമായാണോ എന്നെ കാണുന്നത് എന്ന്. ശരിയാണ്, ആദ്യമായാണ് ഞാന്‍ മിന്നൂനെ ഇങ്ങനെ നോക്കുന്നത്. കാര്യം മുഖത്തു നോക്കി തന്നെയാണ് സംസാരിക്കുന്നതെങ്കിലും ഇന്നത്തേ പോലെ നോക്കിയിട്ടില്ല. ഞാന്‍ നോക്കുന്നതില്‍ കുഴപ്പമുണ്ടോ എന്നു ചോദിച്ചു, ഇല്ലായെന്ന് അവളും.
നുനുത്ത ചെമ്പന്‍ രോമങ്ങളോടുകൂടെയുള്ള നേര്‍ത്ത മീശയുണ്ട് അവള്‍ക്ക്. വെള്ളത്തുള്ളികള്‍ അതിലിരുന്ന് തിളങ്ങിയപ്പോളാണ് അതു കണ്ടത്. രണ്ടുമൂന്നു മുഖക്കുരുക്കള്‍ മാത്രമുള്ള തെളിഞ്ഞ മുഖം. ചുവന്ന പൊട്ടും ചെറുതായി എഴുതിയ കണ്‍പുരികവും മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉള്ളത്. നീളം കൂടിയ കറുത്ത കണ്‍പീലികള്‍ നേര്‍ത്ത ബ്രൌണ്‍ ഷേഡോടുകൂടിയ കറുത്തുവിടര്‍ന്ന വലിയ കണ്ണുകള്‍. ചെറുതായി ഒടിഞ്ഞ മുടി നിതംബത്തിനു കുറച്ചു മുകളിലായി വെട്ടിയിരിക്കുന്നു. കഴുത്തിന്റെ പുറകിലും കയ്യിലുമൊക്കെ ചെറിയ നേര്‍ത്ത രോമരാജികള്‍. അവളുടെ അമ്മയുടെ പഴയ സില്‍ക്ക് സാരി മുറിച്ച് തയ്ച്ച പച്ച കളറിലുള്ള ചുരിദാര്‍. കറുത്ത കുത്തുകളും പൊട്ടുകളൊന്നുമില്ലാത്ത തിളങ്ങുന്ന മൂക്ക്, ഇരുണ്ട ചുവപ്പുകളറുള്ള നല്ല ഷേപ്പുള്ള ചുണ്ടുകള്‍, ചുണ്ടിനുമുകളിലായി ചെറിയൊരു മറുകും.
ഞാന്‍ നോട്ടം ഒക്കെ നിര്‍ത്തി മീനുവിനോട് ഇത്തിരി ചേര്‍ന്നിരുന്നു. അവളുടെ ശരീരത്തില്‍ നിന്നുമുള്ള നേര്‍ത്ത ചൂട് എനിക്കനുഭവപ്പെട്ടു തുടങ്ങി. മിന്നുവിന്റെ മുടിയിഴകള്‍ ചിലത് ഇടക്കൊക്കെ കാറ്റത്ത് എന്റെ മുഖത്ത് തലോടിക്കൊണ്ടിരുന്നു. അതൊതുക്കി വെക്കാനായി അവള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ക്യൂട്ടിക്കൂറാ പൌഡറിന്റെ നേര്‍ത്ത് മണം എനിക്കനുഭവപ്പെട്ടു. ഞങ്ങള്‍ ഒന്നും മിണ്ടാതെ അകലങ്ങളിലേക്ക് നോക്കി വെറുതേയിരുന്നു, ഒത്തിരി പറയാനായ് വന്ന് ഒന്നും മിണ്ടാതെ ഇരുന്നു. ഹൃദയങ്ങള്‍ തമ്മില്‍ ഒന്നായിരുന്നു എന്തൊക്കെയോ കഥകള്‍ കൈമാറി. അവളുടെ കൈയ്യിലെ നീലഞരമ്പുകള്‍ അപ്രത്യക്ഷമായി.
നാലു ബൈക്കുകളിലായി മദ്യപിച്ചെത്തിയ ചെറുപ്പക്കാരുടെ ഒരു സംഘം ഞങ്ങളെ കളിയാക്കി, പൂശാന്‍ കൊണ്ടുവന്നതാണൊ ചേട്ടാ എന്നു ചോദിച്ചു. അല്ല മക്കളേ വെറുതേ ഒന്നു സംസാരിക്കാന്‍ വന്നതാ, ഞങ്ങളേ വിട്ടേക്കൂ എന്നു പറഞ്ഞപ്പോള്‍ എന്തായാലും അവര്‍ പോയി. ലോകാവസാനം വരെ അങ്ങനെയിരിക്കാന്‍ തോന്നിയ ഞങ്ങള്‍ക്ക് അതൊരു ഡിസ്റ്റര്‍ബന്‍സ് ആയി.
ഞങ്ങല്‍ പതുക്കെ ആ കൊച്ചു വെള്ളച്ചാട്ടത്തിന്റെയടുത്തു ചെന്നു. ഞാനതിന്റെ അരുകിലുള്ള ഒരു കുഞ്ഞു പാറയില്‍ കയറിയിരുന്ന് കാലു വെള്ളത്തില്‍ മുക്കിയിരുന്നു, എന്റെ അരുകിലായി അവളും വന്നിരുന്നു. ചിന്നിച്ചിതറിയ വെള്ളത്തുള്ളികള്‍ മഞ്ഞുകണങ്ങളായി ഞങ്ങളെ പൊതിഞ്ഞു. അവളുടെ തലമുടിയിലും മറ്റും മുത്തുകള്‍ പതിച്ചതു പോലെ കുഞ്ഞുതുള്ളികള്‍ തിളങ്ങി. വെള്ളത്തിലിട്ട് ചെറുതായി അനക്കികൊണ്ടിരുന്ന അവളുടെ കാല്പാദത്തില്‍ ഞാന്‍ എന്റെ പാദങ്ങള്‍ ചേര്‍ത്തു വെച്ചു. വാഴക്കാവരയനും കല്ലേമുട്ടിയും ഞങ്ങളുടെ കാലുകളില്‍ ചെറുതായി ഉമ്മവെച്ചു, അവള്‍ക്ക് ചെറുതായി ഇക്കിളിയായി. തണുത്തവെള്ളത്തിലും ചെറുചൂട് എനിക്കനുഭവമായി. ഞങ്ങള്‍ ഇത്തിരികൂടി ചേര്‍ന്നിരുന്നു. ഞാന്‍ പതുക്കെ എന്റെ കൈ അവളുടെ കൈമുട്ടിനകത്തു കൂടി എടുത്ത് കരങ്ങള്‍ ചേര്‍ത്തു പിടിച്ചു. ഞങ്ങളുടെ രണ്ടുപേരുടെയും കരങ്ങള്‍ വിറക്കുന്നുണ്ടായിരുന്നു.
വിറയാര്‍ന്ന സ്വരത്തില്‍ ഞാന്‍ അവളോട് ചോദിച്ചു, ഞാന്‍ ഒന്നു കെട്ടിപ്പിടിച്ചോട്ടെ? അവള്‍ നിലത്തേക്ക് നോക്കി തലായാട്ടി. ഞാന്‍ ഇത്തിരികൂടി ചേര്‍ന്നിരുന്ന് അവളെ പുറകില്‍ നിന്നും ഇറുകെ പുണര്‍ന്നു. മുടിയിഴകള്‍ ചെറുതായൊതുക്കി അവളുടെ പുറംകഴുത്തില്‍ വിറക്കുന്ന ചുണ്ടുകളാല്‍ ചുംബിച്ചു. മുഖത്തെ തണുത്ത വെള്ളത്തുള്ളികള്‍ക്ക് ചൂടുപിടിച്ചു. അവള്‍ കണ്ണുകളടച്ചു, ശ്വാസോഛ്വാസം ധൃതഗതിയില്‍ ആയി. ഞങ്ങള്‍ ലോകത്തെമുഴുവനായി മറക്കാന്‍ തുടങ്ങിയ സമയം, എന്തൊ ദേഹത്തേക്ക് വീണു ഞങ്ങള്‍ ഞെട്ടി.
ഒരു അണ്ണാന്‍ ഞങ്ങള്‍ ഇരിക്കുന്നതിനു മുകളിലുള്ള മാങ്കൊമ്പിലേക്ക് ചാടിയപ്പോള്‍ മാമ്പൂ താഴേക്ക് കൊഴിഞ്ഞതാണ്. പക്ഷെ സ്വപ്നലോകത്തു നിന്നും ഞങ്ങള്‍ പുറത്തായി, അവള്‍ ഷാള്‍ എടുത്തു തലയിലൂടെ ഇട്ടു. നമുക്കു പോയാലോ എന്നു ചോദിച്ചു, ഞാന്‍ മൂളി. അണ്ണാന്‍ കുഞ്ഞും തന്നാലായതു ചെയ്തു.
അങ്ങനെ ഞങ്ങള്‍ തിരിച്ചു ബൈക്കില്‍ കയറി യാത്ര തുടങ്ങി. എന്റെ പ്രണയം പറയാനായി വന്ന ഞാനും, പ്രാക്ടിക്കലായി ബുദ്ധിമുട്ടുകളുള്ള പ്രണയം വേണ്ടാ എന്നു പറയാനുള്ള തയ്യാറെടുപ്പില്‍ വന്ന എന്റെ മിന്നുവും ഒന്നും പറയാതെ തിരിച്ചു പോന്നു. എന്തോ രണ്ടുപേര്‍ക്കും ഒന്നും പറയേണ്ടിവന്നില്ല. എങ്കിലും അവളുടെ കൈ എന്നെ ചുറ്റിപിടിച്ചിരുന്നു അപ്പോളും.
തിരിച്ചു പാലായില്‍ എത്തിയ ഞങ്ങള്‍ വീണ്ടും ഒരിക്കല്‍ കൂടി തൃപ്തി ഐസ്ക്രീം പാര്‍ലറില്‍ കയറി. ഫ്രൂട്ട് സലാഡും റോസ് മില്‍ക്കും ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ അവള്‍ പറഞ്ഞു.
നമ്മള്‍ നല്ല കൂട്ടുകാര്‍ ആയിരുന്നു, അങ്ങനെതന്നെ ആയിരിക്കാം എന്നു ആഗ്രഹിച്ചിരുന്നു. എവിടെയോ പ്രണയത്തിന്റെ ചില അലയൊളികള്‍ കണ്ടെങ്കിലും എനിക്ക് എന്നെ തന്നെ വിശ്വാസമുണ്ടായിരുന്നു. എനിക്കു വാഴക്കാവരയനെ ഇഷ്ടമാണ്, വാഴക്കാവരയന്റെ സ്നേഹത്തില്‍ വിശ്വാസവുമാണ്. പക്ഷെ വിവാഹം ജീവിതം എന്നൊക്കെ പറയുമ്പോള്‍ അതൊരു സാമൂഹിക അവസ്ഥയാണ്. കുടുംബം ബന്ധുക്കള്‍ നാട്ടുകാര്‍ ഇതെല്ലാം അതിന്റെ ഭാഗമാണ്. തീവ്രമായ ഒരു പ്രണയത്തില്‍ ഇതൊക്കെ നാമുക്ക് മറക്കാന്‍ സാധിക്കും. എന്നെങ്കിലുമൊക്കെ നഷ്ടമായ ബന്ധങ്ങല്‍ ഒക്കെ തിരിച്ചു വരുമായിരിക്കാം. പക്ഷെ എത്ര തീവ്രമാണോ നമ്മുടെ ബന്ധം അത്ര തന്നെ തീവ്രമായിരിക്കും അതു ഭേദിക്കപ്പെടുമ്പോള്‍ നമുക്കുണ്ടാകുന്ന വിരോധവും. എനിക്ക് സ്നേഹമുള്ള, എന്നെ ഒത്തിരി സ്നേഹിക്കുന്ന കുറച്ചുപേര്‍ ഉണ്ട്. അതു പോലെ വാഴക്കാവരയനും അതൊക്കെ ഉണ്ടാകും, ഒത്തിരി ഇഷ്ടപ്പെട്ട് നഷ്ടമാകാന്‍ സാധ്യതയുള്ള കുറേ ഇഷ്ടങ്ങള്‍, ബന്ധങ്ങള്‍.
പിന്നീട് പറഞ്ഞ ജീവിത വ്യാഖ്യാനങ്ങളും കാരണങ്ങളും ഒക്കെ പശ്ചാത്തല സംഗീതം പോലെ കര്‍ണപടത്തില്‍ മുഴങ്ങിയതേ ഉള്ളൂ. ആത്യന്തികമായി എനിക്ക് എന്റെ മിന്നുവിനെ നഷ്ടപ്പെടുന്നു എന്ന സത്യം എനിക്കു മനസിലായി.
ഞാന്‍ ചോദിച്ചു, “എന്നെ ഇഷ്ടപ്പെടാന്‍ പേടിയാണോ നിനക്ക്?“
അവള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല, എന്റെ കരങ്ങളില്‍ അവള്‍ മുറുകെ പിടിച്ചു. ടേബിള്‍ ഫാനിന്റെ കാറ്റില്‍ പെട്ട് കണ്ണിലെ നനവും വറ്റി. ആദ്യമായി ഫ്രൂട്ട് സലാഡിന് രുചി തോന്നിയില്ല.
ജീവിതത്തില്‍ സംഭവിക്കേണ്ടതേ സംഭവിക്കൂ. അവളുടെ നെഞ്ചില്‍ വീണ മാമ്പൂ ഒരു നിമിത്തമായതാവാം.
എന്റെ മനസു പറഞ്ഞു...
നാം നട്ടു വെള്ളം തൂവിയ വെള്ളരി വള്ളികള്‍ പട്ടു പോയി
കളിവീട് തകര്‍ന്നുപോയി, സ്വര്‍ണ്ണകൂട്ടിലെ തത്തമ്മ പറന്നുപോയി
എങ്കിലും നീയറിഞ്ഞോ, പുസ്തകത്താളുകള്‍ക്കിടയില്‍
ഞാനൊളിപ്പിച്ചിട്ടുണ്ട്, ഒരു കുഞ്ഞുമയില്‍ പീലി
ഒരായിരം കുഞ്ഞുങ്ങളുമായി വരുന്നത് കാത്ത്.....
13 comments:
ചുമ്മാ രാവിലെ ഭയങ്കരമായി പ്രണയം ഒഴുകിവന്നു. അതിനെ ഇങ്ങനെ ഒരു കൊച്ചു തോട്ടിലേക്ക് ഒഴുക്കിവിട്ടു. പൈങ്കിളി ആണെന്നു മാത്രം പറയരുതേ...
വാലന്റൈൻസിന്റെ അന്ന് ഭാര്യയെ കുറിച്ചെഴുതിയ ലേഖനം എനിക്ക് വളരെ ഇഷ്ടപെട്ടു. എന്നിട്ട് ഞാനതിൽ ചില വാചകങ്ങൾ ജി ടാൽക്കിൽ ഇട്ടു. ഇപ്പോൾ ഇതും ഇഷ്ടപെട്ടു.
പൈങ്കിളി ആണെന്നു പറയുന്നില്ല! പിന്നെ ഏതായാലും തോട്ടിലേക്ക് ഒഴുക്കന്‍ തുടങ്ങിയതല്ലേ.. പോരട്ടെ അങ്ങനെ പോരട്ടെ
വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്, കുറേ പഴയകാലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു എന്നത് ഒരു രഹസ്യം :-)
അന്നൊക്കെ മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നത് എത്ര നന്നായി അല്ലേ. ആ മാരണം ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ ഈ പ്രണയം ഇത്ര ഓര്‍മ്മികത്തക്കതാകുമായിരുന്നില്ല, ഇത്ര ഉദ്വേഗജനകവും നിറമേറിയതുമായ രംഗങ്ങളില്ലാത്തതും ആവുമായിരുന്നു അത്, ശരിയല്ലേ വാഴേ?
തോട്ടഇലേക്ക് ഒഴുക്കാന്‍ തുടങ്ങിയതല്ലെ...അങ്ങനെതന്നെ നടക്കട്ടെ.
വളരെ മനോഹരമായ പ്രണയം തുളുമ്പി നില്‍ക്കുന്ന ഒരു കഥ. നന്നായി, മാഷേ
Dramatic words...Nice one...
Parayathinte ella lola bhavangalum ulla oru katha.
pranayikan kothi avunnu...
നല്ല പോസ്റ്റ് - എഴുത്ത് നന്നായി. ഇനിയും എഴുതുക - ആശംസകള്‍
Pranayam ....very nice ...but..some where...Hot.
ഞാനിവിടെ ആദ്യായിട്ടാ...അവതരണ ശൈലിയും കഥയും നല്ല രസായിട്ട് എഴുതീട്ടുണ്ട്...
അണ്ണാന്‍ കുഞ്ഞും തന്നാലായതു ചെയ്തു .... ഈ കഥയിലെ ഏറ്റവും ശ്രധിക്കപ്പെടെണ്ടതും എന്നാല്‍ മറ്റാരും ശ്രദ്ധിക്കാതെ പോയതുമായ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട വരിയാണിത്....
ഇത്തിരി നഷ്ട്ടബോധം ഒളിഞ്ഞിരിപ്പില്ലേ അതില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...... എന്നാല്‍ കാര്യം നര്‍മത്തിലൂടെ പറയുകയും ചെയ്തു...... നന്നായി..... ലേശം "കളര്‍" മാറുന്നില്ലേ എന്നൊരു തോന്നല്‍...... എന്ന് കരുതി അത് നിര്‍ത്തണം എന്നല്ല... സത്യം പറഞ്ഞാല്‍ എല്ലാവരും അതാസ്വതിക്കുന്നുണ്ട്. .. (പരസ്യമായി സമ്മതിക്കില്ലെങ്കിലും , രഹസ്യമായെങ്കിലും 'ഞാനടക്കം')
നന്നായി അതും നര്‍മ്മം കലര്‍ത്തി പറയാനുള്ള കഴിവിനെ സംമാടിചിരിക്കുന്നു..... ആശംസകള്‍...... തുടര്‍ന്നും പ്രതീക്ഷിക്കുന്നു..... അല്ല ........... കാത്തിരിക്കുന്നു.... പുതിയ 'വര്തമാനങ്ങല്കായി'.....
ഒരുപാട് പൈങ്കിളികള്‍ നിറഞ്ഞതാണ് നമ്മുടെയൊക്കെ ജീവിതം. എല്ലാ പൈങ്കിളികളും പറന്നു പോയ ആകാശം എന്തിനു കൊളളാമെന്ന്‍ ബാബു ഭരദ്വാജ് എപ്പോഴോ എഴുതിയത ഓര്‍ക്കുന്നു. പോസ്റ്റ് നന്നായിരിക്കുന്നു.
Post a Comment