ഞാനൊരു പാവം പാലാക്കാരന്‍

കുട്ടേട്ടന്‍

>> Sunday, March 28, 2010

ഞങ്ങളുടെ നാട്ടിലെ ഒരു ശരാശരി കര്‍ഷകനാണ് കുട്ടേട്ടന്‍. ഏകദേശം ഒരു അമ്പതു വയസ്, പ്രീഡിഗ്രീ വരെയൊക്കെ വിദ്യാഭ്യാസവും ഉണ്ട്. ഭാര്യയും രണ്ടാണ്മക്കളും ഒരു പെണ്ണും അടങ്ങിയ സന്തുഷ്ട കുടുംബം. അഞ്ചേക്കര്‍ റബര്‍ തോട്ടവും, പിന്നെ ഒരു രണ്ടേക്കറില്‍ പരന്നുകിടക്കുന്ന വിവിധ ഫലവൃക്ഷങ്ങളും കല്പവൃക്ഷങ്ങളും അടങ്ങിയ ഒരു കൊച്ചു കര്‍ഷകന്‍. പോരാത്തതിന് ആട്, പശു, പട്ടി, കോഴി, താറാവു തുടങ്ങിയ ഫല-കല്പ മൃഗങ്ങളും. ഒരു കറതീര്‍ന്ന കര്‍ഷകന്‍ ആയ കുട്ടേട്ടന്‍ അതിരാവിലെ നാലുമണിക്ക് എണീക്കും. വെട്ടുകാരന്റെ മുന്നിലായി ഓരോ മരത്തിന്റെയും ചുവട്ടിലൂടെ ആദ്യം ചെന്ന് ചിരട്ടയൊക്കെ നേരെ വെച്ച് മരത്തെ ഒന്നു തലോടും, കറക്കുന്നതിനു മുമ്പ് പശുവിന്റെ അകിടില്‍ വെള്ളമൊഴിച്ച് തടവുന്നപോലെ. ആ തലോടലിന്റെ സുഖത്തില്‍ ചുരത്തുന്നതാണോ എന്നറിയില്ല, നൂറ്റഞ്ചും മുന്നൂറ്റിപതിനൊന്നും അടങ്ങിയ പഴയമരങ്ങള്‍ നന്നായി പാലു കൊടുത്തിരുന്നു. വെട്ടുകാരന്‍ തലേന്നത്തെ കള്ളിന്റെയും കള്ളത്തരത്തിന്റെയും ഹാങ് ഓവറില്‍ റബറിന്റെ പട്ടയിലെങ്ങാനും അറിയാതെ കത്തി കൊള്ളിച്ചാല്‍ കുട്ടേട്ടന്റെ വിധം മാറും, ബാര്‍ബര്‍ ഷേവ് ചെയ്യുന്നപോലെ ഓരോ വലിക്കും ശേഷം ഒന്നു തൂത്തി വിടണം എന്നതാണ് പുള്ളിക്കാരന്റെ പോളീസി. ബാര്‍ബര്‍ ഷോപ്പിലെ ടര്‍ക്കി പോലെ എല്ലാ റബറിന്റെയും പട്ട ഒന്നു തൂത്തു വിടാന്‍ ഒരു തോര്‍ത്ത് കുട്ടേട്ടനും വെട്ടുകാരന് കൊടുത്തിട്ടുണ്ട്.


കൊതുകിന്റെയും പ്രാണികളുടെയും ഒക്കെ ശല്യം ഒഴിവാക്കാനായി പണ്ടൊക്കെ ചകിരിത്തൊണ്ടില്‍ കനലും കര്‍പ്പൂരവും ഇട്ടു കത്തിച്ചു പുകക്കുന്ന പതിവുണ്ടായിരുന്നു അന്നു നാട്ടില്‍. പക്ഷെ രാത്രിയില്‍ ഭാര്യ അതികമായി നല്‍കുന്ന പഞ്ചാര റബര്‍ത്തോട്ടത്തിലെ കണ്ട കൊതുകിനും മിന്തിനും കൊടുക്കാതിരിക്കാനായി കുട്ടേട്ടന്‍ ബീഡി വലിച്ചു പുക വിട്ടുകൊണ്ടേ ഇരിക്കും, പഴയ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാര്‍ട്ടാക്കുന്ന പോലെ. അല്ലേല്‍ തന്നെ ചകിരിയും കുന്തിരിക്കവും ഒക്കെയായി ആരേലും കറക്കാന്‍ പോകുവോ, അതിപ്പോള്‍ പശുവായാലും റബറായാലും.

കാര്യം അപാര ധൈര്യവാനാണെങ്കിലും പാമ്പിനെ നല്ല പേടിയുള്ളതു കൊണ്ട് അള്‍സേഷന്‍ നാടന്‍ ക്രോസ് ആയ ടിപ്പുവും ഒരു സുല്‍ത്താനേപോലെ കുട്ടേട്ടന്റെ കൂടെയുണ്ടാവും. കറുത്ത ശൂരനായ ടിപ്പുവിനെ കുട്ടേട്ടന്റെ മകള്‍ മിനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് അവള്‍ക്ക് ഓമനിക്കാന്‍ ഒരു പൊമറേനിയന്‍ നായക്കുട്ടിയും ഉണ്ട്, ബിജു എന്നാണ് പേര്. ഇപ്പോള്‍ ഡിഗ്രീ കഴിഞ്ഞ് കല്യാണ ആലോചനയുമായി ബിസ്കറ്റും ലഡുവും കൊടുത്ത് കഴിയുന്നെങ്കിലും പണ്ട് നേഴ്സറിയില്‍ പഠിച്ച കാലത്ത് അവള്‍ക്കൊരു ചുവന്ന നാരങ്ങാമുട്ടായി കൊടുത്ത പുലിതൂക്കിലെ ബിജുവിന്റെ ഓര്‍മ്മക്കാണ് പൊമറേനിയന്‍ പട്ടിക്ക് അവള്‍ ആ പേരിട്ടത്. കുടത്തിനകത്തെ തൈരു കയറില്‍ കെട്ടിയ വടിയില്‍ ശൂര്‍ ശൂര്‍ എന്ന് കടഞ്ഞു നെയ്യാക്കുന്നതു പോലെ സൌദിയില്‍ ഒരു എണ്ണക്കമ്പനിയില്‍ കടലില്‍ നിന്നും എണ്ണ ആട്ടിയെടുക്കുന്ന പാവം ബിജു അറിയുന്നുണ്ടോ ഇവിടെ മിനി ഇങ്ങനെ വേറൊരു ബിജുവിനെ കെട്ടിപ്പിടിച്ച് കിടക്കുന്നത്?

ആണുങ്ങള്‍ ഇരുപത്തഞ്ചും ഇരുപത്തെട്ടും വയസായ നല്ല കടാമുട്ടന്മാര്‍. ബി എ, ബി ക്കോം എന്നിവയാണ് യഥാക്രമം പഠിച്ചതെങ്കിലും അവര്‍ക്കു പ്രിയം ബിയും കോമും ഇല്ലാത്ത എ ആണ്. അതുകൊണ്ട് രാത്രിയില്‍ നായാട്ടിനു പോകും. ഒന്നിച്ചിറങ്ങുമെങ്കിലും രണ്ടുപേരും രണ്ടുവഴിക്കേ പോകൂ. മൂത്തവന്‍ എയര്‍ഗണ്ണും രണ്ടാമന്‍ നാടന്‍ തോക്കും ആണ് ഉപയോഗം.ആ പ്രദേശങ്ങളിലുള്ള ഏതെങ്കിലും പറമ്പില്‍ കയറിയിറങ്ങി അവസാനം തളര്‍ന്ന് ഒന്നോ രണ്ടോ കാക്കയോ കൊറ്റിയോ ഒക്കെയായി അവര്‍ മൂന്നാം യാമത്തില്‍ വീട്ടില്‍ വരും. ചിലപ്പോള്‍ കാട്ടുകോഴിടെ മുട്ടയോ കാട്ടു കാടപ്പക്ഷിയോ ഒക്കെയാണ് അവര്‍ക്കു കിട്ടുന്നതത്രേ. എന്തായാലും വെടിവെച്ചതിന്റെ ക്ഷീണം മാറ്റാന്‍ അവര്‍ അപ്പോള്‍ തന്നെ കൊണ്ടുവന്ന പക്ഷിയെ വറുത്ത് ലേശം നിറം മാറിയ ജലത്തോടൊപ്പം സേവിക്കുന്നതിനാല്‍ രാവിലെ താമസിച്ചേ എണീക്കാറുള്ളൂ.

കുട്ടേട്ടന്റെ ഭാര്യ ലീല പക്ഷെ രാവിലെ ഭര്‍ത്താവിന്റെ ഒപ്പം എണീക്കും, വീട്ടിലെ പണിക്കാരന്‍ പാണ്ടിയെ വിളിച്ചെഴുന്നേല്‍പ്പിച്ച് പശുവിനെ കറക്കാന്‍ പറഞ്ഞുവിട്ടിട്ട് ലീലാമ്മ ആടിനെ കറക്കും. വെട്ടുകഴിഞ്ഞു വരുന്ന കുട്ടേട്ടന് പഞ്ചാര ചേര്‍ക്കാത്ത ഇളം ചൂടുള്ള ആട്ടിന്‍ പാല്‍. ഒത്തിരി മധുരം കൊടുത്താല്‍ ഷുഗര്‍ കൂടിയാലോ? ഓമനിച്ചു വളര്‍ത്തിയ പെണ്‍കൊച്ചാണെങ്കിലും കല്യാണത്തിനു മുമ്പായി വല്ലോം ഉണ്ടാക്കാന്‍ പഠിക്കട്ടെ എന്നു കരുതി ഹോം സയന്‍സിനു വിട്ട മിനി കാരണം കുട്ടേട്ടന്റെ പ്രാതല്‍ ഒക്കെ ഇപ്പോള്‍ കഷ്ടത്തിലാണ്. എങ്കിലും പണിക്കാര്‍ക്കു ഉണ്ടാക്കുന്ന ഉണക്കക്കപ്പ പച്ചമീന്‍ കറി അല്ലെങ്കില്‍ പച്ചക്കപ്പ ഉണക്കമീന്‍ കറി ഇതൊക്കെ മകള്‍ കാണാതെ ഇത്തിരി ശാപ്പിട്ട് കുട്ടേട്ടന്‍ പതുക്കെ മകളുടെ ന്യൂഡ് ഇത്സ്, പിസ് സ്സാ, അച്ചപ്പം അമ്മയപ്പം, അവലോസ് ഉണ്ടാ, തേങ്ങാപ്പീര ഇതൊക്കെ ടേസ്റ്റ് ചെയ്ത് ഫന്റാസ്റ്റിക്, മാര്‍വെലസ്, അര വെലസ് എന്നൊക്കെ പറഞ്ഞ് കോമ്പ്ലിമെന്റാക്കും. മോശമാണെന്നു പറഞ്ഞതിനു അവള്‍ ഒരിക്കല്‍ പറഞ്ഞു അപ്പനു വിവരം ഇല്ലാഞ്ഞിട്ടാണ്, ഇതിനകത്ത് പ്രോട്ടീന്‍ നൂറ്റമ്പതും വിറ്റാമിന്‍ അഞ്ഞൂറും ഒക്കെയുണ്ടെന്ന്. വെറുതെ എന്തിനാ പാടുപെട്ടു വളര്‍ത്തി അവരുടെ വായില്‍ നിന്നു തന്നെ നമ്മള്‍ വിവരമില്ലാത്തവനാണ് എന്ന് കേല്‍ക്കുന്നത്. ടിപ്പു പോയിട്ട് അവള്‍ടെ ബിജു പോലും ഒരു കഷണം മുറിച്ചു കൊടുത്താല്‍ കടിച്ചു കൊണ്ടുപോയി പറമ്പില്‍ ഇടും, പിന്നാ നമ്മള്‍ കഴിക്കുന്നത്. അല്ലേലും അവള്‍ടെ ഇഷ്ടം എല്ലാം കുട്ടേട്ടന്റെ എതിരാണ്. അവല്‍ക്ക് കൈനറ്റിക് ഹോണ്ടാ വാങ്ങാന്‍ നേരം വെളുത്ത കളര്‍ മതി എന്ന് കുട്ടേട്ടന്‍ പറഞ്ഞപ്പോള്‍ കറുപ്പിന് ഏഴഴക് എന്ന് പറഞ്ഞ് അവള്‍ കറുത്ത വണ്ടി വാങ്ങി. എന്നാല്‍ പുതിയ മാരുതി സെന്‍ വാങ്ങിയപ്പോള്‍ ഏഴഴകിന്റെ കാര്യം പറഞ്ഞ മിനിയെ ബാക്കി തൊന്നൂറ്റിമൂന്ന് അഴകും വെളുപ്പിനാന്നും പറഞ്ഞ് എന്തായാലും വെളുത്ത കാര്‍ തന്നെ വാങ്ങി.

അങ്ങനെ മിക്കവാറും ഇവളെ കെട്ടാന്‍ പോകുന്ന ചെറുക്കന്റെ കാലക്കേടോര്‍ത്ത് അടുത്ത ട്രിപ് പണിക്കായി പറമ്പിലേക്കിറങ്ങും.ചൂടുകാലമാണെങ്കില്‍ ജാതിയുടെ ചുവട്ടില്‍ വാഴപ്പിണ്ടി മുറിച്ചുട്ട് ഇത്തിരി വെള്ളം ഒക്കെ ഒഴിച്ചു കൊടുത്ത് കൊഴിഞ്ഞു വീണ ജാതിക്കായും പെറുക്കി, വല്ല വരിക്ക ചക്കയും ഉണ്ടെങ്കില്‍ കയറുകെട്ടി പഴുപ്പിക്കാനായി ഇറക്കി വെക്കും. നാലുമണിക്ക് കഴിക്കാനായി വല്ല പച്ച ചക്കയോ ചേനയോ ചേമ്പോ ഒക്കെ പറിച്ച് ഉച്ചക്ക് വന്ന് കുശാലായി ഊണും കഴിഞ്ഞ് ഒന്ന് മയങ്ങും. മക്കളാരും ഇല്ലെങ്കില്‍ ലീലാമ്മ ഒരിത്തി പഞ്ചാര കൂടി കുട്ടേട്ടനു കൊടുക്കും. നാലുമണിക്ക് എഴുന്നേറ്റ് മേല്പറഞ്ഞ കായ്ഫലങ്ങളില്‍ എന്തെങ്കിലും കാന്താരിയും ഉള്ളിയും ഉപ്പും കൂടി പൊട്ടിച്ച ചമ്മന്തി കൂട്ടി അടിക്കും, അല്ലെങ്കില്‍ ഏത്തപ്പഴം ചുട്ടത് തേങ്ങാപ്പിര കൂട്ടി കഴിച്ച് ഒരു കടുംകാപ്പിയും കുടിച്ച് കവലക്കിറങ്ങും. നാട്ടുകാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും കര്‍ഷകന്റെ വേദന പങ്കിടാനും വിലവിവരങ്ങള്‍ അറിയാനും ഒക്കെയാണ് ഈ ഇറക്കം. ആരോടും യാതൊരു പിണക്കവും ഇല്ലാത്ത ആര്‍ക്കും ഒരു ശല്യവും ചെയ്യാത്ത പൊതു സമ്മതനായ കുട്ടേട്ടനെ അന്നു ഫ്രീ ആയ ആരെങ്കിലും പൊക്കിപ്പറഞ്ഞ് കുട്ടേട്ടന്റെ ചിലവില്‍ പാലാക്കു പോയി രണ്ടെണ്ണം വീശും. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാല്‍ കുട്ടേട്ടന്‍ നന്നായി സംസാരിക്കും, സരസനാണ് അത്യാവശ്യം ചൊറിച്ചു മല്ല് തമാശകള്‍ ഒക്കെയുണ്ട് താനും. ബാറില്‍ നിന്നും മുട്ടപുഴുങ്ങിയതും അച്ചാറും മാത്രംകഴിച്ച് വീട്ടില്‍ വന്ന് ലീലാമ്മയുമായി ഇത്തിരി വര്‍ത്തമാനം ഒക്കെ പറഞ്ഞ് കഞ്ഞികുടിക്കുന്നതു കൊണ്ടും, രണ്ടെണ്ണം അടിച്ചു കഴിയുമ്പോല്‍ മദപ്പാടു വരുന്നതു കൊണ്ടും അതില്‍ ലീലാമ്മക്കും പരാതിയില്ല.

അങ്ങനെ ഒരു ദിവസം ഹോംസയന്‍സ് ക്ലാസ് കഴിഞ്ഞ് തന്റെ കൈനറ്റിക് ഹോണ്ടായില്‍ കയറി പാലാ കുരിശുപള്ളി കവലയില്‍ എത്തി അന്നു പഠിപ്പിച്ച അവലോസ് ഉണ്ടയുടെയും ഉണ്ടന്‍പൊരിയുടേയും ഷേപ്പിന്റെ കാര്യമാലോചിച്ച് സിഗ്നലിടാതെ വണ്ടിയെടുത്ത മിനിയുടെ മുമ്പില്‍ ആര്‍ത്ത നാദത്തോടേ ഒരു കറുത്ത സ്കോര്‍പ്പിയോ നിര്‍ത്തി. ആരുടെ എവിടെ നോക്കിയാടാ വണ്ടിയെടുക്കുന്നേ എന്നലറിയ കൂളിങ് ഗ്ലാസുവെച്ച ചെറുപ്പക്കാരന്‍ ഹെല്‍മറ്റ് ഊരുന്ന മിനിയെ കണ്ടപ്പോള്‍ സ്തബ്ദനായി, ബോംബെ സിനിമയില്‍ കാറ്റത്തു മുഖപടം മാറിയ മനീഷ കൊയ് രാളയെ കണ്ട അരവിന്ദ് സ്വാമിയെ പോലെ. മിനിയുടെ മനസില്‍ ഉലത്താന്‍ വെച്ചിരുന്ന എണ്ണയില്‍ കടുകു പൊട്ടി. ഈന്തപ്പഴവും കാഷ്യൂനട്ടും കഴിച്ച് കടലിലെ തിരയും പെട്രോളിന്റെ മണവും അടിച്ചിരുന്ന ബിജുവിന്റെ മനസില്‍ ചക്കപ്പഴത്തിന്റെയും പാളേങ്കോടന്‍ പഴത്തിന്റെയും മണമെത്തി.

വഴീടെ നടുക്കുനിന്നാണോടാ പഞ്ചാരയടി എന്ന് ആക്രോശിച്ച ഓട്ടോക്കാരനെ വറുതെ ചുമ്മാ എന്നു കണ്ണു കാണിച്ചിട്ട് ബിജു മിനിയെ സുരക്ഷിതയായി വീടിന്റെ വാതില്‍ക്കല്‍ വരെ ഫോളോ ചെയ്തു. പിന്നിടുള്ള ക്ലാസുകളില്‍ മിനി അവലോസുണ്ടയുടെ കാര്യങ്ങള്‍ മറന്നു, നാരങ്ങാമുട്ടയിക്കു പകരം ലെമണ്‍ റൈസ് ഉണ്ടാക്കി തരാം എന്നു അവള്‍ ബിജുവിനോട് പറഞ്ഞു. അന്നു തന്ന ഉമ്മക്കു പകരം ഞാന്‍ പെറോട്ടാ കൊഴക്കുന്ന പോലെ നിന്നെയങ്ങ് കൊഴക്കാം എന്നു ബിജുവും. എന്തു പറയാന്‍, രണ്ടാഴ്ചക്കുള്ളില്‍ പറമ്പിലെ നാലു ആഞ്ഞിലിത്തടി കുട്ടേട്ടന്‍ വിറ്റു. ആണ്മക്കള്‍ രണ്ടും പെങ്ങളുടെ ബാച്ചിലേര്‍സ് പാര്‍ട്ടി രണ്ടു ദിവസം നടത്തി, അവസാനം കല്യാണം അങ്ങു പൊടി പൊടിച്ചു.

വലിയൊരു ഉത്തരവാദിത്വം തീര്‍ന്ന സന്തോഷത്തില്‍ കുട്ടേട്ടന്‍ വൈകുന്നേരങ്ങളില്‍ രണ്ടെണ്ണം കൂടുതലടിച്ചു. കൂട്ടുകാരോടൊക്കെ മരുമകന്റെ സത്സ്വഭാവം പറഞ്ഞു. താന്‍ കൊടുത്തിട്ടും സ്മാള്‍ അടിക്കാതിരുന്നതിനെ പറ്റിയും, സന്ധ്യാപ്രാര്‍ഥനയില്‍ ലുത്തിനിയ ചെല്ലിയതും ഒക്കെ അഭിമാനത്തോടു കൂടി. ഈ അവുധിക്ക് ശേഷം മടങ്ങിപ്പോയാല്‍ പിന്നെ മൂന്നുമാസം ജോലി, പിന്നെയും മൂന്നുമാസം അവധി. മകളേ അപ്പോള്‍ കൊണ്ടുപോകാന്‍ പറ്റില്ല അല്ലേ എന്നു ചോദിച്ചവരോട് ഏടാ ഇടക്കൊക്കെ ഒരു ബ്രേക്ക് നല്ലതാ, ടിവി യില്‍ വരെ ഇടക്കൊക്കെ ബ്രെയ്ക് കാണുന്നില്ലേ എന്നു പറഞ്ഞ് ഇരുത്തി കുട്ടേട്ടന്‍. അങ്ങനെ സന്തോഷവാനായി റബറിനെയും ടിപ്പുവിനെയും പിന്നെ ലീലാമ്മയേയും താലോലിച്ച് രണ്ടാഴ്ച കഴിഞ്ഞു.
ഊട്ടിയും കൊടൈക്കനാലും തേനും ചന്ദ്രനും കളിക്കാന്‍ പോയ മകളും മരുമകനും തിരിച്ചു വന്നപ്പോള്‍ള്‍ മരുമകന്‍ ബിജു മിനിയെ താങ്ങിപ്പിടിച്ചു കാറില്‍ നിന്നും ഇറക്കുന്നു.ദീര്‍ഹദൂര യാത്ര ചെയ്തതിന്റെ ഫലമായി നടുവിനു വേദനയാനത്രെ. പാമ്പുകൊത്തിക്കല്‍ വൈദ്യനെ വിളിച്ച് തിരുമ്മാന്‍ ഏല്‍പ്പിച്ചു. എന്നു വൈകുന്നേരം പാലാക്കു പോയ കുട്ടേട്ടന്‍ ഇത്തിരി കൂടുതല്‍ കുടിച്ചു. കവലയില്‍ ഇരുന്ന് കൂട്ടുകാരോട് സങ്കടം പറഞ്ഞിരുപ്പോളാണ് കുട്ടേട്ടന്റെ പ്രിയ സുഹ്രുത്തും ചെറുപ്പക്കാരനും പ്രത്യുത മിനിക്ക് ഒരു നാരങ്ങാമുട്ടായി കൊടുക്കണം എന്നാഗ്രഹവുമുണ്ടായിരുന്ന കുട്ടപ്പായി എത്തിയത്. എന്തു പറ്റി കുട്ടേട്ടാ മോള്‍ക്ക് എന്ന് ചോദ്യത്തിന് കുട്ടേട്ടന്റെ മറുപടി ഇത്തിരി ഉച്ചത്തിലായി പോയി.

“ നിരന്തരമായ ലൈംഗികവേഴ്ചയുടെ അനന്തരഫലമാണീ നടുവിനു വേദന
കെട്ടിച്ചു പോയില്ലേ, വേണ്ടാ വേണ്ടാ എന്നു പറയാന്‍ പറ്റുമോ? “

3 comments:

★ Shine March 28, 2010 at 12:59 PM  

എന്റെ പേര്‌ കണ്ട്‌ വന്നൊന്നു നോക്കിയതാ..
കുഴപ്പമില്ല..മുതലായി!
നല്ല രസമുണ്ട്...

ഒഴാക്കന്‍. March 29, 2010 at 2:16 PM  

രണ്ടെണ്ണം അടിച്ചു കഴിയുമ്പോല്‍ മദപ്പാടു വരുന്നതു കൊണ്ടും?? അതെന്താ സംഭവം?

കഥ കൊള്ളാം നന്നായി വിവരിച്ചിരിക്കുന്നു എന്നാലും നീളം അല്പം കുറച്ചാല്‍ കൂടുതല്‍ നന്നാകുമായിരുന്നു

Sulfikar Manalvayal May 2, 2010 at 6:03 PM  

ഇഷ്ട്ടം കൂടി വരുന്നുട്ടോഒ..


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP