ഞാനൊരു പാവം പാലാക്കാരന്‍

കളിവണ്ടി

>> Tuesday, March 9, 2010

എന്റെ മക്കളും എന്നെ പോലെ തന്നെ വണ്ടി ഭ്രാന്തന്മാരും സാഹസിക കുതുകികളും പ്രേമികളും ആണെന്നറിഞ്ഞപ്പോള്‍ എന്റെ മനസ് കുഞ്ഞുപ്രായത്തിലേക്ക് വീണ്ടും ഒന്നു പോയി. അല്ലേലും പണിയും പരിപാടിയും ഒന്നുമില്ലാത്തപ്പോള്‍ ഇതൊക്കെ തന്നെയല്ലേ പണി. ഇന്നത്തെപ്പോലെ കളിപ്പാട്ടങ്ങളോ റിമോട്ട് കാറുകളോ ഒന്നും ഇല്ലാതിരുന്ന അന്നും നമ്മള്‍ പലതരം കളിപ്പാട്ടങ്ങള്‍ പ്രകൃതിയില്‍ നിന്നും അല്ലാതെയും ഉണ്ടാക്കി കളിച്ചിരുന്നു.

ആദ്യകാലത്തെ ഓര്‍മ്മ ഞങ്ങളെ പാളയില്‍ കയറ്റി വലിച്ചു കൊണ്ടു പോകുന്ന ചാച്ചയേയും മുടിയെല്ലാം വെളുത്തിരുന്ന ഞങ്ങളുടെ എളാമ്മച്ചി എന്ന അമ്മൂമ്മയെയാണ്. ഒറ്റക്കും പെട്ടക്കും ബൈക്കില്‍ ഇരുന്നു പോകുന്ന സുഖത്തില്‍ ആ പാളയില്‍ ഇരിക്കുമ്പോളുള്ള മൂട്ടിലെ ആ തരിതരിപ്പ് ഇന്നും ഫീല്‍ ചെയ്യുന്നു. പുതിയ ഇലക്ട്രിക് കാറുകളും സൈക്കിളും ഒക്കെ വന്നെങ്കിലും എന്റെ മക്കളും പാളയില്‍ ഇരുന്നുള്ള യാത്ര ഒരിക്കലെങ്കിലും അനുഭവിച്ചത് അവരുടെ ഭാഗ്യം. പിന്നെ ചാച്ച വാങ്ങി തന്നു ഒരു മുച്ചക്ര സൈക്കിള്‍. അമ്മവീട്ടിലെ ജീവിതത്തില്‍ ആ സൈക്കിളില്‍ കയറി വീട്ടിലേക്കുള്ള വഴിയിലെ ഇറക്കത്തില്‍ കാലൊക്കെ പൊക്കി പിടിച്ചുള്ള ആ പോക്ക്, ഇടക്കുള്ള വീഴ്ചകള്‍, അതു ടാറിട്ട റോഡില്‍ ഓടിക്കാനുള്ള കൊതി, അതിനു ശ്രമിച്ചപ്പോള്‍ കിട്ടിയ അടി,പിന്നീടെപ്പോളോ വലുതായിക്കഴിഞ്ഞ് അത് ആക്രിക്കാരനു വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വേണ്ടെന്നു കെഞ്ചിയത് എല്ലാമെല്ലാം ഇന്നും നിറം പിടിച്ച ഓര്‍മ്മകള്‍.


രണ്ടു വെള്ളക്കായ് എടുത്ത് അതില്‍ ഈര്‍ക്കിലി കോര്‍ത്ത് അതില്‍ ഒരു കവലയുള്ള റബര്‍ക്കമ്പ് കുത്തി ഓടിച്ചിരുന്ന വണ്ടി കാലക്രമേണ വെള്ളക്കായ്ക്കു പകരം റബര്‍ച്ചെരുപ്പ് വട്ടത്തില്‍ മുറിച്ചതിനു വഴിമാറി. ദൂരദര്‍ശനിലെ വേള്‍ഡ് ഓഫ് സ്പോര്‍ട്സ് കണ്ട് ബൈക്ക് ജമ്പിങും കുത്തിയൊഴുകുന്ന ആറ്റിലെ റബര്‍ബോട്ട് യാത്രയുമൊക്കെ ഞങ്ങളുടെ സ്വപ്നങ്ങളായി. ഒടിഞ്ഞ റബര്‍ മരത്തിന്റെ തടിയില്‍ കയറിയിരുന്ന് അതു കുലുക്കിയും ഇടക്ക് അതില്‍ നിന്നും മറിഞ്ഞുവീണും സാഹസിക ബോട്ട് യാത്ര ഞങ്ങള്‍ ആസ്വദിച്ചു. വലുതായപ്പോള്‍ വാഴപ്പിണ്ടിയില്‍ കാപ്പിക്കമ്പു കുത്തിക്കയറ്റിയുണ്ടാക്കിയ ചങ്ങാടത്തില്‍ തോട്ടിലൂടെയും അതു പരീക്ഷിച്ചു. റബര്‍ത്തോട്ടത്തിലെ നടവഴിയില്‍ കൂടി വളഞ്ഞും പുളഞ്ഞും ഓടി ബൈക്കു യാത്ര ആസ്വദിച്ചു, കയ്യാലകള്‍ പൊങ്ങിച്ചാടി സ്ലോമോഷനില്‍ ബൈക്ക് ജമ്പ് ചെയ്യിക്കുന്ന സുഖം അനുഭവിച്ചു. ഇത്തിരി വലുതായപ്പോള്‍ ഇഷ്ടിക വച്ച് ഒരു സൈഡ് പൊക്കിയ പലകയില്‍ കൂടി സൈക്കിള്‍ ചാടിച്ചും.


അന്നത്തെ ഏറ്റവും വലിയ ആഗ്രഹം കാളവണ്ടിയുടെ എന്തോ ഒരു വീലുപോലെയുള്ള സാധനം ആയിരുന്നു. ഒരു കമ്പിന്റെ അറ്റത്തു വളഞ്ഞ ഒരു കമ്പി ഫിറ്റുചെയ്ത് ഒരു ആകര്‍ഷകമായ സ്വരത്തില്‍ നല്ല കണ്ട്രോളില്‍ ഓടിക്കവുന്ന ഒരു വണ്ടിച്ചക്രമായിരുന്നു അത്. അതൊരു സ്വപ്നമായി അവശേഷിച്ചെങ്കിലും ജീപിന്റെ ഒരു പഴയ ടയര്‍ കൊടുത്ത് പകരം സൈക്കിളിന്റെ ടയറൊരെണ്ണം രാജുമോന്റെകയ്യില്‍ നിന്നും വാങ്ങി. അതാകുമ്പോള്‍ കമ്പുകൊണ്ട് അടിച്ചോടിക്കാന്‍ എളുപ്പമാണ്, ജീപ്പിന്റെ ടയര്‍ ഭയങ്കര പ്രശ്നക്കാരനായിരുന്നു. കയ്യാലകള്‍ ചാടിച്ച് ഓടിച്ചിരുന്ന ഒരിക്കല്‍ കുലച്ചു നിന്ന ഒരു വാഴ മറിച്ചിട്ടതിനു വല്യപ്പന്റെ അടി കിട്ടിയതില്‍ പിന്നെ ജീപ്പിന്റെ ടയര്‍ ഞങ്ങള്‍ക്ക് അത്രക്കങ്ങട് പിടിത്തം ഇല്ല. മാത്രവുമല്ല കണ്ട്രോള്‍ ചെയ്യാന്‍ വലിയ പാടാണ്.

മുറ്റത്തെ മണലില്‍ കാല്പാദം കൊണ്ട് വഴിയുണ്ടാക്കി പെരുന്നാളിനു കിട്ടുന്ന കുഞ്ഞു പ്ലാസ്റ്റിക് വണ്ടികള്‍ ചാക്കുനൂലില്‍ കെട്ടി വലിച്ചുകൊണ്ടു നടക്കാനായിരുന്നു എറ്റവും രസം. വളഞ്ഞുപുളഞ്ഞ വഴികളും കുഞ്ഞു കയറ്റങ്ങളും ഇറക്കങ്ങളും എല്ലാം നമ്മുടെ ഭാവനക്കനുസരിച്ചു ഉണ്ടാക്കമല്ലോ. ജീപ്പിന്റെയും കാറിന്റെയും സൌണ്ട് ഉണ്ടാക്കാന്‍ പാടായതു കൊണ്ട് സാധാരണ ബുള്ളറ്റ് യെസ്ഡി തുടങ്ങിയ ബൈക്കുകളും ലൈലന്റ് റ്റാറ്റാ ബസുകളുമായിരുന്നു നമ്മുടെ ഫേവറിറ്റ് വാഹനങ്ങള്‍. ജീപ്പിന്റെ പഴയ ഫാന്‍ബെല്‍റ്റ്, പൊട്ടിയ അരിപ്പ, ബേയ്സണ്‍, ബക്കറ്റിന്റെ അടപ്പ് എന്നതെല്ലാം നമുക്കു സ്റ്റിയറിങ് ആകും.

കൂട്ടുകാരന്‍ നായര്‍ സാബ് എന്നിപ്പോള്‍ അറിയപ്പെടുന്ന രാജേഷ് ആണ് പുതിയ ഒരു ഐഡിയ പറഞ്ഞു തന്നത്. ജനല്‍ പകുതി തുറന്നു വെക്കാനുള്ള കൊളുത്തില്‍ ബക്കറ്റിന്റെ അടപ്പു വെച്ച് സ്റ്റിയറിങ്ങാക്കി, ചെരുപ്പ്, വളഞ്ഞ കമ്പ് മുതലായവ ഉപയോഗിച്ച് ബസ് ഓടിക്കനുള്ള വിദ്യ. അവന്‍ അങ്ങനെ തിരുവനന്തപുരം വരെ ബസ് ഓടിച്ചുവത്രേ, അഞ്ചു മണിക്കൂര്‍. ഞാനും വിട്ടില്ല, ഒരു ബക്കറ്റിന്റെ അടപ്പെടുത്ത് ജനലിന്റെ പാതി തുറന്നു വെക്കാനുള്ള കൊളുത്തില്‍ വെച്ചു. ഒരു വലിയ റബര്‍ ചെരുപ്പ് തിരിച്ചിട്ട് ആക്സലറേറ്റര്‍ ആക്കി. ചെറിയ റബര്‍ ചെരുപ്പിന്റെ അടിയില്‍ റബറിന്റെ ചിരട്ടപ്പാല്‍ വെച്ച് ക്ലച്ചും ബ്രേക്കും ഉണ്ടാക്കി. വളഞ്ഞ കാപ്പികമ്പിന്റെ അറ്റത്ത് പേരക്കാ കുത്തിവെച്ച് ലൈലന്‍ഡ് ബസിന്റെ ഗിയറും ഉണ്ടാക്കി. അടൂത്ത ജനലിന്റെ കൊളുത്ത് ബസിന്റെ ഹോണും ആക്കി പിന്നെ ഒറ്റ പിടിപ്പീരായിരുന്നു, എര്‍ണാകുളത്തേക്ക്. പാലാ, കുറവിലങ്ങാട്, കടുത്തുരുത്തി, വൈക്കം വഴി ഒരു രണ്ടു മണിക്കൂര്‍ നീണ്ട ഓടിക്കല്‍. ആരേലും ഇറങ്ങാനുണ്ടേല്‍ ഇറങ്ങിക്കൊ ഏതേലും ഡാഷ്മോന്‍ കേറാനുണ്ടേല്‍ കേറിക്കൊ എന്നൊക്കെ പറഞ്ഞാണ് ഓടിക്കല്‍, കാരണം വണ്ടി നിര്‍ത്തി ഇടുന്നത് നമുക്കിഷ്ടമല്ലല്ലോ.

ഇതൊന്നും ഒരിക്കലും തീരാത്ത ആഗ്രഹങ്ങള്‍ ആയിരിക്കാം, എന്നും പുതിയ മേച്ചില്പുറങ്ങള്‍ തേടുന്ന ഇഷ്ടങ്ങള്‍. സഫലീകരിക്കുന്നതനുസരിച്ച് കൂടുന്ന ആഗ്രഹങ്ങള്‍.

ഇനിയും ലിമിറ്റഡ് സ്റ്റോപ് പ്രൈവറ്റ് ബസോ, കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റോ ഓടിക്കണം എന്ന ആഗ്രഹം പെന്‍ഡിങ്.

2 comments:

ശ്രീ March 9, 2010 at 12:21 PM  

പഴയകാല ഓര്‍മ്മകളും പുതിയ മോഹങ്ങളും പങ്കുവച്ചുകൊണ്ടുള്ള ഈ പോസ്റ്റും ഇഷ്ടമായി.

കമ്പിന്റെ അറ്റത്തു വളഞ്ഞ ഒരു കമ്പി ഫിറ്റു ചെയ്ത് കിരുകിരെന്നനെയുള്ള ആ ആകര്‍ഷകമായ സ്വരമുണ്ടാക്കുന്ന വണ്ടിച്ചക്രം ഒരുകാലത്ത് എന്റെയും സ്വപ്നമായിരുന്നു (നടന്നിട്ടില്ലെങ്കിലും)

എറക്കാടൻ / Erakkadan March 9, 2010 at 1:15 PM  

രസകരമായ ഒരു റീമിക്സ്‌ പോലെ തോന്നി..

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP